നോമ്പിന്‍റെ ആത്മീയോത്സവം

നോമ്പിന്‍റെ ആത്മീയോത്സവം

ഏ.ഡി. ആദ്യനൂറ്റാണ്ടുകളിലെ സംഘകൃതികളില്‍ 'ഇരിക്കല്‍' എന്നൊരു പ്രയോഗമുണ്ട്. ഉപവാസം എന്നാണതിനര്‍ത്ഥം. 'വടക്കിരിക്കല്‍' നടത്തി മരണം വരിച്ച ഏറെപ്പേരെ നമുക്കിവിടെ കണ്ടെത്താം. വടക്കോട്ടു തിരിഞ്ഞിരുന്നു മരണംവരെ ഉപവസിക്കലാണത്. പോരില്‍ തോറ്റ രാജാക്കന്മാരും പ്രണയം നഷ്ടപ്പെട്ട കാമുകന്മാരുമൊക്കെ ഇങ്ങനെ വടക്കിരിക്കാറുണ്ട്. തീവ്രമായ നിലപാടുകളുടേതാണീ കാലം. ഊണുറക്കങ്ങള്‍ വെടിഞ്ഞ് ഒരാശയത്തിനുവേണ്ടിയുള്ള സമര്‍പ്പണം. മനക്കരുത്ത് അതിന്‍റെ പാരമ്യത്തില്‍ ആവശ്യപ്പെടുന്ന ഒരവസ്ഥ.

വരികയാണൊരു നോമ്പുകാലം. ആഴവും വിശാലതയുമൊന്നും വലിയ നോമ്പിനോളമില്ലെങ്കിലും ചെറിയ നോ മ്പും അത്ര ചെറുതല്ല. പുല്‍ക്കൂടിനെയും നക്ഷത്രങ്ങളെയുംകുറിച്ചുള്ള ചിന്തകളാല്‍ ഓരോ ദിനവും നവമായതിനാല്‍ നോമ്പിന്‍റെ തീവ്രത തൊട്ടറിയാറില്ലെന്നു മാത്രം. ശരിയല്ലേ; സന്ധ്യാനേരങ്ങളില്‍ ഉമ്മറത്തു തെളിയുന്ന താരത്തെളിച്ചം നമ്മിലുണര്‍ത്തുന്നതു വിരക്തിയല്ലല്ലോ!

ഈ നോമ്പുകാലത്തിന്‍റെ ഭാവം ദുഃഖമല്ല. ഉണര്‍വും പ്രതീക്ഷയുമാണ്. വൈക്കോല്‍മെത്തയില്‍ പുഞ്ചിരിക്കുന്ന കുഞ്ഞുമിഴികളെ കാത്തിരിക്കുന്ന പ്രതീക്ഷയുടെ ഭാവം.

ശബരിമലയിലും ഇതു മണ്ഡലകാലത്തിരക്കുകളാണ്. അവരും നോമ്പിലാണ്. വെളുക്കുംമുമ്പേ തണുത്തുറയുന്ന കുളത്തില്‍ കുളിച്ച്, വിരക്തിയുടെ കറുപ്പുടുത്ത്, ദുര്‍വിചാരങ്ങളില്‍നിന്നു മനസ്സടക്കം കാത്ത് സദാ ശരണമെന്നോതി അവര്‍ മല ചവിട്ടുന്നു; വിശുദ്ധാനുഭൂതി പകരുന്ന സുഖദര്‍ശനം! അതിരുവിട്ട സൗഹൃദങ്ങളില്‍ പറയുന്ന കുസൃതികളില്‍നിന്നു പോലും അവരൊഴിഞ്ഞു മാറും. വീടുകളില്‍ കലഹങ്ങളിലും ദേഷ്യങ്ങളിലും നിന്നൊഴിവ് – സ്വാമിയായി മാറി, അയ്യപ്പനില്‍ മാത്രം ശരണം!

ഒരു മതത്തിന്‍റെയും സംഘടനയുടെയും ചിട്ടവട്ടങ്ങളിലല്ല, അയ്യപ്പനായൊരാള്‍ മല ചവിട്ടുന്നത്. ആരുടെയും നിര്‍ബന്ധങ്ങളിലോ പ്രേരണകളിലോ അല്ല; ഒരുള്‍വിളിയാണത്. എന്നാല്‍ ക്രിസ്ത്യാനിക്കോ?

നോമ്പുകാലമെന്നെഴുതിവച്ച്, ഞായറാഴ്ചകളില്‍ നിരന്തരമോര്‍മ്മപ്പെടുത്തി, വേദപാഠക്ലാസ്സുകളില്‍ നിര്‍ബന്ധിച്ച്, മുടങ്ങാതെ വന്നാല്‍ മിഠായിയോ സൈക്കിളോ സമ്മാനം തരാമെന്നു പ്രലോഭിപ്പിച്ച് നമ്മള്‍ നോമ്പിനിറങ്ങുന്നു. ആ നോമ്പിന്നവസാനമോ? പെരുന്നാളിന് അതുവരെ അടക്കിവച്ച ആര്‍ത്തികളെല്ലാം പൊട്ടിച്ച് അഞ്ചും ആറും കിലോ കണക്കില്‍ പേരറിയാവുന്ന മാംസങ്ങളെല്ലാം വിളമ്പിത്തകര്‍ക്കുന്നു. നോമ്പടക്കത്തിന്‍റെ പുണ്യമെവിടെ ബാക്കിനില്ക്കുന്നു? നോമ്പിനു മാത്രമല്ല പെരുന്നാളിനും ലാളിത്യരാഹിത്യത്തിന്‍റെയും ആത്മീയതക്കുറവിന്‍റെയും പ്രശ്നത്തെ നേരിടേണ്ടതുണ്ട്.

ആത്മീയതയും ആഘോഷിക്കപ്പെടുന്നതാണിവിടെ പ്രശ്നം. ആത്മീയത സമൂഹസ്വത്താണെന്നു സകലരും വിശ്വസിച്ചിരിക്കുന്നു. ആത്മീയതയെങ്ങനെ സാമൂഹികമാവും? അതു വ്യക്തിപരമാണ്. എന്‍റെ ആത്മീയത എന്‍റെ മാനസികാവസ്ഥയാണ്. അതിലെന്‍റെ ഉറ്റവനോ അധികാരിക്കോ പങ്കില്ല. മനസ്സിനുള്ളിലിറങ്ങി ഉള്ളറയില്‍നിന്ന് ഉറള്ളറയിലേക്കുള്ള തികച്ചും സ്വകാര്യമായ അനുഭൂതി ഇതിനെ സ്ഥാപനവത്കരിക്കുമ്പോഴാണു മേല്പറഞ്ഞ പ്രശ്നങ്ങളെല്ലാം സംഭവിക്കുന്നത്. ഈയടുത്തു മനസ്സിലേക്കാഴ്ന്നിറങ്ങിയ ഒരു പുസ്തകത്തെക്കുറിച്ച് ഒരു സുഹൃത്തിനോടു സംസാരിച്ചപ്പോള്‍ അയാള്‍ ചില വാസ്തവങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അയാള്‍ക്കാ കൃതി ഇഷ്ടമായില്ല കാരണം, അതയാളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരാണ്. അയാളുടെ വൈകാരിക നിലപാടുകളാണത്; സ്വാഭാവികം. എന്നാല്‍ എന്‍റെ നിലപാടു മാത്രം ശരിയും നിന്‍റേതു തെറ്റുമാകുമ്പോഴാണ് ആത്മീയതയില്‍ വിള്ളല്‍ വീഴുന്നത്. ക്രിസ്തു ക്രിസ്ത്യാനിയുടേതു മാത്രമല്ല. ഒരു പൊതുസ്വത്തിനെ വിവിധ തലങ്ങളില്‍ അവതരിപ്പിക്കാനുള്ള സകലരുടെയും സ്വാതന്ത്ര്യത്തെ മാനിച്ചേക്കുക. നമ്മുടെയൊന്നും പ്രൊട്ടക്ഷനിലല്ലോ ദൈവങ്ങള്‍ ആ നില തുടരുന്നത്.

ദൈവത്തിനു ഞാനും എനിക്കു ദൈവവുമാരെന്ന അന്വേഷണമാണ് ആത്മീയത. ഇളകാത്ത ഒരു നദി. ഈ അന്വേഷണത്തിന്‍റെ മുള്ളുവഴികളാണു നോമ്പുകാലങ്ങള്‍. അതിന്‍റെ തുടക്കംപോലെ ഒടുക്കവും മദ്ധ്യം മുഴുവനും കളങ്കരഹിതമാകണം, ശാന്തലളിതമാകണം. പ്രാര്‍ത്ഥനയാണത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org