|^| Home -> Pangthi -> പലവിചാരം -> വരും പുതിയൊരു പുലരി

വരും പുതിയൊരു പുലരി

ലിറ്റി ചാക്കോ

നിങ്ങള്‍ നിങ്ങള്‍ മാത്രമല്ലെന്നും നിങ്ങള്‍ ജീവിക്കുന്ന പ്രകൃതികൂടിയും ചേര്‍ന്നതാണെന്നുമുള്ള സദ്ഗുരുവചനങ്ങള്‍ക്കു മുമ്പില്‍ മഹാപ്രണാമം! നമുക്കു മാത്രമായി നമ്മില്‍നിന്ന് ഒരു മുടിനാരിഴ കൂടിയും അടര്‍ത്താനില്ല!

നിലപാടുകള്‍ ഉണ്ടാകുന്നതു സാമൂഹിക ഇടപെടലുകളുടെയും സര്‍ഗാത്മകതയുടെയും കൂടി ഇടപെടലുകള്‍കൊണ്ടാണ്. സാമൂഹിക സാഹചര്യങ്ങളെയും സര്‍ഗാത്മകതയെയും നമുക്കു തടയാനോ വളര്‍ത്താനോ കഴിയില്ല. അതു നമ്മുടെ നിയന്ത്രണത്തിലല്ല എന്നതാണു കാര്യം. അപ്പോള്‍ നിലപാടുകളെ നാം എങ്ങനെ നോക്കിക്കാണണം? ഒരേസമയം ബലവും ബലഹീനതയുമാണത് എന്ന് തിരിച്ചറിയുമ്പോള്‍ ആശ്വസിക്കാന്‍ വകയുണ്ട്.

സാമൂഹികത കാലത്തിന്‍റെ നിര്‍മ്മിതിയാണ്. നിരവധി കാരണങ്ങള്‍ കൊണ്ട് ഇന്നത്തെ കാലഘട്ടം അപഹസിക്കപ്പെട്ട ചില സാമൂഹിക ബോദ്ധ്യങ്ങള്‍ക്ക് വേദിയാകുന്നുണ്ട്. സ്ത്രീ പരിഗണനാ വിഷയമായാലും ജാതിമതഭേദങ്ങളായാലും ഇന്ന് എല്ലാം പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരിണതികളാണ്. ഒറ്റപ്പെട്ട നിലപാടുകളെ ധീരം എന്നു വിളിക്കാന്‍ പോലും നമുക്കപ്പോഴാവില്ല. നമുക്കപ്പോള്‍ നാം പ്രതിനിധീകരിക്കുന്ന തറയുടെ നിലയെക്കുറിച്ചു ധാരണ സൃഷ്ടിക്കേണ്ടിയും അതിനനുസരിച്ചു ചുവടുറപ്പിക്കേണ്ടിയും മാറ്റേണ്ടിയും വരുന്നു എന്നതാണു യാഥാര്‍ത്ഥ്യം.

അപ്പോള്‍പ്പിന്നെ സര്‍ഗാത്മകതയെക്കുറിച്ച് ഏറെ പറയേണ്ടി വരില്ല. രചന എന്നതു പ്രതിഭയുടെ അടയാളമാണെന്നു പറഞ്ഞുവച്ച ആചാര്യന്മാരെയൊക്കെ തള്ളിപ്പറഞ്ഞു വ്യുല്‍പത്തിയും അഭ്യാസവും ചേര്‍ത്തു പ്രതിഭ നിര്‍മ്മിച്ചെടുക്കാം എന്ന നീതിശാസ്ത്രത്തിലാണു നാമിപ്പോള്‍ എത്തിച്ചേരുന്നത്. സാമാന്യവത്കരിക്കപ്പെട്ട സാഹിത്യത്തിനും കലയ്ക്കുമാണു സമകാലികത്തില്‍ വേദിയുള്ളൂ എന്ന പിടിവാശികളെയും നിലപാട് എന്നു വിളിക്കാമോ എന്നതൊരു ചോദ്യമാണ്.

ഒരു പൊലീസ് സുഹൃത്തിനോട് കഴിഞ്ഞൊരു ഹര്‍ത്താല്‍ ദിനത്തില്‍ സംസാരിക്കാനിടയായി. വ്യാപകമായ അക്രമങ്ങള്‍ പടര്‍ന്നുപിടിച്ച ദിനം. എങ്ങനെയുണ്ട് സുഹൃത്തേ നിങ്ങള്‍ക്കു കുഴപ്പമൊന്നുമില്ലല്ലോ എന്ന ചോദ്യത്തോട് ചിരിച്ചുകൊണ്ടയാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്; അറിവില്ലായ്മ ഒരു കുറ്റമല്ലല്ലോ. അതൊരു കുറവല്ലേ?

നിലപാടില്ലായ്മകളുടെ നില പ്രതിഷ്ഠിക്കാന്‍ നമുക്കൊരു പുതിയ തറ ആവശ്യമായി വരുന്നുണ്ട്. ആ പുതുവേദിക്കൊരു പക്ഷേ പഴയതിന്‍റെ തൂണുകള്‍ കണ്ടേക്കാം. ചട്ടക്കൂടുകളും കണ്ടേക്കാം. എന്നാല്‍ പുതിയ ഈ മുഖം തികച്ചും വികൃതമാണ് എന്നു തിരിച്ചറിയാന്‍ കാലത്തിനു വിട്ടുകൊടുത്തു കാത്തിരിക്കേണ്ടി വരില്ല. അവിടെയാണു പരസ്യമായ പ്രഖ്യാപനങ്ങള്‍ പരിഹാസ്യങ്ങളായി മാറുന്നത്.

എഴുത്ത്, കല എല്ലാം ആത്മാവിന്‍റെ ആവിഷ്കാരങ്ങളാണ്. ആ ത്മാവിന്‍റെ ആവിഷ്കരണമായതിനാലാണല്ലോ സര്‍ഗാത്മകത എന്നു നാമതിനെ വിളിക്കുന്നത്. ആര്‍ക്കാണിതിനെ നിയന്ത്രിക്കാന്‍ കഴിയുക? തോതു നിശ്ചയിച്ചു ഗുണ ദോഷങ്ങള്‍ വേര്‍തിരിക്കാന്‍ കഴിയുക? ഉറപ്പായും അതിനു സംവിധാനങ്ങളുണ്ട്. എന്നാല്‍ സ്വന്തം അറിവിന്‍റെ പരിമിതികളെ നിലപാടുകളാക്കി അവതരിപ്പിക്കുകയും അപഹസിക്കപ്പെടാന്‍ സ്വയം മുന്നിലേക്കു നീങ്ങി നിന്നുകൊടുക്കുകയും ചെയ്തുകൊണ്ടു ചിലര്‍ പരിഹാസ്യമാകുന്നുണ്ട്. കുമാരനാശാന്‍റെ “നിജദോഷ നിദര്‍ശനാന്ധന്മാര്‍” എന്ന പദപ്രയോഗമാണവര്‍ക്കുതകുന്ന വിശേഷണം. ഞാനിങ്ങനെയായതിനാല്‍ എല്ലാവരും ഇതുപോലായിരിക്കും എന്ന സിദ്ധാന്തമവതരിപ്പിക്കപ്പെടുകയും ആവിഷ്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ നഷ്ടം സംഭവിക്കുന്നതു പ്രതിഭയ്ക്കാണ്. നിറം കെട്ട് വില നഷ്ടമായി തെരുവിലേക്കെറിയപ്പെടുന്ന പ്രതിഭയെ അഴുക്കുചാലില്‍ തള്ളി ചവിട്ടുകകൂടി ചെയ്യുന്ന പുതിയ കാലത്തിന്‍റെ വിവരക്കേടുകളും ‘വിവരക്കേടുകള്‍’ എന്ന വാക്കുകൊണ്ടു മാത്രമേ വിവക്ഷിക്കാന്‍ കഴിയൂ.

അധികാരത്തിന്‍റെയും കീഴ്വഴക്കങ്ങളുടെയും ഗര്‍വ്വുകൊണ്ടു സദുദ്ദേശപരമായ ആത്മാര്‍ത്ഥപ്രവര്‍ത്തനങ്ങളെ ചവിട്ടിത്തേയ്ക്കാന്‍ ശ്രമിക്കുന്ന നിലപാടുകള്‍ക്കെതിരെ മതിലുകളും ജ്യോതിയും തീര്‍ക്കുകയല്ല, കാലം ചെയ്യേണ്ടത് – അവഗണിച്ചു കളയുകയാണ്.

Leave a Comment

*
*