മതസൗഹാര്‍ദ്ദം! എന്തു പ്രഹസനോണ് സജീ?

പന്തിഭോജനമെന്ന ഒരു കഥയുണ്ട്. നാമെത്ര വിദ്യയാര്‍ജ്ജിച്ചെന്നു വരുത്തുമ്പോഴും നമുക്കുള്ളില്‍ ഒരു 'ജാതി' പാമ്പുണ്ടെന്ന ഓര്‍മപ്പെടുത്തലാണീ കഥ. ജാതീയമായ വെണ്ണപ്പാളിയെ ലക്ഷ്യം വയ്ക്കുന്നവരാണ് ഏതൊരുത്തനും എന്ന് കഥ കൃത്യമായി വരച്ചിടുന്നുണ്ട്.

ഈ കഥയെ കാലികമായി വായിച്ചെടുക്കാന്‍ കാരണം, സമീപകാലത്തെ ചില സംഭവങ്ങളാണ്. ചില വാര്‍ത്തകള്‍, വിശകലനങ്ങള്‍, പെരുമാറ്റങ്ങള്‍ എല്ലാം. ഒരുകാലത്ത് എത്രയോ സാധാരണവും സ്വഭാവികവുമായിരുന്നതെല്ലാം ഇന്ന് വലിയ വാര്‍ത്തകളാണ്!

അന്നെന്താണ് ഇതൊന്നും വാര്‍ത്തയാവാഞ്ഞത്? മുസ്ലിം സ്ത്രീയുടെ മടിയില്‍ ഉറങ്ങുന്ന ഹിന്ദു ബാലികയും അരവണ കഴിക്കുന്ന നസ്രാണിയുമൊക്കെ വാര്‍ത്തയും സ്പെഷ്യലുമായത് എപ്പോഴാണ്? ഗഫൂര്‍ പണ്ട് രാഘവന്‍റെ വീട്ടില്‍ ഓണമുണ്ടപ്പോള്‍ അത് സൗഹൃദമായിരുന്നു. ഇന്ന് മതസൗഹാര്‍ദ്ദമായി!

തൃക്കാക്കരപ്പനെയുണ്ടാക്കാന്‍ കുനിയനുറുമ്പിന്‍റെ കൂട്ടില്‍ നിന്ന് മണ്ണെടുക്കുന്ന നേരത്ത് ശോഭയും മേരിയുമൊക്കെ ഞങ്ങളുടെ കുട്ടിക്കാലത്ത് കുട്ടികളായിരുന്നു. ഇന്നവര്‍ മതസൗഹാര്‍ദ്ദത്തിന്‍റെ ബിംബങ്ങളായി!

യാത്രക്കാരന്‍ മറന്നുവച്ച ബാഗ് തിരിച്ചേല്‍പ്പിക്കേണ്ടത് ഓട്ടോക്കാരന്‍റെ ഔദാര്യവും നന്മയുമാവുന്നത് എങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല. കളഞ്ഞു കിട്ടിയ മാല തിരിച്ചേല്‍പിക്കുന്ന പോലീസുകാരന് ഇത്തിരി ഗുണം കൂടുന്നതെങ്ങനെ? ഇതൊക്കെയെന്താ ഇവരുടെ ഔദാര്യമാണോ?

കടമയല്ലെ അത്? അസ്സല്‍ ബാദ്ധ്യത. ഇതിലൊക്കെ എന്തു വാര്‍ത്താമൂല്യമുണ്ട്?

മതസൗഹാര്‍ദ്ദമുണ്ടാക്കാന്‍ നമ്മളങ്ങ് പരക്കം പാഞ്ഞു നടക്കുന്നതിലാണ് ഏറ്റവും അപകടം – ചൂണ്ടിക്കാട്ടുകയല്ലേ, നീ ക്രിസ്ത്യന്‍, നീ ഹിന്ദു, നീ മുസ്ലിം എന്ന്.

ഇവരൊക്കെ പാടേണ്ട പാട്ടും തിന്നേണ്ട ഫുഡും എന്നാണ് മറ്റൊരാള്‍ നിശ്ചയിച്ചു തുടങ്ങിയത്? എനിക്കീ വാക്കിനോടിന്നു സഹതാപമാണ്: മതസൗഹാര്‍ദ്ദം!

ഇത്രയും വിഷം പുരട്ടിയ മറ്റേത് വാക്കുണ്ട്? മുസ്ലിം എഴുതി ഹിന്ദു പാടിയ ക്രിസ്ത്യന്‍ പാട്ട് എന്നും പറഞ്ഞ് ഒരു പാട്ടയച്ചു കിട്ടി വാട്സാപ്പില്‍. അത് മുസ്ലിം എഴുതിയ ഹിന്ദു പാടിയ പാട്ടല്ല. യൂസഫലി എഴുതി ജാനകി പാടിയ പാട്ടാണ്.

ഇത്തരം ദുരന്ത പോസ്റ്റുകള്‍ ഫോര്‍വേര്‍ഡുന്നതു വഴി നമ്മളാണ് വര്‍ഗീയ വിഷം അറിയാതെ വ്യാപിപ്പിക്കുന്നത്. മതമൈത്രിയുണ്ടാക്കാന്‍ നമുക്കിന്ന് കൃത്യം ചേരുവകളുണ്ട്. ഒരു പൂജാരി, ഒരു പള്ളീലച്ചന്‍, ഒരു ഇമാം. ഇത്രയുമായാല്‍ തരക്കേടില്ലാത്ത ഒരു മൈത്രി ഉണ്ടാക്കിയെടുക്കാം.

പ്രദേശത്തിന്‍റെ സ്വഭാവവും ജാതിലഭ്യതയുമനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകളുമാകാവുന്നതാണ്. നമ്മുടെ സാംസ്കാരിക സംഘടനകള്‍, വിദ്യാഭ്യാസകേന്ദ്രങ്ങള്‍ തുടങ്ങിയവര്‍ വളരെ നിര്‍ദ്ദോഷമായി ഇതു വ്യാപിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് നമുക്ക് വിവേചിച്ചറിയാന്‍ ആയില്ല.

പൗരത്വഭേദഗതി നിയമമായപ്പോഴാണ് ആഴത്തില്‍ ഈ ജാതിപ്പാമ്പ് തലപൊക്കിയത്. ഞങ്ങളും നിങ്ങളും എന്നുള്ള വിഭാഗീയത വിദ്യാകേന്ദ്രങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതിനു ഞാനും സാക്ഷ്യം വഹിച്ചു. ഒരു പീസ് കേക്കില്‍ ക്രൈസ്തവികതയും പ്രതിഷേധങ്ങളില്‍ മുസ്ലിം തീവ്രതയും സി.എ.എ. യില്‍ ഹൈന്ദവീയതയും കൃത്യമായി പടര്‍ന്നു വ്യവഹരിക്കപ്പെടുന്നത് കണ്ടു നിസ്സഹായമായി നില്‍ക്കേണ്ടിവരുന്ന ദിവസങ്ങള്‍!

നില്‍പ്പും നടപ്പും ഒന്നിച്ചുള്ള ഇടപെടലുകളുമെല്ലാം ജാതീയമായി വേര്‍തിരിക്കുവാന്‍ പലരും വ്യഗ്രതപ്പെട്ടു. അതുവരെ പറഞ്ഞിരുന്ന നിര്‍ദ്ദോഷങ്ങളായ തമാശകളില്‍ വിഷം നീലിച്ചു. സൗഹൃദങ്ങളില്‍ വിള്ളല്‍ വീണു. ഇതിനെ മറികടക്കുവാന്‍ വെറും ഒരു ഹൃദയച്ചിരി പോരെന്നായി. ചേരുവകളില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വന്നു. സ്വാഭാവികതകളെല്ലാം നഷ്ടപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പുകള്‍ പലതും നിശ്ചലങ്ങളായി. പലരും നിശ്ശബ്ദരായി. നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയും വിശദീകരിച്ച് പരാജയപ്പെടുകയും ചെയ്തപ്പോഴാണ്, പന്തിഭോജനമെന്ന കഥയോര്‍മ്മിച്ചത്.

സഹപ്രവര്‍ത്തകരിലും സുഹൃത്തുക്കളിലും വിദ്യാര്‍ത്ഥികളിലും വിഷം പടര്‍ത്തുന്ന അകലം സൃഷ്ടിക്കുകയാണ്, ഇന്നത്തെ വിദ്യാഭ്യാസപ്രവര്‍ത്തനത്തിലും സംഭവിക്കുന്നതെങ്കില്‍, എന്തൊരു പ്രഹസനമാണെടോ സജീ എന്നെനിക്കു ചോദിക്കാനുള്ളത് എന്‍റെ നവോത്ഥാനനായക സുഹൃത്തുക്കളോടാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org