മനസ്സില്‍ നിന്ന് മനഃസാക്ഷിയിലേക്കുള്ള ദൂരം

മെക്സിക്കോവില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ദൂരം രണ്ടായിരത്തിയഞ്ഞൂറു കിലോമീറ്ററാണെന്നു വേള്‍ഡ് മാപ്പ് പറയുന്നു. മനഃസാക്ഷിയില്‍ നിന്നു മരവിപ്പിലേക്കുള്ള ദൂരമാണു നാമിനി അളന്നെടുക്കേണ്ടത്.

അലന്‍ കുര്‍ദി ബീച്ചില്‍ കമിഴ്ന്നു കിടന്ന ചിത്രം കണ്ട്, അവന്‍റെ കഥകള്‍ കേട്ട്, രാത്രിയില്‍ മകന്‍റെ കണ്ണീരു നെഞ്ചില്‍ വീണു പൊള്ളിയ ഒരച്ഛനെ എനിക്കറിയാം. സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നങ്ങളില്‍ മകന്‍റെ കുഞ്ഞുഹൃദയം നോവുന്നതിന്‍റെ ചൂടറിഞ്ഞൊരച്ഛന്‍. ഇന്നലെ അയാള്‍ അച്ഛന്‍റെ ടീഷര്‍ട്ടിനുള്ളില്‍ കുടുങ്ങി മരിച്ച മെക്സിക്കന്‍ അഭയാര്‍ത്ഥി വലേറിയയുടെ ചിത്രം കണ്ടു വീണ്ടും തകര്‍ന്നു, മറ്റൊന്നും ചെയ്യാനാവാത്ത വിധം.

ഇരയാക്കപ്പെടുന്നവരെല്ലാം ഇന്നു ലേബലൈസ്ഡ് ആണ്. സ്ത്രീകള്‍, ദളിതര്‍, ന്യൂനപക്ഷം, ചൂഷിതര്‍ എന്നിങ്ങനെ നീട്ടി നീട്ടിപ്പറയാവുന്ന ലേബലുകള്‍. ഇരകള്‍ക്ക് അവരുടേതായ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ട്. ഒരു പ്രതിഷേധവും പ്രതികരണവുമില്ലാത്ത ഒരേയൊരു വിഭാഗം കുഞ്ഞുങ്ങളാണ്.

സക്കറിയ എഴുതിയ "ആര്‍ക്കറിയാം" എന്ന കഥ ഓര്‍മ വരുന്നു. യേശുവിനെ വധിക്കാനായി രണ്ടു വയസ്സില്‍ താഴെയുള്ള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും ഇല്ലാതാക്കാന്‍ ഹേറോദേസ് കല്പനയിട്ടു. ആജ്ഞ നിറവേറ്റാനായി പട്ടാളക്കാര്‍ നാലുപാടും പാഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന 'കുരുന്നുവേട്ട.' ഒരു ദിവസം 200 കുഞ്ഞുങ്ങളെ വധിച്ചു ക്ഷീണിതനായ ഒരു പട്ടാളക്കാരന്‍ ഒരു വേശ്യാലയത്തില്‍ പതിവു സന്ദര്‍ശനത്തിനെത്തി. കുളിക്കാനിത്തിരി ചൂടുവെള്ളം ആവശ്യപ്പെട്ട് ഒന്നു മയങ്ങാനാരംഭിച്ച അവനോട് ആ വേശ്യാലയത്തിലെ ഉടമസ്ഥ തര്‍ക്കത്തിലേര്‍പ്പെട്ടു. കാരണം മറ്റൊന്നുമല്ല, തൊഴിലില്‍ തടസ്സം വരാതിരിക്കാന്‍ അവളുടെ മകനെ വേറാരെയോ അവര്‍ വളര്‍ത്താനേല്പിച്ചിരുന്നു!

അവളുടെ ഒരു ചോദ്യമാണിവിടെ പ്രസക്തം. നിങ്ങളോങ്ങുന്ന വാള്‍ത്തല സ്വന്തം കഴുത്തിലാണു പതിക്കാന്‍ പോകുന്നത് എന്നെങ്കിലും തിരിച്ചറിവുള്ളവരാണോ നിങ്ങള്‍ കൊന്നൊടുക്കുന്ന കുഞ്ഞുങ്ങള്‍ എന്നതാണാ ചോദ്യം. ശരിയല്ലേ? കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍ക്കു തന്‍റെ ജീവനു നേരെയാണിയാള്‍ വാള്‍ വീഴ്ത്തുന്നതെന്ന തിരിച്ചറിവുപോലുമില്ലാത്ത പ്രായം!

വലേറിയക്കറിയുമായിരുന്നിരിക്കില്ല, അച്ഛന്‍റെ ടീഷര്‍ട്ടിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചത് അവളുടെ ജീവിതമാണെന്ന്. അലന്‍ കുര്‍ദി എങ്ങനെയാണു തിരമാലത്തുമ്പത്തു വന്നതെന്നുപോലും അവനറിഞ്ഞിരിക്കില്ല.

ഏതു കാലത്തും ഏതു ദുരന്തങ്ങളുടെയും ഇരകള്‍ കുഞ്ഞുങ്ങളാണ്. എന്തിനു താന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നു എന്നുപോലും തിരിച്ചറിവില്ലാത്ത കുരുന്നുകള്‍. ഒരു ലേബലിനു കീഴിലും നമുക്കിവരെ ഒതുക്കാനാവില്ല. മാനവികതയുടെ കാരുണ്യത്തിലല്ലാതെ. പക്ഷേ, എന്ന്, എങ്ങനെയെന്ന ചോദ്യങ്ങള്‍ വായുവിലേക്കെറിയപ്പെട്ടവയാണ്.

പുതിയ കാലത്തിന്‍റെ സങ്കീര്‍ണതകളില്‍ നമ്മുടെ കുരുന്നുകള്‍ അമര്‍ന്നരയുന്നതു നിസ്സഹായതയോടെയും ഞെട്ടലോടെയും നോക്കിക്കാണുകയാണു നാം. എന്നിട്ടെന്തു സംഭവിക്കുന്നു? ഒരു ഞെട്ടലില്‍ നിന്നും അടുത്ത ഞെട്ടലിലേക്കു ള്ള ഇടവേളകള്‍ മാത്രം ബാക്കിവച്ചു തനിയാവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാണു നമ്മുടെ കണ്ണില്‍ വെളിച്ചമുണരുക? എന്നാണു നമുക്കീയിറുകിയടച്ച മിഴികള്‍ സുരക്ഷിതത്വത്തിന്‍റെ ആകാശത്തേയ്ക്കു തുറക്കാനാവുക? എവിടെയെല്ലാമോ നമുക്കു പിഴച്ചുപോയിരിക്കുന്നു. വീടും നാടും ലോകവും തിരികെപ്പിടിക്കാവുന്ന നന്മയിലേക്കു നാമിനി ബോധപൂര്‍വം തന്നെ ഇറങ്ങിയെത്തേണ്ടിയിരിക്കുന്നു. അറിയാതെ, തനിയെ, സാവധാനം എല്ലാം ശരിയാവുന്ന കാലം കഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org