മാധ്യമക്കോടതികള്‍ തകര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

മാധ്യമക്കോടതികള്‍ തകര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

നടന്‍ ദിലീപിന്‍റെ അറസ്റ്റോടെ, മാധ്യമക്കോടതികള്‍ അടച്ചുപൂട്ടി സീല്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന സത്യം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ഞാന്‍ ഒരു ദിലീപ് ഫാന്‍ അല്ല. ചില ചിത്രങ്ങള്‍ കണ്ടു രസിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ഇയാളുടെ പക്ഷത്തു നില്ക്കേണ്ടിയും വന്നിട്ടില്ല. അഭിനയത്തില്‍ ആരാധന തോന്നിയിട്ടുണ്ടെങ്കില്‍ അതു മോഹന്‍ലാലിനോടാണു താനും. പക്ഷേ, ഇപ്പോള്‍ എനിക്കു ദിലീപിന്‍റെ കേസില്‍ ഒരു സഹതാപമുണ്ട്; സമൂഹത്തോട് ഒരു അമര്‍ഷവും. കോടതി പരിഗണിച്ചിട്ടുപോലുമില്ലാത്ത കേസിലാണ് സമൂഹവും മാധ്യമങ്ങളും ഇങ്ങനെ അനുനിമിഷം വിധിക്കുന്നത്.

കുറ്റവാളിയും കുറ്റാരോപിതനും രണ്ടാണ്. ജഡ്ജി പ്രസ്താവിക്കുന്ന ശിക്ഷാവിധിവാചകത്തില്‍ മാത്രമാണ് കുറ്റാരോപിതന്‍ കുറ്റവാളിയായി മാറുക എന്നിരിക്കെ, ഇന്ന് നടക്കുന്ന ജനകീയ, മാധ്യമ വിചാരണകളില്‍ പ്രബുദ്ധകേരളം തല താഴ്ത്തേണ്ടി വരും. അയാള്‍ കുറ്റവിമുക്തനായി തിരിച്ചു വന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. അത് നടിക്ക് നീതി കിട്ടാനോ നടന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തുവാനോ അല്ല; മറിച്ച്, ഇന്ത്യയെന്ന രാജ്യത്തിന് ഒരു നീതിന്യായവ്യവസ്ഥിതിയുണ്ടെന്നു മറന്നുപോയവരെ ഒന്നോര്‍മ്മിപ്പിക്കാന്‍… നടന്നുകൊണ്ടിരിക്കുന്ന സ്റ്റുഡിയോ വിചാരണകള്‍ റീടെലികാസ്റ്റ് ചെയ്യാതിരിക്കാന്‍.

ചില അവതാരകന്മാര്‍ തങ്ങള്‍ ന്യായാധിപന്മാരാണെന്നു ധരിച്ചു വശായിരിക്കുന്നു. തങ്ങള്‍ക്കാഗ്രഹമുള്ള വിധത്തില്‍ സംസാരിക്കുന്നവരെ മാത്രം ലൈവിലേയ്ക്ക് നിര്‍ത്തുകയും അല്ലാത്തവരുടെ പ്രതികരണം എടുക്കുന്നവര്‍ ചായ കുടിക്കാന്‍ പോവുകയും ചെയ്യുന്ന കാഴ്ച നാം നിരന്തരം കാണുന്നു. ഉപ്പുമാവും പഴവുമൊക്കെ ദിലീപ് കഴിക്കും വരെ അനുഭവിച്ചിരുന്ന അവഗണനയുടെ ആഴം ഇപ്പോഴാണ് മനസ്സിലായത്! ഈ മാതിരി ഡെങ്കു പടര്‍ന്നിട്ടും പനിമരണങ്ങള്‍ ഉണ്ടായിട്ടും കിട്ടാത്ത താരപരിവേഷമാണ് ഇപ്പോള്‍ കൊതുകിനുള്ളത്. മഞ്ജു കരഞ്ഞുവോ ചിരിച്ചുവോ എന്ന ആശങ്ക ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടുമില്ല.

തനിക്കു മുന്നിലൂടെ ലൈവ് കമന്‍ററിയുമായി നീങ്ങിയ റിപ്പോര്‍ട്ടറോട്, ദിലീപിന്‍റെ പ്രതികരണം, എന്തിനാടോ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത് എന്ന്. അതുമയാള്‍ മാര്‍ക്കറ്റ് ചെയ്തു! '…റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സുനില്‍ കുമാറും ദിലീപും ഗൂഢാലോചന നടത്തിയ മുറിയിലേക്ക് അയാളെ കൊണ്ടുവരികയാണ്. ഞാന്‍ മാത്രം മുന്നില്‍. ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്ന മുറിയിലേക്ക് ദിലീപിനെ എത്തിക്കുന്നു എന്ന് റണ്ണിംഗ് കമന്‍ററി. എന്‍റെ ലൈവ്. അതു കേട്ട ദിലീപിന്‍റെ കമന്‍റ്  ആണ് "ചേട്ടാ വായില്‍ തോന്നിയത് പറയാതെ" എന്ന്. അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സൈലന്‍സല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും ഒന്നും പറയാതെ റൂമിലേക്ക്. തിരിച്ചിറങ്ങുമ്പോഴും ചോദ്യങ്ങളും മൈക്കും ദിലീപിന് മുന്നിലെത്തി. തൊഴുതു മടങ്ങുകയായിരുന്നു. ഏഴ് മണി ലൈവില്‍ അക്കാര്യം ഉണ്ട്.

അതുകൊണ്ട് ദിലീപ് ഫാന്‍സ്, എന്‍റെ ചോദ്യങ്ങള്‍ അവസാനിപ്പിക്കുന്നില്ല. തുടര്‍ന്നും ഏതു നിമിഷത്തിലും ചോദിച്ചുകൊണ്ടിരിക്കും. അത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല. നിങ്ങളെ അലോസരപ്പെടുത്തിയാലും ശരി. ആ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി കൂടിയാണ് സര്‍…

ഞാന്‍ ഇവിടെ ഉണ്ട്

അഞ്ജുരാജ്…ڈ

എങ്ങനുണ്ട്? എന്തും വാര്‍ത്തയാണ്. വാര്‍ത്തയില്‍ ഒന്നുമില്ല താനും.

മാദ്ധ്യമങ്ങള്‍ പപ്പരാസിത്തരം കാണിക്കുന്നവരാണെന്നുള്ള അംഗീകാരത്തിന്‍റെ മൗനസമ്മതം നല്കുന്ന അധികാരകേന്ദ്രങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ദിലീപിന്‍റെ വാഹനത്തിനു പിറകെ എക്സ്ക്ലൂസീവിനു വേണ്ടി മാധ്യമപ്പട മത്സരയോട്ടം നടത്തുന്നത് നമ്മുടെ ഹൈവേയിലാണ്. ട്രാഫിക് നിയമങ്ങള്‍ കയ്യിലെടുക്കുമ്പോഴും അവര്‍ക്ക് ചുറ്റുമുള്ള പൊലീസും അവര്‍ എത്തിച്ചേരുന്ന കോടതിയും. ആരും ഒന്നും തടയുന്നില്ല, മിണ്ടുന്നില്ല!

ജനക്കൂട്ടം ഇങ്ങനെ പെരുമാറും അഥവാ പെരുമാറണം എന്നവര്‍ ആഗ്രഹിക്കും പോലെ..! ജനക്കൂട്ടത്തിന് എത്ര ആരാധനയ്ക്കുള്ളിലും താരങ്ങളോടുള്ള അടക്കാനാവാത്ത ഒരസൂയയുണ്ട്. അതവന്‍റെ സൗഭാഗ്യങ്ങളോടും ഗ്ലാമറിനോടുമാണ്. തനിക്കില്ലാത്ത ലക്ഷ്വറിയസ് ഇമേജിനോടാണ്. അതിനപ്പുറം എന്തു ധാര്‍മ്മികതയുണ്ട്, ഈ ആക്രോശങ്ങള്‍ക്ക്! കല്ലെറിയാന്‍ യോഗ്യതയുള്ള എത്ര പ്രമാണിമാര്‍!… ഏതായാലും സൗഭാഗ്യങ്ങളുടെ പരകോടിയില്‍ വിരാജിക്കുന്ന താരരാജാക്കന്മാരെല്ലാം, ഒന്നു ഭയന്നു; താഴെയൊന്നിറങ്ങിക്കിട്ടിയാല്‍ പിന്നെ നമ്മളെയൊന്നും വച്ചേക്കില്ലെന്ന പാഠത്തില്‍!

ഇര എന്ന വാക്കിന്‍റെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ എല്ലായ്പോഴും നിഷ്കളങ്കയാണോ? ഭയക്കണം ആ വാക്കിനെ. കാരണം, അവള്‍ക്കെന്തും പറയാം. എങ്ങനെയും പറയാം. പക്ഷേ, സത്യം പോലും അവളെപ്പറ്റി പറഞ്ഞുകൂടാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org