വരട്ടെ, പുതിയൊരിന്ത്യ!

നോക്കിയാല്‍പ്പോലും കാണാത്ത ഒരു കുഞ്ഞുവൈറസ് ഭൂലോകം മുഴുവനും നിമിഷങ്ങള്‍കൊണ്ടു സ്തംഭിപ്പിച്ചുകളഞ്ഞിരിക്കുന്നു. സമ്പന്നനെന്നും ദരിദ്രനെന്നും ഒരു വേര്‍തിരിവും കാണിക്കാതെ. ലോകം കൊറോണയ്ക്കു മുമ്പും പിമ്പും എന്ന് അടയാളപ്പെടുത്തപ്പെടുന്ന സമയം. എന്തെല്ലാമാണു സംഭവിച്ചത്?

മനുഷ്യന്‍ ഒരു സാമൂഹികജീവിയാണെന്ന് ഏറ്റവും നന്നായി തിരിച്ചറിഞ്ഞ സമയങ്ങള്‍ മുമ്പുണ്ടായിരുന്നു. പ്രളയവും കാറ്റും മഴയും നിപ്പയുമെല്ലാം സമീപഭൂതകാലങ്ങളിലെ കാഴ്ചകളാണല്ലോ. എന്നാല്‍ കോവിഡ് 19 ചില പുതിയ പാഠങ്ങളുംകൂടി പഠിപ്പിച്ചു. എത്രയെത്ര പുതുവാക്കുകള്‍ നാം എടുത്തുപയോഗിച്ചു! ക്വാറന്‍റൈന്‍, ലോക്ക്ഡൗണ്‍, പാന്‍ഡെമിക് – കട്ടിയേറിയും കുറഞ്ഞുമിരിക്കുന്ന എത്രയെത്ര പദങ്ങള്‍! അനുഭവങ്ങള്‍!

നമ്മുടെ ശീലങ്ങളെയും ശീലക്കേടുകളെയുംക്കുറിച്ച് ഏറ്റവും നന്നായി നാം വിലയിരുത്തിയ സമയമാണു കഴിഞ്ഞത്. എന്തെല്ലാമായിരുന്നു നാം തകര്‍ത്തത് എന്നു മനസ്സിലാക്കാന്‍ എങ്ങനെയാണു പ്രകൃതി തിരികെ വന്നത് എന്നു നോക്കിയാല്‍ മതി. ഓസോണ്‍ പാളികളിലെ ദ്വാരങ്ങള്‍ തനിയേ അടഞ്ഞുപോയി. മാലിന്യങ്ങള്‍ കഴുകിയൊഴിച്ച പുഴ തെളിഞ്ഞൊഴുകി. പൊടിപടലങ്ങള്‍ നീങ്ങി, ദൂരക്കാഴ്ചകള്‍ തെളിഞ്ഞു. കിളികളും മീനുകളും മൃഗങ്ങളുമെല്ലാം സ്വച്ഛസുന്ദരമായി വിഹരിച്ചു.

ഏതു മുറിവിനും ഉണങ്ങുവാന്‍ ഒരു കാലമുണ്ടെന്നും നന്മയാര്‍ന്ന ചിന്തകൂടിയും നല്കുന്നു ഈ കോവിഡ് കാലം. ക്വാറന്‍റൈന്‍ കാലവും പ്രതിരോധങ്ങളും പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഏറ്റുവാങ്ങുമ്പോഴും ഏറെ ഞലളൃലവെലറ ആയിക്കൊണ്ടേയിരിക്കുന്നു സമയങ്ങള്‍.

എന്നാല്‍ ചില അപസ്വരങ്ങള്‍ ഇതുവരെ പാടിയ മധുരസംഗീതങ്ങളില്‍ മുഴുവനും പാഴ്ശ്രുതി മീട്ടും എന്ന മട്ടില്‍, ഉണ്ടു ചില കളങ്കങ്ങള്‍. അദ്ധ്യാപകരെ ഒന്നടങ്കം കരിവാരിത്തേച്ചുകൊണ്ട്, അനവസരത്തിലെല്ലാം കയറി കമന്‍റിടാനും ട്രോളാനും മുതിരുന്ന പുതുതലമുറ ശുഭകരമായ ഒരു ഭാവിയെക്കുറിച്ചു പ്രതീക്ഷ നല്കുന്നില്ല. വീട്ടിലിരുന്നു പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കെന്തിനാണു ഫീസ് എന്ന ചോദ്യം ഉയര്‍ത്തുവാനും അത് ഏറ്റെടുക്കാനും ആളുണ്ടാവുമ്പോള്‍, ഇത്രകാലവും തങ്ങള്‍ വാങ്ങിയതു ബസ്ചാര്‍ജായിരുന്നോ എന്ന അന്തംവിടലിലാണ് അദ്ധ്യാപകര്‍. കാര്യങ്ങളിങ്ങനെയൊക്കെയാകുമ്പോഴും ഒരു പുതുസമൂഹം കെട്ടിപ്പടുക്കുവാനുള്ള പരിശ്രമങ്ങളിലേക്കൊന്നും നമുക്ക് ഇപ്പോഴും കടക്കുവാനായിട്ടില്ല. സ്വയംപര്യാപ്തമാകാന്‍ വേണ്ടി നാം എങ്ങനെയെല്ലാം മാറേണ്ടിയിരിക്കുന്നു എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്.

തൊഴിലിനെക്കുറിച്ച് ഒരു കുഞ്ഞുചിന്ത മാത്രം അവതരിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. വെള്ളക്കോളര്‍ ജോലി എന്നൊരു പ്രയോഗം തന്നെ നമുക്കുണ്ടല്ലോ. ആ സങ്കല്പം പൊളിയേണ്ടതുണ്ട്. എല്ലാവരും എല്ലാ ജോലിയും ചെയ്യണം എന്ന ഒരു നിലപാടു നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിഥിത്തൊഴിലാളികളെല്ലാം തിരിച്ചുപോകുന്ന കാലത്ത്, പ്രത്യേകിച്ചും.

അതിനു തുടക്കം കുറിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു കഴിയും. ജോലിസമയത്തിന്‍റെ ഘടന മാറ്റുക എന്നൊരു കുറിപ്പ് എവിടെയോ വായിച്ചു. 8 മുതല്‍ 5 വരെ എന്ന സങ്കല്പത്തില്‍ നിന്നും 1 മണിക്കൂര്‍, 2 മണിക്കൂര്‍ എന്ന ഘടനയിലേക്കു ജോലിയെ മാറ്റുക. പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ കുട്ടികള്‍ തയ്യാറാവുകയും സ്ഥാപനങ്ങള്‍ നേതൃത്വം നല്കുകയും ചെയ്യുക. ഒരു ദിവസം ഒരു മണിക്കൂറെങ്കിലും കുട്ടി ജോലി ചെയ്തിട്ടുണ്ടെന്ന് അദ്ധ്യാപകര്‍ക്ക് ഉറപ്പുവരുത്താം. ഇതു പഠനത്തിന്‍റെ ക്രെഡിറ്റിന്‍റെ കൂടി ഭാഗമാക്കിയാല്‍ നമ്മുടെ തൊഴില്‍ സംസ്കാരം മാറും. ഏതു ജോലിയും ചെയ്യാന്‍ ആളുണ്ടാവും.

മാറ്റമുണ്ടാവട്ടെ, അതിന് വിദ്യാഭ്യാസസ്ഥാപനങ്ങളാണു മുന്‍കയ്യെടുക്കേണ്ടത്. വരട്ടെ, പുതിയൊരിന്ത്യ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org