ഡെക്കാന്‍ ഹെരാള്‍ഡില്‍ ഒരിക്കല്‍ 'The pressure to Perform the Schools' എന്ന ഒരു ലേഖനത്തില്‍ ഡോ. സലില്‍ ഒരു കുഞ്ഞിന്‍റെ ചിത്രം വരച്ചിട്ടുണ്ട്. നിറകണ്ണുകളോടെ തന്‍റെ അരികിലിരിക്കുന്ന ഒരു പെണ്‍കുഞ്ഞിന്‍റെ ചിത്രം.
ആരാണീയുത്തരം ആദ്യം കണ്ടെത്തുക എന്ന ടീച്ചറുടെ ചോദ്യത്തിനു മുന്നില്‍ ഒരിക്കല്‍പോലും ക്ലാസ്സില്‍ ആദ്യം കയ്യുയര്‍ത്താന്‍ കഴിയാത്ത ആ കുഞ്ഞിന്‍റെ വേദന ഇന്നലെ ഞാനും കണ്ടു. ഒന്നിനും കൊള്ളാത്ത എന്നെ എന്തിനാണമ്മേ എന്നെക്കൊണ്ടാവാത്ത കാര്യം ചെയ്യാന്‍ പറഞ്ഞയച്ചത് എന്ന ചോദ്യത്തില്‍ ഈ സങ്കടങ്ങള്‍ മുഴുവനും ഒരു കടലായിരമ്പി വന്നൊഴുകി നിറഞ്ഞതു ഞാന്‍ എന്ന അമ്മയുടെ നെഞ്ചിലാണ്.
പ്ലസ് വണ്‍ ക്ലാസ്സില്‍ നഗരത്തിലെ ഒന്നാംനമ്പര്‍ എന്ന വിശേഷണം വേണമെങ്കില്‍ കൊടുക്കാവുന്ന സ്കൂളിലാണ് എന്‍റെ മകള്‍ പഠിക്കുന്നത്. ഏതിനോടും എന്തിനോടും സ്വന്തമായ ഒരു വീക്ഷണം സൂക്ഷിക്കാന്‍ ചെറുപ്പംമുതല്‍ക്കേ താത്പര്യപ്പെട്ടിരുന്നവള്‍. അവളിന്നലെ പൊടുന്നനെ ഒന്നിനും കൊള്ളാത്ത ഒരു കുട്ടിയായി സ്വയം സമ്മതിച്ചുകളഞ്ഞു. കാരണം, അവളുടെ ടീച്ചറവളോട് ഇങ്ങനെ ചോദിച്ചത്രേ, ഒന്നിനും കൊള്ളാത്ത നീയൊക്കെ എന്തിനാ കുട്ടീ ബയോമാത്സ് എടുത്തു ഞങ്ങളെയൊക്കെ ബുദ്ധിമുട്ടിക്കാന്‍ വന്നതെന്ന്!
ഞാനെത്ര ശ്രമിച്ചിട്ടും നീയൊരു പരാജയമല്ല മകളേ എന്ന് അവളെ വിശ്വസിപ്പിക്കുന്നതില്‍ വിജയിക്കാനായിട്ടില്ല. മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളോടു നിങ്ങളൊക്കെ പാഴാണെന്ന് എങ്ങനെയാണൊരു ടീച്ചര്‍ക്കു പറയാന്‍ നാവുയരുന്നതെന്നതിന്‍റെ ഞെട്ടല്‍ മാറുന്നില്ല. മോളേ, അമ്മ ഒരു പുസ്തകം തന്നാല്‍ നീയതാ ടീച്ചര്‍ക്കു കൊടുക്കാമോ എന്നു ചോദിക്കാനാണ് ആദ്യം തോന്നിയത്. ഞാനവര്‍ക്കു കൊടുക്കാനാശിച്ച പുസ്തകം 'ടോട്ടോച്ചാന്‍' ആണ്. കുറുമ്പിയും കുസൃതിയുമായ ഒരുവളോട്, അതുവരെ പഠിച്ച എല്ലാ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ഒരുവളോട്, 'ടോട്ടോ നീയൊരു നല്ല കുട്ടിയാണ്, തീര്‍ച്ചയായും നീയൊരു നല്ല കുട്ടിയാണ്' എന്നു കണ്ണില്‍ നോക്കിപ്പറഞ്ഞ് അവളെ ജീവിതത്തിലേക്കും ജാപ്പനീസ് അംബാസഡര്‍ പദവിയിലേക്കും ഉയര്‍ത്തിക്കൊണ്ടു വന്ന കൊബായാഷി മാസ്റ്ററുടെ പുസ്തകം.
അറിയാം. എല്ലാ ടീച്ചറും കൊബായാഷി മാസ്റ്ററല്ല; ആവണമെന്നും അതിമോഹമില്ല. എന്നാല്‍ വിദ്യാഭ്യാസമേഖലയുടെ അന്തകന്മാരാകേണ്ടതുണ്ടോ എല്ലാവരും? എന്താണിന്നു നമ്മുടെ ചുറ്റുമുള്ള സ്കൂളുകളില്‍ നടക്കുന്നത്? മാര്‍ക്കുകള്‍ക്കും റാങ്കുകള്‍ക്കുംവേണ്ടി നമ്മുടെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷം എത്രത്തോളമാണ്? ഡോ. സലില്‍ നിരീക്ഷിക്കുംപോലെ, എട്ടു വയസ്സുകാരിയുടെ ഷെഡ്യൂള്‍ അവളുടെ ബിസിനസ്സുകാരന്‍ അച്ഛനേക്കാള്‍ ടൈറ്റായി പായ്ക്ക് ചെയ്തിരിക്കുന്നു!
നിരന്തരം മത്സരപ്പരീക്ഷകള്‍ക്കും ടാലന്‍റ് ഹണ്ടുകള്‍ക്കുമൊക്കെ സ്കൂളുകളിലെല്ലാം വേദികളുണ്ടാവുന്നുണ്ട്. എന്നാല്‍ ഈ 'ഡാര്‍വീനിയന്‍ തത്ത്വചിന്ത' വിദ്യാഭ്യാസമേഖലയെ മാത്രമല്ല തലമുറയെത്തന്നെ തകര്‍ക്കുന്ന ഒന്നാണെന്നാണു മുന്‍പറഞ്ഞ ലേഖനം നിരീക്ഷിക്കുന്നത്. ലോകം മുഴുവന്‍ മത്സരാധിഷ്ഠിതമാണെന്നു നമ്മളങ്ങു വലിയ സ്വീകാര്യതയിലാണ് ഉറപ്പിച്ചുവയ്ക്കുന്നത്.
പരീക്ഷകള്‍ക്കുവേണ്ടിയാണ് ഇന്നു സ്കൂളുകള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. അതിനായി അവരുടെ പാഠ്യഭാഗങ്ങള്‍ നാം ക്രമീകരിച്ചിരിക്കുന്നു. ഈ പഠിക്കുന്ന കാര്യങ്ങളൊന്നും ജീവിതത്തിന് ഉപകരിക്കാത്തവിധം അവരത് അന്ധമായനുകരിച്ചാല്‍ മതിയെന്നു സ്കൂളുകള്‍ അവരെ കിണഞ്ഞു പഠിപ്പിക്കുന്നുണ്ട്.
മാര്‍ക്ക് ലിസ്റ്റുകളില്‍ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന കുട്ടികളാകട്ടെ അതിലേക്കെത്താനുള്ള കുറുക്കുവഴികള്‍ തേടുകയും പുറന്തള്ളപ്പെടാതിരിക്കാന്‍ മരണക്കളി കളിക്കുകയും ചെയ്യുന്നുവിന്ന്. അക്ഷരാര്‍ത്ഥത്തില്‍ 'Survival of the fittest' എന്ന ഡാര്‍വീനിയന്‍ തിയറി!
പഠനത്തിന്‍റെ അന്തരീക്ഷം സുഖകരമാക്കുക, ആസ്വാദ്യകരമാക്കുക എന്നതിനു പകരം കൂടുതല്‍ വരിഞ്ഞു മുറുക്കിക്കെട്ടി പരിഹാരമായി സ്കൂളുകള്‍തോറും കൗണ്‍സലിംഗ് സെന്‍ററുകള്‍ സ്ഥാപിക്കുകയാണു സ്കൂളുകള്‍ ചെയ്യുന്നത്. കൗണ്‍സലിംഗ് സെന്‍ററുകള്‍ വേണ്ടിവരുന്നു എന്നത് എന്നാണു നമുക്കൊരു കുറവായി തോന്നുക? അങ്ങനെ തോന്നുന്നില്ലെന്നു മാത്രമല്ല, ഈ സെന്‍ററുകളുള്ളവയ്ക്കു നാം കൂടുതല്‍ മേന്മയും കല്പിച്ചു നല്കുകയല്ലേ?
ഇത്തരം സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങളെ കുറച്ചുകാണിക്കുകയല്ല ഉദ്ദേശം. ഈ കാലം Stress & Strain-ന്‍റേതാണെന്നു തിരിച്ചറിയുമ്പോഴും പരിഹാരങ്ങളല്ല നാം തേടുന്നതെന്നതാണു പ്രശ്നം. കൊതുകുകള്‍ പടരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കേണ്ടതിനു പകരം ഓരോരുത്തര്‍ക്കും സബ്സിഡിയോടെ കൊതുകുവല നല്കുന്നതുപോലെ പരിതാപകരമാണിത്.
ഈ സമ്മര്‍ദ്ദങ്ങളെല്ലാംകൂടി നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ താങ്ങുമെന്നാണ്? സ്ഥിരം വരാറുള്ള ഓട്ടോ കാണാതിരുന്നാല്‍ മറ്റൊന്നില്‍ വീട്ടിലെത്താന്‍ ധൈര്യവും ആത്മവിശ്വാസവുമുണ്ടായിരുന്ന എന്‍റെ മകള്‍ അര മണിക്കൂര്‍ എന്തു ചെയ്യണമെന്നറിയാതെ വഴിയില്‍ നിന്നു കരഞ്ഞത് ഏതു സാഹചര്യത്തിലാണ്? അവള്‍ തന്നെ തെളിയിച്ചു കാണിച്ചുതന്ന ഈ വിവേകം അവള്‍ തന്നെ മറന്നുപോകാന്‍ മാത്രം നീയൊരു ഗുണമില്ലാത്ത കുട്ടിയാണെന്ന ഒറ്റവാചകത്തിലൂടെ ഒരു ടീച്ചര്‍ക്കു കഴിഞ്ഞിരിക്കുന്നു.'
ടീച്ചര്‍, തോല്‍വികളെയും സമചിത്തതയോടെ ഏറ്റെടുക്കുന്നതു കാണാനാണു ഞാന്‍ എന്ന അമ്മ ആഗ്രഹിക്കുന്നത്. എന്‍റെ മക്കളുടെ കുറഞ്ഞ മാര്‍ക്കുകളോ ഫുള്‍ എ വണ്‍ മാര്‍ക്ക് ലിസ്റ്റുകളോ ഒന്നും എന്‍റെ പരിഗണനാവിഷയങ്ങളല്ല. എന്നാല്‍ അവരുടെ ആത്മവിശ്വാസത്തിന്‍റെ കരുത്തില്‍, വിവേകപൂര്‍ണമായ ഇടപെടലുകളില്‍, ചെറുതും സുന്ദരവുമാണെന്ന തിരിച്ചറിയലുകളില്‍, മാനവികതയെക്കുറിച്ചുള്ള സങ്കല്പങ്ങളിലൊക്കെ ഞാന്‍ വലിയ പ്രതീക്ഷകള്‍ വച്ചിട്ടുണ്ട്. ദയവായി സ്കൂളുകള്‍ അതു തകര്‍ക്കാതിരിക്കുക.
~ഒരുപാടമമ്മമാര്‍ക്കുവേണ്ടി, ഒരമ്മ.