Latest News
|^| Home -> Pangthi -> പലവിചാരം -> കൊറോണയാണു ഭേദം

കൊറോണയാണു ഭേദം

ലിറ്റി ചാക്കോ

കുറച്ചുനാള്‍മുമ്പു കുട്ടികളെയും കൂട്ടി മൈസൂരിലേക്ക് ഒരു യാത്ര പോയിരുന്നു. ബാംഗ്ലൂര്‍-മൈസൂര്‍ ആയിരുന്നു യാത്രയുടെ ഉദ്ദേശം. എന്നാല്‍ പൗരത്വഭേദഗതിനിയമത്തില്‍ കര്‍ണാടക കത്തിനില്ക്കുന്ന സമയമായതിനാല്‍ ബാംഗ്ലൂരിലെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് റദ്ദാക്കേണ്ടി വന്നു. ഒരു ദിനംകൂടി മൈസൂരില്‍ ചെലവഴിക്കേണ്ടി വന്ന ഞങ്ങള്‍ക്കു കുറച്ചു സമയം റിലാക്സ് ചെയ്യാന്‍ ലഭിച്ചു.

അങ്ങനെയാണ് ഒരു വെറും നടത്തത്തിന്‍റെ അറ്റത്തു ഞങ്ങള്‍ നഗരത്തിലെ പ്രശസ്തമായ കത്തോലിക്കാ ദേവാലയത്തിലാണ് എത്തിച്ചേര്‍ന്നത്. കുര്‍ബാന നടക്കുന്ന സമയമായിരുന്നു. ഞങ്ങള്‍ വെറുതെയൊന്നു പ്രാര്‍ത്ഥിച്ചു പോകാമെന്ന ധാരണയില്‍ അകത്തു കയറാന്‍ ശ്രമിച്ചപ്പോള്‍ പ്രധാന വാതില്‍ക്കല്‍ ഒരു സെക്യൂരിറ്റി തടഞ്ഞു. ക്രിസ്ത്യാനിയാണോ എന്നതായിരുന്നു ചോദ്യം. അതെയെന്നു പറഞ്ഞപ്പോള്‍ എന്നെയൊന്നു അടിമുടി നോക്കി. ഞാനും എന്‍റെ മേലുള്ള ക്രൈസ്തവാടയാളങ്ങള്‍ എന്താണു കിട്ടുക എന്ന് ആലോചിച്ചുപോയി. ഒരു നിമിഷം എന്‍റെ താലിയിലേക്കവര്‍ സൂക്ഷിച്ചുനോക്കുന്നതു കണ്ടപ്പോഴാണു ഞാനുമതോര്‍മിച്ചത്. എന്നോടു കയറിക്കൊളളാന്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന മൂന്നു സഹപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ ഹൈന്ദവസുഹൃത്തുക്കളായിരുന്നു ‘ക്രൈസ്തവ’ സുഹൃത്തിനാണെങ്കില്‍ കല്യാണം കഴിയാത്തതിനാല്‍ താലിയുമില്ല!

ഒരാള്‍ ഉടന്‍ പിന്‍വാങ്ങി. ഞാനില്ല, നിങ്ങള്‍ പോയി വരൂ എന്നു പറഞ്ഞു. മറ്റേയാള്‍ എനിക്കൊപ്പം അകത്തുകയറാന്‍ തയ്യാറായി. പിന്നോട്ടുപോകാന്‍ എന്തോ മനസ്സനുവദിച്ചില്ല. പല സ്ഥലങ്ങളിലും പോയിട്ടും ഏറ്റവും തുറന്ന സ്വീകാര്യത പ്രകടമായിരുന്നതു ക്രിസ്ത്യന്‍ പള്ളികളിലായിരുന്നു എന്ന ഓര്‍മ എന്നെ വേദനിപ്പിച്ചു. എനിക്കുള്‍ക്കൊള്ളാനാവാത്ത ഒരു സീന്‍ അവിടെ സൃഷ്ടിക്കപ്പെടുമ്പോള്‍ തല താണുപോകുന്നതു ശരിയായി തിരിച്ചറിഞ്ഞു.

അകത്തു കയറിയ എന്‍റെ സുഹൃത്തുക്കള്‍ – ഹൈന്ദവ സുഹൃത്തുക്കള്‍ – പരസ്പരം സമാധാനം ആശംസിക്കുന്നതും Heavenly Father ചൊല്ലുമ്പോള്‍ കൈകളുയര്‍ത്തുന്നതു കണ്ടപ്പോള്‍ എന്തോ, എനിക്കുള്ളില്‍ അമര്‍ഷവും വിഷാദവുമായിരുന്നു. അവിടെ ആത്മരക്ഷയ്ക്കായുള്ള ആക്ഷന്‍ സോംഗായേ എനിക്കതിനെ വായിക്കാന്‍ കഴിഞ്ഞുള്ളൂ.

ഹൈന്ദവ ഭീകരതയും ഇസ്ലാമിക തീവ്രവാദവുമൊക്കെ സ്ഥിരം ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ക്രൈസ്തവഭീകരത എന്നൊവരവസ്ഥയെക്കൂടി താങ്ങുവാന്‍ നമ്മുടെ ഈ പാവം രാജ്യത്തിനു കരുത്തു കാണുമോ? ലൗവ് ജിഹാദ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സഭ നല്കിയ കത്തിനെ നിഷ്കളങ്കമായി നിരീക്ഷിക്കണമെന്നാണോ? ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നു ക്രൈസ്തവദര്‍ശനങ്ങളിലേക്ക് എത്രയോ ദൂരമാണിപ്പോഴും മുന്നില്‍ക്കാണുന്നത്! പുരാലിഖിത പഠനങ്ങളുടെ ഭാഗമായി ഒരു അമ്പലത്തില്‍ പോകേണ്ടി വന്ന സമയത്ത് സംശയകരമായ നോട്ടങ്ങള്‍ സമ്മാനിച്ച ആര്‍എസ് എസ് നിരീക്ഷണങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാതിരുന്ന ക്രൈസ്തവസംശയങ്ങളെ ഉള്ളിലൊരാന്തലോടെയല്ലാതെ ഇന്നുമോര്‍മിക്കാനാവുന്നില്ല. ജാതിത്തെളിവു ശേഖരിക്കാന്‍ പാന്‍റ്സ്ഴിക്കാനാവശ്യപ്പെട്ട ഡല്‍ഹി ഇങ്ങനെ കത്തുമ്പോള്‍ പ്രത്യേകിച്ചും കോറോണ വൈറസ് ബാധയില്‍, ചൈനയിലെ ക്രൈസ്തവസഹോദരങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് പോസ്റ്റും മറക്കാന്‍ കഴിയുന്നില്ല.

ഈയടുത്ത് ഒരു ആര്‍എസ്എസ് സുഹൃത്ത് പറഞ്ഞു, ‘ജാതി വേണ്ടന്നല്ല നാരായണഗുരു പറഞ്ഞത്, ഒരു ജാതി മതിയെന്നാണ്. അതു ഹൈന്ദവജാതിയാണ്! മിഴിച്ച നോട്ടങ്ങളല്ലാതെ ‘അല്ല സുഹൃത്തേ’ എന്നു മറുവാക്കുപോലും പുറത്തുവന്നില്ല. ഓണത്തിനു വടക്കന്‍ കേരളത്തില്‍ നോണ്‍വെജ് സാധാരണമാണെന്നു പറയുന്നതു കേട്ട്, ഒരിക്കലുമില്ല, ഇതു ഹൈന്ദവികതയെ തകര്‍ക്കാനുള്ള ആരോപണമാണെന്നതാണു കേട്ട മറ്റൊരു സംഗതി. ഓണം മഹാബലിയുടെ അനുസ്മരണമല്ല വാമനജയന്തിയാണെന്നാണല്ലോ നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി ആശംസിച്ചുകളഞ്ഞത്.

എത്ര കാലം കൂടി ഈ നാട് മുന്നോട്ടുനീങ്ങുമെന്നതിന് ഒരു ഉറപ്പും പറയാനാവില്ലാത്ത തരത്തിലാണു മനുഷ്യന്‍റെ ഇടപെടലുകള്‍. എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍. ഉയര്‍ന്ന സാമ്പത്തികഭദ്രതയുള്ളവര്‍. പക്ഷേ, മതം എന്ന ‘ഭീകരത’യ്ക്കു മുന്നില്‍ തുല്യതയ്ക്കുവേണ്ടിയുള്ള മത്സരങ്ങളും! കൊറോണ പോലൊരു വൈറസിന് ഇതിനേക്കാളുണ്ട് അന്തസ്സ്!

Comments

One thought on “കൊറോണയാണു ഭേദം”

  1. H Padmanabhan says:

    Wow… you hit the nail on the head, Prof Litty Chacko as usual. ഇന്ന് ഐഡന്റിറ്റി എന്നാൽ മനുഷ്യൻ എന്നോ ഇന്ത്യൻ എന്നോ പറഞ്ഞാൽ വിലപ്പോകില്ല. എല്ലാ മനുഷ്യരും ഒന്നുപോലെ എന്നാണല്ലോ പ്രമാണം. അപ്പൊ എല്ലാരും നശിച്ചാൽ ഒന്നുപോലെ ആയില്ലേ?

    Looking forward for more striking writtings from you in future.

Leave a Comment

*
*