Latest News
|^| Home -> Pangthi -> പലവിചാരം -> സംഘര്‍ഷകാലത്തെ ജീവിതം

സംഘര്‍ഷകാലത്തെ ജീവിതം

ലിറ്റി ചാക്കോ

അഭിനന്ദന്‍ വര്‍ദ്ധമാന്‍ വാഗാ അതിര്‍ത്തി കടന്നു ചുവടുവച്ചപ്പോള്‍ കോടാനുകോടി ഇന്ത്യക്കാര്‍ ജയ്ഹിന്ദ് എന്ന് ഉള്ളില്‍ പറഞ്ഞു. അതെ, ഒരു സമയം നമ്മള്‍ ഭാരതീയരായി. അല്പനേരത്തേയ്ക്കു മാത്രം; വീണ്ടും പഴയപോലെ.

സ്വാതന്ത്ര്യത്തിന്‍റെ വിലയറിയുന്ന തലമുറ ഏതാണ്ടു തീര്‍ന്നു കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കു സ്വാതന്ത്ര്യം ആഗസ്റ്റ് പതിനഞ്ചിന്‍റെ പതാകയുയര്‍ത്തലും മിഠായിവിതരണവും മാത്രമാണ്. അതും ചിലര്‍ക്കു മാത്രം. ഭൂരിപക്ഷത്തിനതു ടിവിയിലെ പുതിയ ചിത്രം തന്നെ.

സ്വാതന്ത്ര്യം നമുക്കിന്ന് ഒരു വികാരമൊന്നുമല്ല. കാരണം, നമ്മളതു പൊരുതി നേടിയതല്ല എന്നതുതന്നെ. സ്വതന്ത്രമല്ലാത്ത ഒരു കാലത്തു നമ്മള്‍ ജീവിച്ചിട്ടില്ല. അതിനാല്‍ അതിന്‍റെ മൂല്യം തിരിച്ചറിയാന്‍ മാത്രം അനുഭവങ്ങളില്ല; അറിയാന്‍ ശ്രമിക്കുകയുമില്ല.

ഏറെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ പോലും രാജ്യത്തെയോ പ്രതിരോധസംവിധാനങ്ങളെയോകുറിച്ചു ശരിയായ ധാരണയില്ലാത്തവരാണ് എന്നതാണു ഖേദകരം. പ്രതിരോധത്തിനുവേണ്ടി ഗവണ്‍മെന്‍റ് ചെലവഴിക്കുന്നതെല്ലാം നഷ്ടമായി വിലയിരുത്താനാണു പലപ്പോഴും ഇവര്‍ ശ്രമിക്കുന്നത്. ആ സമയത്തേയ്ക്ക് ഉദാഹരണങ്ങള്‍ നമ്മള്‍ പ്രത്യേകിച്ച് ആക്രമണഭീതിയൊന്നുമില്ലാത്ത ഏതെങ്കിലും ഒരു നാട്ടില്‍ നിന്നെടുക്കും. എന്നിട്ട് താരതമ്യപ്പെടുത്തി, യുദ്ധക്കാലത്തു മാത്രം വേണ്ടവരാണു പട്ടാളക്കാര്‍ എന്ന നിഗമനത്തിലെത്തും. പ്രളയകാലത്തു പട്ടാളം വന്നപ്പോള്‍ ഒന്നു വാഴ്ത്തിപ്പാടി തുടങ്ങിയതായിരുന്നു. പിന്നെ, എന്നും പ്രളയമുണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ താഴെയിട്ടു കളഞ്ഞു.

നമ്മുടെ പട്ടാളം ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെയും അതിന്‍റെ സ്വഭാവത്തെയുംകുറിച്ച് ഒരു സമാന്യനിരീക്ഷണമെങ്കിലും പൊതുജനത്തിനുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു. ഒരു ഗതിയുമില്ലാത്തവരാണു പട്ടാളത്തില്‍ ചേരുന്നതെന്ന ധാരണ മാറേണ്ടതുണ്ട്. മറ്റൊരു തൊഴിലും കിട്ടാത്തവരല്ല ഇന്നു പട്ടാളത്തിലും പൊലീസിലുമുള്ളത്. സ്വന്തം ജോലി ആസ്വദിക്കുന്ന ഒരു സമൂഹമാണ് ഇന്ന് ഇന്ത്യന്‍ ആര്‍മിയില്‍ ഭൂരിപക്ഷവും. അപവാദങ്ങളില്ലെന്നല്ല; അത് എല്ലായിടത്തും ഉള്ളതാണല്ലോ.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ ഒരു നാട്ടുമാവുണ്ട് “നിരഞ്ജന്‍ ഒരോര്‍മ മരം” എന്നാണതിന്‍റെ പേര്. മൂന്നു വര്‍ഷം മുമ്പ് ഒരു പട്ടാളക്കാരന്‍ പ്രകൃതിയുടെ കാവല്‍മരമായി മാറിയതിന്‍റെ ഓര്‍മയാണത്. ഈയടുത്തു പുല്‍വാമ ദുരന്തത്തില്‍ മരിച്ച 46 പട്ടാളക്കാരും ഇതുപോലെ എന്‍സിസി കേഡറ്റുകള്‍ വഴി നിരവധി കാവല്‍ മരങ്ങളായി മാറുകയുണ്ടായി. പറഞ്ഞുവരുന്നത്, ഈ വീരമൃത്യു വരിച്ച ഒരാള്‍ പോലും ഉളളുവിങ്ങി മരിച്ചവരാവില്ല എന്നതാണ്. അതിര്‍ത്തിയില്‍ മേലുദ്യോഗസ്ഥന്‍റെ ഓരോ കമാന്‍റിനുമിവര്‍ കാതോര്‍ത്തിരിക്കുന്നത് ഒരേയൊരു വികാരം മാത്രം ഉള്ളില്‍ പേറിക്കൊണ്ടാണ്. അവര്‍ ഉള്ളിലേന്തുന്ന ആ വികാരത്തിലാണവരുടെ കണ്ണുകള്‍ അടഞ്ഞുപോകാത്തത്. ആ തുറന്ന ജാഗ്രതയിലാണ് ഇപ്പുറത്തു കോടിക്കണക്കിന് ഇന്ത്യക്കാര്‍ ശാന്തരായുറങ്ങുന്നത്.

ഈയടുത്ത് തൃശൂരില്‍ ഇന്ത്യന്‍ ആര്‍മിയിലെ പട്ടാളക്കാരെ ആദരിക്കുന്ന ഒരു ചടങ്ങ് എന്‍സിസി കേഡറ്റുകളുടെ നേതൃത്വത്തില്‍ നടന്നു. മഹാരാഷ്ട്രയില്‍ നിന്നും ഹരിയാനയില്‍ നിന്നും മദ്ധ്യപ്രദേശില്‍ നിന്നും നോര്‍ത്ത് ഈസ്റ്റില്‍ നിന്നുമെല്ലാം വന്നവരായിരുന്നു അവര്‍. ഓരോ കേഡറ്റും അവര്‍ക്കു നേരെ ചെന്ന് സല്യൂട്ട് ചെയ്ത് പ്രണാമമര്‍പ്പിച്ചു. അവരുടെ മിഴികളിലൂറിയതു സ്നേഹമായിരുന്നു. ഒരാള്‍ ചടങ്ങിനുശേഷം പറഞ്ഞു: “ജീവിതത്തിലാദ്യമായാണ്, ഇങ്ങനെയൊരു സ്നേഹം ലഭിക്കുന്നത്. ഒരു പട്ടാളക്കാരന്‍ യുദ്ധത്തില്‍ മരിച്ചാല്‍ മാത്രം കിട്ടുന്ന ഒന്നാണ് അംഗീകാരം. നിങ്ങളതു ജീവിച്ചിരിക്കുമ്പോള്‍ തന്നിരിക്കുന്നു; നന്ദി.”

ശരിയല്ലേ? നമ്മളവരോട് എന്തെങ്കിലും നല്ല വാക്ക് പറയാറുണ്ടോ? വേണ്ടാ, അവരെ കുറ്റപ്പെടുത്താതിരിക്കുകയെങ്കിലും ചെയ്യാറുണ്ടോ? ജാതിക്കും മതത്തിനും സംസ്ഥാനത്തിനുമൊക്കെയപ്പുറത്ത് എല്ലാ വിഭാഗീയതകളെയും പടിക്കു പുറത്താക്കുന്ന ഏതെങ്കിലും ഒരു സമൂഹം ഇന്ത്യയിലുണ്ടെങ്കില്‍, അതു പട്ടാളമാണ്. രാജ്യമാണ് അവരുടെ മതം. ദേശസ്നേഹമാണ് അവരുടെ ദൈവം.

നോക്കൂ, നാമറിയുന്നതിനേക്കാളപ്പുറത്താണു പട്ടാളക്കാരന്‍റെ ത്യാഗപൂര്‍ണമാം ജീവിതം. അതാരും പുറത്തറിയാന്‍ അവരാരും അതു പുറത്തു പറയാത്തതുകൊണ്ടു മാത്രമല്ല. അതവരുടെ ഉത്തരവാദിത്വ നിര്‍വണത്തിന്‍റെ ഭാഗമാണെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ്. അഞ്ച് സെക്കന്‍ഡുകള്‍ മാത്രം ലഭിച്ച ഓര്‍ഡറിന് അവര്‍ ചിരിയോടെയേ പ്രതികരിക്കൂ. അത് അടിച്ചമര്‍ത്തി നേടിയ അനുസരണവുമല്ല. അതാണു സേന. അതിനുള്ളില്‍ ഉള്‍ച്ചേര്‍ന്നാല്‍ മാത്രം തിരിച്ചറിയാവുന്ന ഒന്നാണതിന്‍റെ പൊരുള്‍. ഇന്നത്തെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അവനാരെയും ഭയക്കുന്നില്ല. ഓരോ സെക്കന്‍ഡിലും എനിക്കുള്ള വിളി വരും എന്നവന്‍ കാത്തുനില്ക്കുന്നത് അവന്‍റെ വീട്ടില്‍ മക്കള്‍ക്കുള്ള മിഠായി വാങ്ങാന്‍ പോകാനല്ല. നമ്മുടെ വീടുകളില്‍ കുരുന്നുകള്‍ക്കു മധുരം നുണയാനുള്ള സാഹചര്യമൊരുക്കിത്തരുവാനാണ്. നമ്മുടെ സന്തോഷങ്ങള്‍ക്കു കാവല്‍ നില്ക്കുവാനാണ്.

ഇനിയെങ്കിലും, ഈയൊരു സംഘര്‍ഷഭരിത സാഹചര്യത്തില്‍ ജീവിക്കുമ്പോഴെങ്കിലും നാം ചോദിക്കാതിരിക്കുക; പുരുഷുവിന് ഇപ്പോള്‍ യുദ്ധമൊന്നുമില്ലേ എന്ന്. പട്ടാളത്തെ അറിയുന്നവര്‍ക്കും പട്ടാളത്തിനും ആ ചോദ്യം വേദനാകരമാണ്.

Leave a Comment

*
*