Latest News
|^| Home -> Pangthi -> പലവിചാരം -> നവമാധ്യമസമൂഹം സാമൂഹിക നവോത്ഥാനം കൊണ്ടുവരുമോ?

നവമാധ്യമസമൂഹം സാമൂഹിക നവോത്ഥാനം കൊണ്ടുവരുമോ?

ലിറ്റി ചാക്കോ

ഏറെക്കാലമായി മനസ്സിനെ മഥിക്കുന്ന ചില വേദനകളുണ്ട്. ചെന്നൈയിലെ ജെല്ലിക്കെട്ടു സമരക്കാലത്തൊക്കെ അതു തലപൊക്കി നോക്കാറുമുണ്ട്. എത്രയെത്ര ലക്ഷങ്ങളാണു മറീനാ ബീച്ചിലേക്കൊഴുകിയെത്തിയത്! ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയും അടുപ്പിച്ചില്ലെന്നു മാത്രമല്ല; എത്തിനോക്കാന്‍ പോലും അവരനുവദിച്ചില്ല. ജെല്ലിക്കെട്ടിനുവേണ്ടി തമിഴ് യുവത പ്രധാനമന്ത്രിയെ ത്രിശങ്കുവില്‍ നിര്‍ത്തി. ഗവര്‍ണറെക്കൊണ്ട് ഓര്‍ഡിനന്‍സും തിരുത്തിയെഴുതിച്ചു. ഒടുവില്‍ ആള്‍ക്കൂട്ടം നയിച്ച സമരം ജയിച്ചു; നിയമം തോറ്റു.

ജയലളിത ഉള്‍പ്പെടെയുള്ളവരുടെ അഭാവവും ഈ സമരത്തെ സ്വാധീനിച്ചിരിക്കാം. എന്നാല്‍ രാഷ്ട്രീയമരണങ്ങള്‍ തുടര്‍ക്കഥയാവുന്ന മറ്റനേകം വേളകളില്‍ ഒരു ബദലും ഉയര്‍ന്നു കാണുന്നില്ല എന്നതു ശുഭകരമല്ല. ‘ആപ്പ്’ എന്നൊരു രാഷ്ട്രീയപാര്‍ട്ടിതന്നെയും ദേശീയതലത്തില്‍ ഉയര്‍ന്നുവരാന്‍ സാഹചര്യമൊരുങ്ങിയതിനു പിറകിലും ഈ രാഷ്ട്രീയമരണങ്ങള്‍ തന്നെയാണ്.

ആര്‍ക്കാണിന്നു സമൂഹത്തെ സ്വാധീനിക്കാന്‍ കെല്പുള്ളത്? സൂപ്പര്‍ താരങ്ങളുടെ കീഴില്‍ സംഘടിക്കുന്നവരുടെ ഏക ഉത്തരവാദിത്വം അവര്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ പൊങ്കാല നേദിക്കുക എന്നതാണ്. അവരുടെ ഐഡിയോളജികള്‍ക്കുപോലും (അങ്ങനെയൊന്നുണ്ടെങ്കില്‍) ആരാധകരില്ല.

ആരുടെ പേരിലാണ് ഇന്നു സമൂഹം സംഘടിക്കാറുള്ളത് എന്ന ആലോചന രസകരമാണ്. ഈയടുത്ത് ശ്രീജിത്ത് എന്ന സഹോദരനുവേണ്ടിയാണു സോഷ്യല്‍ മീഡിയ സാമൂഹികധര്‍മ്മം നിറവേറ്റാന്‍ സമരം ചെയ്തത്. നിരവധി ട്രോള്‍ ഗ്രൂപ്പുകളുടെ ആഹ്വാനമനുസരിച്ച് ജനം സമരമുഖത്തെത്തുകയും സമരം ‘വിജയി’പ്പിക്കുകയും ചെയ്തു. ചില്ലറ വിവാദങ്ങളൊന്നുമല്ല ഈയൊരു ബഹളത്തിനിടയില്‍ ഉണ്ടായിക്കൂടിയത്. ‘പൊതുജനം’ എന്ന പദം ഉയര്‍ത്തിക്കാട്ടിയാണ് ഈ സമരത്തില്‍ രാഷ്ട്രീയനേതൃത്വങ്ങളെയെല്ലാം അവര്‍ അകറ്റിനിര്‍ത്തിയത്. ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു കീഴടങ്ങേണ്ടി വന്നു.

ട്രോളന്മാരുടെ വിജയം! ആഹ്ലാദസൂചകമായി ട്രോളുകള്‍ വീണ്ടും മഴപോലെ പെയ്തു. ട്രോള്‍ കേന്ദ്രീകൃത സമരമുറ വിജയം നേടിക്കൊണ്ടു കേരളത്തിലും ചരിത്രം കുറിച്ചു. കേരളത്തിലാണിതു നടന്നത് എന്നതാണു ശ്രദ്ധേയം. എന്നാല്‍ പൊടുന്നനെയൊരു സുപ്രഭാതത്തില്‍ സമരം നിര്‍ത്തി വീട്ടില്‍പ്പോയ ശ്രീജിത്ത് വീണ്ടും സമരമുഖത്തെത്തി. ഇത്തവണ ട്രോളന്മാരോ? അവരുടെ പാട്ടിനു പോയി.

ഈ സെന്‍സിറ്റീവ് പ്രതിഷേധങ്ങളൊന്നുംതന്നെ ഒരു പ്രശ്നത്തിന്‍റെയും വേരോളം ചെല്ലാന്‍ കൂട്ടാക്കുന്നില്ല. താനൊരു സാമൂഹിക ഉത്തരവാദിത്വമുള്ള പൗരനാണ് എന്നു സ്വയം തിരിച്ചറിയുകയാണീ സമരങ്ങളുടെ ലക്ഷ്യമെന്നു തോന്നുന്നു. പ്രാഥമികലക്ഷ്യം നിറവേറ്റപ്പെട്ടു കഴിഞ്ഞാല്‍പ്പിന്നെ അവര്‍ക്കു വേറെ പണിയുണ്ട്.

ബലമായി പിടിച്ചുവാങ്ങുന്ന വിജയങ്ങളില്‍ ചിലതു മാത്രമാണിവ. ഉള്ളു പൊള്ളയായ പ്രതിഷേധങ്ങള്‍. ഒരു പ്രത്യയശാസ്ത്രത്തിന്‍റെയും ആദര്‍ശത്തിന്‍റെയും പിന്‍ബലം ഇവയ്ക്കുണ്ടാകണമെന്നില്ല. ഒരു സമരത്തിലും ചര്‍ച്ചകളോ വിശകലനങ്ങളോ ഉയര്‍ന്നുവന്നിട്ടില്ല. വന്നവയാകട്ടെ ജെല്ലിക്കെട്ടിന്‍റെ സാംസ്കാരിക പരിസരങ്ങളോ ശ്രീജിത്തിന്‍റെ അസ്വാഭാവികമരണമോ ഒന്നും ആഴത്തില്‍ ചര്‍ച്ച ചെയ്തുമില്ല.

അപ്പോള്‍ മധുവിന്‍റെ വിഷയത്തില്‍ എന്തു നിലപാടെടുക്കണം? നാടൊട്ടുക്കും പ്രതിഷേധപ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി, കൈകള്‍ കൂട്ടിക്കെട്ടി അപഹാസ്യമാംവിധം ‘i support’ വിളിച്ച് ട്രോള്‍മഴകള്‍ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്നു. ഇവിടെ അപകടകരമാംവിധം കൊലവിളി നടത്തി സെല്‍ഫിയെടുത്ത് ആഘോഷിച്ച ആള്‍ക്കൂട്ടത്തെ കാണാതെ പോകരുത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടപ്പെട്ടു മരിച്ചവന്‍ പൊലീസായതുകൊണ്ടു മാത്രം തെറിവിളിക്കുന്ന നവമാധ്യമ നേതാക്കന്മാരെയും കാണാതിരിക്കരുത്.

കണ്ണും കാതും തുറന്നിരിക്കുക ആള്‍ക്കൂട്ടം തേര്‍വാഴ്ച നടത്തുന്നു അവര്‍ നിയമം മാറ്റിമറിക്കും നിയമം കയ്യിലെടുക്കും കാറ്റില്‍ ഊതിപ്പറത്തിക്കളിക്കും. കാരണം, ആള്‍ക്കൂട്ടത്തിനു മുഖമില്ല; കാഴ്ചയും കാഴ്ചപ്പാടുകളും.

Leave a Comment

*
*