ദൈവത്തിനൊരു വോട്ട്

വോട്ട് അവകാശമാണെന്നും അധികാരമാണെന്നുമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ കഴിഞ്ഞുകൂടുകയായിരുന്നല്ലോ നമ്മള്‍. ഇനി മേയ് 23-ന് പെട്ടി തുറക്കുംവരെ ആകാംക്ഷാഭരിതമായ ചാനല്‍ചര്‍ച്ചകള്‍ക്ക് പ്രസക്തി കൂടും. അതും കഴിഞ്ഞാല്‍ വീണ്ടും പഴയപോലൊരഞ്ചു വര്‍ഷം.

ആകസ്മികതകള്‍ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. രാഷ്ട്രീയകാര്യങ്ങളില്‍ ചിന്തകരും എഴുത്തുകാരും എന്നുവേണ്ട സകലമാന പേരും റിസല്‍ട്ടിനെക്കുറിച്ച് അഭിപ്രായങ്ങളവതരിപ്പിക്കുകയോ വേവലാതിപ്പെടുകയോ ഒക്കെ ചെയ്തു. എല്ലാവരും പറയട്ടെ അഭിപ്രായ സ്വാതന്ത്ര്യങ്ങളുണ്ടല്ലോ.

ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ധ്യാനപ്രസംഗകന്‍റെ വീഡിയോ വൈറലായി മാറുന്നതും നാം കണ്ടു. പഴയ നിയമത്തില്‍ ഇയ്യോബിന്‍റെ പുസ്തകത്തിലെ ഒരു വചനമുദ്ധരിച്ച് 'ഇപ്പോഴുള്ളവരെ മാറ്റി പുതിയവരെ അവിടെ നിയമിക്കും' എന്നു കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചു പഴയനിയമ പുസ്തകത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ധ്യാനപ്രസംഗം കേട്ട് അല്പനേരത്തേക്കെങ്കിലും തരിച്ചിരുന്നുപോയി. പ്രസംഗകന്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്; ഇപ്പോഴുള്ള ബിജെപി ഗവണ്‍മെന്‍റിനെ മാറ്റി മറ്റൊരു ഗവണ്‍മെന്‍റ് അവിടെ വരുമെന്നു ബൈബിളിലുണ്ട് (അതു കോണ്‍ഗ്രസ്സായിരിക്കുമെന്നും കേട്ടാല്‍ മനസ്സിലാകും) സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലും ഈ വചനത്തിലുണ്ടത്രേ!

ഈ വചനം കഴിഞ്ഞ വട്ടം ഇലക്ഷന്‍ നടന്നപ്പോഴും ബൈബിളിലുണ്ടായിരുന്നില്ലേ? അതല്ലെങ്കില്‍ മുന്‍കാലങ്ങളിലെല്ലാം ഇത് ഇതേ അര്‍ത്ഥത്തിലവിടെ ഉണ്ടായിരുന്നുവോ?

എന്‍റെ നാമം വൃഥാ പ്രയോഗിക്കരുതെന്നതല്ലേ പ്രധാന കല്പന? ധ്യാനകേന്ദ്രങ്ങളിലാണു ദൈവത്തിന്‍റെ നാമം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നു തോന്നുന്നു. ഉറക്കം കളയാനുള്ള മരുന്നാണ് ഒട്ടുമിക്കയിടങ്ങളിലും 'പ്രെയ്സ് ദി ലോര്‍ഡ്!'

സ്വാഭാവികമായും രണ്ടുതരം ആളുകളാണ് സാധാരണയായി ധ്യാനകേന്ദ്രങ്ങളിലെത്താറ്. സ്വസ്ഥവും ശാന്തവുമായി ജീവിക്കുന്നതിനിടെ ഒരു ആദ്ധ്യാത്മിക ഉന്മേഷത്തിനുവേണ്ടി ധ്യാനം പതിവാക്കിയവര്‍. മറ്റേതു ജീവിതത്തിന്‍റെ കടുത്ത നിരാശകളില്‍ നിന്നു കരകയറാന്‍ ഈശ്വരന്‍ അവസാന ആശ്രയമാണെന്നു കരുതുന്നവര്‍. സാധാരണയായി ഒന്നാമത്തെ വിഭാഗമാകാം കൂടുതല്‍. അവര്‍ക്കു ധ്യാനം നയിക്കുന്നവര്‍ ദൈവതുല്യര്‍ തന്നെയാണ്. അവരോടാണു ധ്യാനഗുരുവായ ഒരച്ചന്‍ ഈ 'ഇലക്ഷന്‍ റിസല്‍ട്ട്' നേരത്തെ പറഞ്ഞുകളഞ്ഞത്.

ഈശ്വരന് എന്തു രാഷ്ട്രീയമെന്നു ചോദിക്കരുത്. ശബരിമലയും അയ്യപ്പനും വോട്ടാക്കാന്‍ കിണഞ്ഞു പാടുപെടുന്നവരുടെ നാട്ടിലാണു നമ്മുടെ ജീവിതം. സമൂഹത്തിന്‍റെ മടുപ്പും മരവിപ്പുമൊഴിവാക്കാന്‍ അല്പനേരം ഈശ്വരനോടൊപ്പം എന്നു കരുതി വരുന്നവരുടെ തലയില്‍ വീണ്ടും രാഷ്ട്രീയം കോരിയൊഴിക്കണോ? അതും ഒരു തീവ്രവാദിയുടെ ഭാഷയിലും പെരുമാറ്റത്തിലും? എന്‍റെ ആലയം നിങ്ങള്‍ കച്ചവടകേന്ദ്രമാക്കിയെന്നു പറഞ്ഞു ചാട്ടവാറെടുത്തവന്‍റെ മതമാണിത്!

മതനേതാക്കന്മാര്‍ എന്തിനു രാഷ്ട്രീയത്തിലിടപെടുന്നുവെന്നും എന്തിനു വോട്ടുകള്‍ മതസാമുദായികാടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെടുന്നു എന്നുമൊക്കെയുള്ള ചോദ്യങ്ങളോടു മതേതരപാര്‍ട്ടികള്‍ പോലും സഹിഷ്ണുത കാണിക്കാറില്ല. ശരി. എങ്കിലും ധ്യാനകേന്ദ്രങ്ങളിലെ ഇലക്ഷന്‍ വര്‍ക്ക് അല്പം കൂടുതല്‍ കടന്ന കൈതന്നെയാണെന്നതില്‍ സന്ദേഹമില്ല.

മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തരുതെന്ന വാദങ്ങള്‍ അവ രണ്ടും ഉണ്ടായ കാലം മുതല്ക്കേയുണ്ട്. എന്നാല്‍ മതവും രാഷ്ട്രീയവും കൂടിക്കലരുകതന്നെ വേണമെന്ന വാദവും ഇതിനൊപ്പംതന്നെ കരുത്തുറ്റതാണ്. എന്നാല്‍ മതവും ആദ്ധ്യാത്മികതയും തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയുമാണിവിടെ പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാന വിഷയം. മതം സാമൂഹിക വിഷയമായതിനാല്‍ അതു രാഷ്ട്രീയവുമായി കലരുന്നതു സ്വാഭാവികമാണ്. എന്നാല്‍ ആദ്ധ്യാത്മികത സാമൂഹികമല്ല. അതു തികച്ചും വൈയക്തികമാണ്. religion എന്ന വാക്ക് ഒരിക്കലും spiritual എന്ന പദത്തെ ഉള്‍ക്കൊള്ളുന്നേയില്ല.

ധ്യാനം എന്ന വാക്കിന് അര്‍ത്ഥവും വ്യാപ്തിയും നഷ്ടപ്പെട്ട കാലത്താണു നമ്മുടെ ജീവിതം. ധ്യാനശുശ്രൂഷയെന്നാല്‍ പതിനായിരം വാട്ടിന്‍റെ ശബ്ദവും നെഞ്ചിടിപ്പന്‍ പ്രതിധ്വനികളുമാണെന്നു നാം ധരിച്ചുവശായിരിക്കുന്നു. പരവതാനിയും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമാണെന്ന് എപ്പോഴോ നാം കരുതിപ്പോയിരിക്കുന്നു.

ആത്മീയത നിശ്ശബ്ദതയാണെന്ന് ആരാണിവര്‍ക്കൊന്നു പറഞ്ഞുകൊടുക്കുക? 'ഒച്ചകളത്രേ നിരന്തരം' എന്ന കോലാഹലാവസ്ഥയില്‍ നിന്നു മൗനത്തിന്‍റെ സംഗീതത്തിലുണ്ട് ഈശ്വരന്‍ എന്നു ആരാണിവരെ ബോദ്ധ്യപ്പെടുത്തുക?

ധ്യാനാവസ്ഥയില്‍ മനസ്സ് നിര്‍മലമായിരിക്കേണ്ട നേരത്താണോ പകയും പ്രതികാരവും നിറഞ്ഞ ശബ്ദത്തിലും ഹിന്ദി സിനിമയിലെ വില്ലന്‍റെ ശരീരഭാഷയിലും ധ്യാനഗുരു സംസാരിക്കുന്നത്! എല്ലാ മണ്ഡലങ്ങളിലും മാറ്റി നിയമനം നടത്താന്‍ ദൈവത്തിനു നിയമസഭയും പാര്‍ലമെന്‍റുമൊന്നും വിളിച്ചുകൂട്ടണ്ടായിരിക്കും. എന്നാല്‍ അതിന് ആത്മീയോന്മേഷത്തിനുവേണ്ടി ഹൃദയം വിമലീകരിക്കപ്പെടുന്ന വേദിയില്‍ എന്തു പ്രസക്തി?

വഴിക്കവലകളിലെ പൊതുയോഗങ്ങളുടെ നിലവാരത്തില്‍ നിന്നും അവിടങ്ങളിലെ പ്രസംഗകന്‍റെ ശരീരഭാഷയില്‍ നിന്നും ആത്മീയനേതൃത്വം മുക്തരാകട്ടെ. അതല്ലെങ്കില്‍, ഇതിലാകൃഷ്ടരാകാതെ വഴി മാറിപ്പോകുന്ന ഒരു വിഭാഗം ജനതയും ഇതപ്പടി ഉള്‍ക്കൊണ്ട് വാളെടുക്കാന്‍ തുനിയുന്ന മറ്റൊരു കൂട്ടരും ഉടലെടുക്കും. ആദ്യത്തെ വിഭാഗത്തിനു പ്ര ത്യേകിച്ചൊരു സ്വാധീനഫലവും ഉടനടി ഉണ്ടാക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, രണ്ടാമത്തെ കൂട്ടര്‍ പരസ്പരം പോരടിക്കാന്‍ ഒന്നാഞ്ഞുനില്പുണ്ടിപ്പോള്‍. മതത്തിനും വിശ്വാസത്തിനുംവേണ്ടി ശരണം വിളിച്ചുകൊണ്ടു സായുധകലാപം ദൂരത്താവില്ല. അതേതായാലും ഒരു ദൈവത്തിന്‍റെയും മനസ്സറിവോടെയാവില്ല എന്ന് ആരെങ്കിലും ഈ വെളിച്ചപ്പാടുകള്‍ക്ക് ഒന്നു പറഞ്ഞുകൊടുത്തിരുന്നെങ്കില്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org