പൂത്തു വിടര്‍ന്ന വേലികള്‍

ദാസനെയും വിജയനെയും ഓര്‍മ വരുന്നു; അമേരിക്കയിലെ വീടിനു മതിലു കെട്ടാന്‍ ആവശ്യ പ്പെട്ട മലയാളി സിഐഡിമാര്‍.

മതില്‍ മലയാളിയുടെ ബലഹീനതയാണ്. സുരക്ഷയും ആത്മവിശ്വാസവും പൂര്‍ണമാകണമെങ്കില്‍ നമുക്കു മതില്‍ക്കെട്ടിന്‍റെ അയഥാര്‍ത്ഥമായൊരു സുരക്ഷിതത്വമുണ്ടാകണം.

പണ്ടൊക്കെ നാം മതിലുകളില്‍ 'പരസ്യം അരുതെ'ന്നാണ് എഴുതിയൊട്ടിക്കാറ്. ഇന്നു നമുക്കു മറ്റുള്ളവര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍തന്നെ നാം എത്ര 'wall' സൃഷ്ടിച്ചിരിക്കുന്നു! വീടുകള്‍ക്കോ കുറച്ചു കൂടി വലിയ സര്‍ക്കിളുകള്‍ക്കോ നാം തീര്‍ത്തിരുന്ന മതിലുകള്‍ ഇന്നു വ്യക്തികള്‍ ഫേസ്ബുക്കില്‍ സൃഷ്ടിച്ചിട്ടുണ്ട്. ആര്‍ക്കുമാ മതിലില്‍ എന്തും പോസ്റ്റ് ചെയ്യാം. ആരെയും ചീത്ത വിളിക്കാം. എത്ര വേണമെങ്കിലും സ്പേസ് നീട്ടാവുന്ന ഈ virtual walls ടെക്നോളജി നല്കുന്ന അനന്തസാദ്ധ്യതയാണ്.

ടെക്നോളജി ബന്ധങ്ങള്‍ക്കെതിരോ?: ടെക്നോളജിയോടു പല വിദേശരാജ്യങ്ങളും പുലര്‍ത്തുന്ന സമീപനം ശ്രദ്ധേയമാണ്. അവര്‍ക്കതിലും പൊതുഇടങ്ങളുള്ള (public space) സാദ്ധ്യതകളുണ്ട്. നമുക്കില്ല. ഓരോ വിന്‍ഡോയിലും നാം അടിക്കടി ചെറുതായി വന്ന് ഇല്ലാതായിത്തീരുന്നു. ബദല്‍ സാദ്ധ്യതകള്‍ നമുക്കില്ലാതെയിരിക്കുമ്പോഴെല്ലാം നാം കൂട്ടായ്മകളില്ലാതെ പോകുന്നതിനു കുറ്റപ്പെടുത്തുന്നത് ടെക്നോളജിയെയാണെന്നതാണു വാസ്തവം. എന്നാല്‍ ടെക്നോളജി വികസിതമായിരിക്കുന്ന ഏതു വലിയ രാഷ്ട്രങ്ങളും ഈ പബ്ലിക് സ്പേസിനു ബോധപൂര്‍വം ഇടങ്ങളുണ്ടാക്കുന്നുണ്ട്.

പിന്നിലേക്കിറങ്ങുന്ന വീടുകള്‍: ഗോത്രവര്‍ഗ ജനത നല്കുന്ന ഒരു നല്ല പാഠം നമുക്കു മുന്നിലുണ്ട്. ഒരേ കേന്ദ്രത്തിലേക്കു വികസിക്കുന്ന മുറ്റങ്ങളാണ് അവരുടെ വീടുകള്‍ക്ക്. ഈ മുറ്റങ്ങള്‍ക്കൊന്നിനും അതിരുകളില്ല. ഒന്നില്‍നിന്നും വേര്‍തിരിച്ചറിയാനാവാത്ത ഈ മുറ്റങ്ങള്‍ കലര്‍ന്ന് ഒരു പൊതുമുറ്റമായി രൂപം കൊള്ളുന്നു. ഏറ്റവും രസകരമായ അഥവാ പ്രധാനമായ സംഗതി മറ്റൊന്നാണ്. ഊരില്‍ ജനസംഖ്യ ഏറുന്നതിനുസരിച്ച് അവര്‍ ഈ പൊതുവേദി വികസിപ്പിക്കാനാണു ശ്രമിക്കുന്നത്. അതിനാല്‍ അവര്‍, വീടുകള്‍ പൊളിച്ചു പിന്നിലേക്കു മാറ്റി പൊതു ഇടം വിശാലമാക്കും. കാരണം അവിടെയാണവരുടെ പാട്ടും ആട്ടവും, നേട്ടവും കോട്ടവും അവര്‍ ഒന്നിച്ചു പങ്കിടുന്നത്. നായാടി കിട്ടുന്ന മാംസം പങ്കിടാനും അതിനു ചുറ്റും താളത്തില്‍ ചോടുവയ്ക്കാനും മരണപ്പെട്ടവനു യാത്രാമൊഴിയോതാനുമെല്ലാം അവര്‍ക്കീ പൊതുവേദികള്‍ വേണം.

മതിലുകള്‍ക്കു മുകളിലെ യുവത: പരസ്യങ്ങളൊട്ടിച്ച മതിലുകളുടെ മുകളില്‍ ഇരുന്നാണു പണ്ടത്തെ യുവത നേരമ്പോക്കുകള്‍ പങ്കിടാറ്. ഏറിയാല്‍ ഒരല്പം പൂവാലന്‍ സ്വഭാവം പ്രകടിപ്പിക്കുന്നതൊഴിച്ചാല്‍ അവരുടെ ബാക്കി നേരങ്ങളൊക്കെ സാമൂഹികോപകാരങ്ങള്‍ നിവര്‍ത്തിക്കുകയായിരുന്നു. ഇന്നാകട്ടെ ആറിഞ്ചു സ്ക്രീനിലേക്കു ചുരുങ്ങിയിരിക്കുന്നു എല്ലാ നേരമ്പോക്കുകളും.

അറിവിന്‍റെ അതിരുകള്‍: ചുരുങ്ങിത്തീര്‍ന്ന ചിന്തകള്‍ നാം വൈജ്ഞാനികമണ്ഡലങ്ങളിലേക്കും വ്യാപിപ്പിച്ചപ്പോഴാണു നമുക്കു വിദ്യാഭ്യാസത്തിലും വേലികളുണ്ടായത്. പഴയ കാലത്ത് കളരികളിലും ഗുരുകുലങ്ങളിലും സര്‍വകലാശാലകള്‍വരെയും സമഗ്ര വിദ്യാഭ്യാസം സാദ്ധ്യമാകുന്നതിന് അവസരങ്ങളുണ്ടായിരുന്നു. ഗണിതവും സംസ്കൃതവും മലയാളവും സസ്യശാസ്ത്രവും ആനശാസ്ത്രവുമൊക്കെ തമ്മില്‍ ഉണ്ടായിരുന്നതു പൂവേലികളാണ്. സസ്യശാസ്ത്രമല്ല മലയാളമെന്നു വേര്‍തിരിക്കാനും എന്നാല്‍ ഇടയിലൂടെ സഞ്ചാരത്തിനു സാദ്ധ്യതകള്‍ പകര്‍ന്നു തരികയും ചെയ്തിരുന്ന മനോഹരമായ പൂവതിരുകള്‍ ഒരു വിജ്ഞാനമേഖലയും ഒറ്റയൊറ്റയില്‍ കാണാന്‍ കഴിയുകയില്ലെന്നും കുതുകമോടെ ഏകജീവിതാനശ്വരഗാനംപോലെ പൂത്തുമലര്‍ന്ന് അതിരുകള്‍ കലരണമെന്നും പഴമക്കാര്‍ക്കറിയാമായിരുന്നു.

നാമിന്ന് ഓരോ വിഷയങ്ങളെയും കെട്ടിത്തിരിച്ചു ഭിത്തികള്‍ നിര്‍മിച്ചു പരസ്പരം വിനിമയം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുകൂടിയും വരുത്തിക്കഴിഞ്ഞു. കലര്‍ന്നൊഴുകാത്തിടത്തോളം അരുവികള്‍ പുഴകളാവില്ലെന്നും പുഴകള്‍ സാഗരമാകുന്നില്ലെന്നും തിരിച്ചറിവുണ്ടാകണമെങ്കില്‍ നമ്മുടെ വൈജ്ഞാനികമേഖലയോടും നാം ഉറക്കെ വിളിച്ചുപറയണം;

"മാ – വേലി. അരുതു വേലികള്‍."

ഇതുവരെ വന്ന ഇസങ്ങളും ചിന്താധാരകളുമെല്ലാം പിന്നോക്കയാത്രകള്‍ നടത്തുന്ന ഇന്നത്തെ കാലത്തു നാം മുന്നോട്ടു ചിന്തിക്കാന്‍ മടിയാതിരിക്കണം. പരാജയങ്ങള്‍ എന്തുകൊണ്ടു സംഭവിക്കുന്നു എന്ന വിശകലനങ്ങള്‍ നമ്മെ ഏതു വേലിക്കെട്ടുകളെയും പൊളിച്ചെറിയാന്‍ പര്യാപ്തമാക്കണം. എങ്കിലേ പുതിയ തലമുറയുടെ ചിന്തകളില്‍ തീ പകരാനും അവരുടെ കാഴ്ച പ്പാടുകളുടെ അതിരുകള്‍ ചെറുതാകാതിരിക്കാനും നമുക്കൊരു നയം രൂപീകരിച്ചെടുക്കാനാവൂ.

മായുന്ന അതിരുകള്‍: ഡിസിപ്ലിനുകള്‍ മള്‍ട്ടി ഡിസിപ്ലിനറിയായും ഇന്‍റര്‍ ഡിസിപ്ലിനറിയായും അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞ ആഗോളനയങ്ങളില്‍ നിന്നും കാല്‍വഴുതി വീഴുന്നത് ഒരുകാലത്തു വിജ്ഞാനത്തിന്‍റെ ദീപശിഖയായിരുന്ന ഒരു നാടാണെന്നോര്‍ക്കുമ്പോള്‍ നാം നിരാശപ്പെടേണ്ടതുണ്ട്. ഒരു 'സ്നേഹമതിലി'നായി സിമന്‍റും കമ്പിയും ചേര്‍ത്തു ചേര്‍ത്തു നമ്മള്‍ വനിതാമതിലും വിശ്വാസമതിലും തീര്‍ത്തു സങ്കീര്‍ണമാക്കിവയ്ക്കുന്നതു ജീവിതത്തിന്‍റെ നേര്‍വര സാദ്ധ്യതകളാണ്. അതിനെ മറികടക്കാനെങ്കിലും നാം സ്വപ്നങ്ങളുടെ അതിരുകള്‍ മായ്ക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ നമുക്കു നാം പുലര്‍ത്തുന്ന അയഥാര്‍ത്ഥ സുരക്ഷയുടെ പൊള്ളത്തരം ബോദ്ധ്യപ്പെടാന്‍ കഴിയും. ബന്ധങ്ങളിലും സ്നേഹങ്ങളിലും കൂടിയും നാം സൃഷ്ടിച്ച അതിര്‍ത്തികള്‍ മായ്ക്കേണ്ടി വരും. കോറിവരച്ചവടുക്കളെല്ലാം മായ്ച്ചാലേ സ്വച്ഛസുന്ദരമായൊരു ശുഭദിനാ ശംസയ്ക്കു പ്രസക്തിയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org