വിശ്വാസങ്ങളില്‍ നിന്ന് ആചാരങ്ങളിലേക്കുള്ള ദൂരം

രാജാവ്: "ആരവിടെ?"

ഭടന്‍: "ആരുമില്ല."

രാജാവ്: "സാരമില്ല."

വി.കെ.എന്‍. പണ്ടെന്നോ എഴുതിവച്ച ഒരു ഫലിതം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ മനസ്സറിഞ്ഞു ചിരിക്കാന്‍ ഇട വരുത്തിത്തന്ന ശശിമഹാരാജാവിനു നന്ദി. സ്വരൂപനീതിയുടെ ചരിത്രപാഠങ്ങളിലെവിടെയും കണ്ടെത്താത്ത സ്വയം ഊതി വീര്‍പ്പിച്ച ബലൂണ്‍ രാജവംശങ്ങള്‍. ഒറ്റക്കുത്തിനു കാറ്റുകളഞ്ഞതും മറ്റാരുമല്ല. രാജപ്രതിനിധികള്‍ തന്നെയാണെന്നതാണിതില്‍ കാലം കാത്തുവച്ച തമാശ.

ദൈവങ്ങളെക്കുറിച്ചുതന്നെയാണു ചിന്ത. അതിനു മതത്തിന്‍റെ ചേരിതിരിവുകളില്ല. എന്നെ കാത്തുസൂക്ഷിക്കാന്‍ നീ ആയുധം സൂക്ഷിക്കണമെന്നും എനിക്കായി നീ ചോര വീഴ്ത്തണമെന്നും ഏതു ദൈവമാണ്, ഏതു മതഗ്രന്ഥത്തിലാണു പറഞ്ഞിട്ടുള്ളത്? അങ്ങനെ പറഞ്ഞിട്ടുള്ള ദൈവത്തെ നമ്മള്‍ ചെകുത്താനെന്നാണു വിളിച്ചത്. അതിലും ഒരു രസകരമായ സംഗതിയുണ്ട്; ചെകുത്താനുവേണ്ടി ഇതുവരെ യുദ്ധങ്ങളുമുണ്ടായിട്ടില്ല.

എല്ലാ കലാപങ്ങളും മതങ്ങള്‍ക്കുവേണ്ടിയായിരുന്നെങ്കില്‍ ഈ മതത്തെ നാം വായിച്ചതില്‍ എവിടെയോ പിശകുണ്ട്. ഏതോ വരി തെറ്റിപ്പോകുകയോ ഏതോ വാക്ക് വിഴുങ്ങിപ്പോകുകയോ ചെയ്തിരിക്കുന്നു. ജനതയുടെ സാമാന്യബോധം നഷ്ടപ്പെടുമ്പോഴാണ് എന്തും തൊണ്ടതൊടാതെ വിഴുങ്ങുന്നതും. സര്‍വശക്തനായ ദൈവമെന്നു വിളിച്ചു കൂവുകയും എന്നെ രക്ഷിക്കണേ എന്നുറക്കെ കേഴുകയും ചെയ്യുന്ന അതേ താളത്തില്‍ ഞാനുണ്ട് നിന്നെ രക്ഷിക്കാന്‍ എന്നു ദൈവത്തോടു വിളിച്ചുപറയുന്നതിന്‍റെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല.

ഇത്ര ബലഹീനനാണോ ദൈവം? മനുഷ്യന്‍ സംരക്ഷിച്ചില്ലെങ്കില്‍ അംഗഭംഗം വന്നു ദൈവം മരിച്ചുപോകുമോ? സദാ ഉറക്കെ വിളിച്ചു കൂവിയില്ലെങ്കില്‍ ദൈവത്തിനു പേടിച്ചുവിറച്ചു പനി വന്നിരിക്കുമോ? സ്വയം സംരക്ഷിക്കാനറിയാത്തവനാണു ദൈവം എന്നു ഭക്തന്‍ പറയുമ്പോള്‍ അതു നാം ദൈവത്തെ പരിഹസിക്കുകയല്ലേ?

ഭക്തി ഇന്നു നമുക്കൊരു ശക്തിപ്രകടനമാണ്. മേല്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നുംതന്നെ ഒരു പ്രത്യേക മതത്തിന്‍റെ ചട്ടക്കൂടുകളില്ല. ഏതു മതത്തിലും ഇതു സമാനമാണ്. രാഷ്ട്രീയസമ്മേളനങ്ങളുടെ ശക്തിപ്രകടനങ്ങള്‍തന്നെയാണു മതസമുദായങ്ങളിലും നടക്കുന്നത്.

പണ്ടുകാലത്തെ ഇടവകപ്പള്ളിയിലെ പെരുന്നാള്‍ ഓര്‍മ്മയിലുണ്ട്. കുര്‍ബാനയായിരുന്നു പ്രധാന ഘടകം. കുര്‍ബാന കഴിഞ്ഞാല്‍ പ്രദക്ഷിണം. പ്രദക്ഷിണവും കഴിഞ്ഞു ക്ഷീണിതരായി വീട്ടില്‍ ചെന്നു കയറുമ്പോള്‍ കഴിക്കാനുള്ളതാണു ഭക്ഷണം. ഇന്നിത് ഏതു പള്ളിയില്‍ നടപ്പാവുന്നുണ്ട്? തിരുനാളുകള്‍ മറ്റൊരു തരം ശക്തിപ്രകടനങ്ങളായി മാറിയപ്പോള്‍ കുടുംബങ്ങളും മത്സരിക്കുന്നു, എന്‍റെ വീട്ടില്‍ ഈ പെരുന്നാളിനു പത്താളെ കൂടുതലെത്തിക്കാന്‍. ഭക്ഷണവും കലാപരിപാടിയും കഴിഞ്ഞ് ആരെങ്കിലും പള്ളിയിലേക്കിറങ്ങുന്നുണ്ടെങ്കില്‍ അതു വല്ല കച്ചവടക്കാരെയും തേടിയായിരിക്കും. അല്ലെങ്കില്‍ ദീപാലങ്കാരം കാണാന്‍. ദാരിദ്ര്യം പിടിച്ച പെരുന്നാളുകളൊന്നും ഇന്നു കാട്ടുമുക്കിലെ പള്ളികളില്‍പോലും കാണാനില്ല. ഈ പള്ളികളിലൊക്കെ ദൈവം ബാക്കിയാവുന്നുണ്ടോ?

ജപം ഏകാന്തതയിലോ പ്രാര്‍ത്ഥനാമുഹൂര്‍ത്തങ്ങളിലോ ഉരുവിടാനുള്ളതാണ്. പ്രതിഷേധിക്കാനുള്ളതല്ല. മുദ്രാവാക്യങ്ങളായി ശരണം വിളികള്‍ മാറുന്നതു രണ്ടു ശക്തിപ്രകടനങ്ങള്‍ക്ക് ഏറ്റുമുട്ടാനുള്ള തെരുവുകളേ സമ്മാനിക്കൂ.

"നിന്‍റെ ചെരിപ്പുകള്‍ അഴിച്ചുമാറ്റുവിന്‍" എന്നോ ധ്യാനത്തിനിടയില്‍ "ഉറക്കം വരുന്നുണ്ടോ, എങ്കില്‍ പ്രെയ്സ് ദി ലോര്‍ഡ് അഞ്ചു വട്ടം പറയൂ" എന്നോ പറയുന്നതും ദൈവനാമം വൃഥാ പ്രയോഗിക്കലല്ലേ? ഉറക്കം കളയാനുള്ള എക്സര്‍സൈസായി ദൈവസ്തുതി മാറ്റാന്‍ പുരോഹിതന്‍ കൊടുത്ത സ്വാതന്ത്ര്യമാണ് ഇന്നു തെരുവില്‍ ശരണം വിളിച്ചു നടക്കുന്നത്.

രാജ്യമില്ലാത്ത ചില രാജവംശങ്ങളുണ്ട്. പന്തളം പോലെതന്നെ. അവയാണിന്നു മതസമുദായങ്ങള്‍ എന്നറിയപ്പെടുന്നത്. ഈ കപടരാജാക്കന്മാരെ സകലരും തിരിച്ചറിയുന്ന നാള്‍ വരും. അപ്പോഴേക്കും കുറച്ചു ചോരയെങ്കിലും തെരുവില്‍ വീഴുന്നു എന്നതാണു സങ്കടം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org