വിശ്വാസം, അതല്ലേ എല്ലാം

ചെരിപ്പുകളഴിച്ചിട്ട് നാം അകത്തേയ്ക്കു കയറിപ്പോയി, ഇറങ്ങി വരുംവരെയുള്ള നേരം മുഴുവനും നാം ചെരിപ്പിനെക്കുറിച്ചോര്‍മിക്കാതിരുന്നത് ഒരു വിശ്വാസത്തിന്‍റെ ബലത്തിലാണ്. തിരിച്ചെത്തുമ്പോള്‍ നമ്മുടെ ചെരിപ്പുകള്‍ നമ്മളെത്തന്നെ കാത്തിരുപ്പുണ്ടാകും എന്ന വിശ്വാസം. ചെരിപ്പിനൊപ്പം മനസ്സും പുറത്തുവച്ചു കയറുന്നവരെക്കുറിച്ചല്ല കേട്ടോ. അകത്തിരിക്കുന്ന നേരത്ത് അകത്തു മാത്രം ആയിരിക്കുന്നവരെക്കുറിച്ചാണു സമൂഹത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച്!

ഇനി ഭൂരിപക്ഷത്തിന്‍റെ ധാരണകളെ നോക്കാം. അതും ഒരു വിശ്വാസമാണ്. ഈശ്വരനുണ്ടെന്നതുപോലെ ഒരു വിശ്വാസമാണല്ലോ, ഈശ്വരന്‍ ഇല്ല എന്നതും. Power of now, Living in the moment എന്ന ധാരണകളാണ് അടിയുറയ്ക്കേണ്ടത്.

പാലാരിവട്ടം പാലത്തിലും കുണ്ടന്നൂര്‍ റോഡിലും മരടു ഫ്ളാറ്റിലുമായി സമീപകാലത്തിതു പ്രകടമായി തെളിഞ്ഞുകാണാം. ആകെത്തുക ഇത്രയേയുള്ളൂ, എനിക്കറിയാം ഇങ്ങനെയൊന്നുമല്ല വേണ്ടതെന്ന്. പക്ഷേ, ഞാനിങ്ങനെ ചെയ്താലും എന്നെ ചിലര്‍ സംരക്ഷിക്കും എന്ന ചില അമിതമായ വിശ്വാസങ്ങളും പുറത്തുള്ള ചില പ്രവര്‍ത്തനങ്ങളുമാണു മേല്പറഞ്ഞ സ്ഥലങ്ങളെല്ലാം ഇന്നു നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനം. കാരണം, കാലകാലങ്ങളായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ അതു തടസ്സംവിനാ നടന്നുപോന്നിട്ടുണ്ട്.

പറഞ്ഞുവന്നത്, ഇന്നത്തെ നമ്മുടെ വിശ്വാസങ്ങള്‍ക്കെല്ലാം ഒരു പ്രകടനപരതയുണ്ടെന്നാണ്. ഇടയ്ക്ക് ഒരു തട്ടു കിട്ടിയാല്‍ ഒന്നു കുലുങ്ങും. ഈ ഉറപ്പുകളെല്ലാം തന്നെ. 'വിശ്വാസപ്രമാണം' എന്ന പ്രാര്‍ത്ഥനപോലെ. പ്രാര്‍ത്ഥനയ്ക്കിടെ കോഴിക്കൂടിനുമേല്‍ തേങ്ങാ വീണാല്‍ മതി, വിശ്വാസപ്രമാണം പിന്നെ 'റീ'യടിക്കുകയല്ലാതെ രക്ഷയില്ല.

വിശ്വസ്തതയുടെ കാര്യത്തില്‍ നമ്മളിന്നെവിടെയാണെത്തി നില്ക്കുന്നതെന്ന് എപ്പോഴെങ്കിലും നാം ഓര്‍മിച്ചിട്ടുണ്ടോ? ദുരന്തമാണീ ഓര്‍മകള്‍ നമുക്കു സമ്മാനിക്കുക.

"ആദ്യമായി സ്കൂളില്‍ പോകുന്ന കുഞ്ഞുമോള്‍ക്ക് ആശംസയുമായി അപ്പൂപ്പന്‍, അമ്മൂമ്മ, അപ്പന്‍, ആന്‍റി, കുട്ടു, ടുട്ടു, മിട്ടു…"

"ദാമ്പത്യത്തിന്‍റെ ഈ വാര്‍ഷികവേളയില്‍ എന്‍റെ പ്രിയ ഭര്‍ത്താവിന് / ഭാര്യയ്ക്കു ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നുകൊണ്ട്."

"ഈ വാലന്‍റൈന്‍സ് ദിനത്തില്‍ എന്‍റെ പ്രിയപ്പെട്ട പ്രണയിനിക്കു പ്രേമപൂര്‍വം…" – നമുക്കെത്ര പരിചിതമാണീ സന്ദേശങ്ങള്‍!

ഒന്നും വേണ്ട, വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഹാപ്പി ബെര്‍ത്ത് ഡേ പറയുമ്പോള്‍ നേരിട്ടു കണ്ടു വിഷ് ചെയ്തതാണെങ്കില്‍പ്പോലും ഒരു പൂവോ ഒരിലയോ ഒരു തംസപ്പോ അവിടെ കിട്ടിയില്ലെങ്കില്‍ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരുമൊക്കെ നമ്മെ സംശയിക്കുന്ന അവസ്ഥയിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു കാര്യങ്ങള്‍.

ഒരൊഴുക്കിലാണു നമ്മള്‍, പ്രകടനപരതയുടെ ഒരു കുത്തൊഴുക്കില്‍. അതില്‍ ഏറ്റവും ഉലഞ്ഞുപോയിരിക്കുന്നതു trust അഥവാ വിശ്വാസങ്ങളായിപ്പോയെന്നതാണു ദയനീയം. ഉറച്ചുപോയ ധാരണകളെ വിശ്വാസം എന്നു വിവക്ഷിക്കാം. ഇന്നത്തെ കാലത്ത് പക്ഷേ, പ്രായോഗികതയുമായി ബന്ധപ്പെടുത്തിയാണു നാമിതിനെ വിലയിരുത്തുന്നത്. "കാര്യമൊക്കെ ശരിയാണ്; പക്ഷേ ഇന്നത്തെ കാലത്ത് ഇതൊന്നും പറഞ്ഞിരുന്നിട്ടു കാര്യമില്ല" എന്ന നിലപാട് ഊട്ടിവളര്‍ത്തിയാണ് അഴിമതിയും കെടുകാര്യസ്ഥതയും നമ്മളിങ്ങനെ പോഷിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ ദിവസം വീണ്ടും കണ്ട ഒരു ചിത്രമോര്‍മിക്കുന്നു; ടാങ്ക്മാന്‍. എണ്‍പതുകളുടെ അവസാനത്തില്‍ ടിയാനന്‍മെന്‍ സ്ക്വയറിലേക്കു കൊലവിളിച്ചെത്തിയ ടാങ്കിനു മുന്നില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന 'ടാങ്ക്മാന്‍'. എന്തൊരു പ്രതീക്ഷ നല്കുന്ന ചിത്രമാണിത്! ഏതൊരാള്‍ക്കും ചിലതു ചെയ്യാനുണ്ട്. എല്ലാവരും നന്നായാലേ ഞാന്‍ നന്നാവുന്നതില്‍ അര്‍ത്ഥമുള്ളൂ എന്ന ധാരണകളെ പൊളിച്ചടുക്കുന്ന ചിത്രം.

ഒറ്റയ്ക്കും ചിലതു ചെയ്യാനുണ്ട്. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയ ഒരു സര്‍ക്കാര്‍ ഓഫീസില്‍ രാവന്തിയോളം പണിയെടുക്കുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ ചെയ്യുന്നതാണു ശരിയായ സമരം. അല്ലാതെ, സമരം മാത്രം ശീലിച്ച, സമരമാണ് ഏറ്റവും മഹത്തരമായത് എന്നു വിശ്വസിക്കുന്ന സര്‍വകലാശാലകള്‍ അവിടേക്കു നയിക്കുന്ന പ്രതിഷേധമാര്‍ച്ചല്ല. വീടു പണിതു നല്കി, അതിനേക്കാള്‍ വലിയ താക്കോലുണ്ടാക്കി കൈമാറ്റം ചെയ്തു വാര്‍ത്തയാക്കുന്ന നന്മക്കൂട്ടായ്മകളേക്കാള്‍ ആരുമറിയാതെ ആ വീടിന് ഒരു ചാക്ക് സിമന്‍റ് സമ്മാനിച്ച പ്രവൃത്തിയാണ് ശരിയായ സമരം. പ്രളയത്തില്‍ കുനിഞ്ഞുനിന്നു മറ്റൊരാള്‍ക്കു രക്ഷ നല്കാന്‍ സ്വന്തം പുറം ചവിട്ടുപടിയാക്കി നല്കിയ നന്മയാണു സമരം.

പ്രകടനപരതകളില്‍നിന്നു നാം നമ്മുടെ വിശ്വാസസംഹിതകളെ മോചിപ്പിച്ചെടുക്കാന്‍ കഴിയാതെ വരുമ്പോഴാണ് അംബരം ചുംബിക്കാനടുത്തുനില്ക്കുമ്പോഴും മരടു നമ്മുടെ നീതിബോധത്തിന്‍റെ കരടായി മാറുന്നത്. പാവപ്പെട്ടവനും പണക്കാരനും ഒരിക്കല്‍ അളന്നുതൂക്കേണ്ടി വരുമെന്ന ശ്രീറാം വരെ പഠിച്ചുറയ്ക്കുന്ന കാലം അതിവിദൂരമൊന്നുമല്ല. എത്ര ചാരം മൂടിക്കിടക്കുമ്പോഴും ഒരു ചെറിയ നിശ്വാസത്തിലും നീതിയുടെ കനല്‍ ആളുകതന്നെ ചെയ്യുമെന്നതിന്‍റെ ശുഭസൂനയാണു വാസ്തവത്തില്‍ ഈ സമകാലീന സംഭവങ്ങളെല്ലാം തന്നെ തെളിയിക്കുന്നത്.

പറഞ്ഞുവരുന്നത്, നമുക്കിനിയും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്ന ചങ്കൂറ്റങ്ങളെക്കുറിച്ചാണ്. ഒറ്റയ്ക്കാണെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ലെന്ന ധൈര്യം, ഒറ്റയ്ക്കാവുമ്പോള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. നൂറുകണക്കിനാളുകള്‍ക്കിടയില്‍ നിന്നു ഞെരുങ്ങുമ്പോള്‍ അതു തലയില്‍ കയറില്ല എന്നതാണു പ്രശ്നം.

നോക്കൂ, നമ്മുടെ എത്ര ഉറച്ച ധാരണകളെയും അടിയിളക്കിക്കളയാന്‍ നന്മയുടെ ആര്‍ജ്ജവത്തിന്‍റെ ഒരു നേര്‍ത്ത വെട്ടം മതി എന്നതു നമുക്കൊരു പ്രതീക്ഷയാവണം. നട്ടെല്ലു വളയാതെ ശരിയുടെ പക്ഷത്തുനിന്ന്, ഇതു സാദ്ധ്യമാണു സുഹൃത്തേ എന്ന് ഉറക്കെ പറയാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org