ജലംകൊണ്ട് മുറിവേല്ക്കാതിരിക്കാന്‍

ചരിത്രാന്വേഷണ കൗതുകങ്ങള്‍ക്കിടയില്‍ എപ്പോഴോ കണ്ണില്‍ പതിഞ്ഞിട്ടുണ്ട്, 99-ലെ വെള്ളപ്പൊക്കം അടയാളപ്പെടുത്തപ്പെട്ട ചുവര്‍. ഡിപ്പാര്‍ട്ടുമെന്‍റിലെ ചര്‍ച്ചയ്ക്കിടെ പലപ്പോഴും മിഥുനോ അമലോ ഈയടുത്തുകൂടിയും ഇതോര്‍മ്മപ്പെടുത്തി. എത്രയോ വലിയ ചരിത്രത്തെളിവാണല്ലോ എന്ന് അത്ഭു തം കൂറി.

ഇന്നു പ്രളയമൊഴിഞ്ഞു തീര്‍ന്ന പകലൊഴിവുകളില്‍ ഓര്‍മ്മിക്കാന്‍ എത്രയെത്ര അടയാളങ്ങള്‍! 99-ലെ പ്രളയം വിഭാവനം ചെയ്യാന്‍ ഇന്നു കേരളത്തിനു വലിയ ബുദ്ധിമുണ്ടാവില്ല. പ്രളയത്തിലൊഴുകിപ്പോയ അപ്പനെക്കുറിച്ച് അമ്മൂമ്മയുടെ തൊണ്ണുറുകളില്‍ ഓര്‍മ്മിക്കപ്പെടുന്ന ചിത്രണത്തിനുപോലും എന്നാലിന്നു മിഴിവുണര്‍ത്താന്‍ ശേഷിയുണ്ട്.

പുഴമ്പള്ളയില്‍ നിന്നു നോക്കുമ്പോള്‍ എത്രയോ താഴ്ന്നു കിടന്നിരുന്ന പുഴയാണ് ഇങ്ങനെ പടര്‍ന്നു പടര്‍ന്ന് ആകാശച്ചെരിവുകളോളം പരന്നത് എന്ന് ഇന്നും അതിശയംപോലെ. വഴിയിലെത്തിയ വെള്ളം മുട്ടിനും മുകളിലേക്കുയരുന്നുണ്ട് എന്ന തിരിച്ചറിവുപോലെ പേടിപ്പെടുത്തിയില്ല. ഹേയ് ഇതു വിട്ടൊന്നുമുയരില്ല എന്നതാണു വിശ്വാസം. എന്നാല്‍ 99-ല്‍ കടന്നുപോയ വഴികളും മനോരമ വരച്ച മാപ്പും കാണാഞ്ഞു വെള്ളം ചാലക്കുടിയെ വിഴുങ്ങിയപ്പോള്‍ സമാനചരിത്രം പിടിക്കാന്‍ കൊല്ലവര്‍ഷം 99 പോരാതെ വന്നു. നമ്മള്‍ ഏ.ഡി. 1341-ഓളം പിന്നോട്ടുപോയി.

എനിക്കെല്ലാം നഷ്ടപ്പെട്ടേ എന്നു വിലപിച്ചിരിക്കേണ്ട കാലമല്ലിത്. 1924-ല്‍ ആരോ രേഖപ്പെടുത്തിവച്ച അടയാളക്കണക്കുകള്‍ ഓരോ പ്രദേശത്തെയും വീടുകളില്‍ക്കൂടിയും ആലേഖനം ചെയ്യണം. കാരണം വരും തലമുറ പഠിക്കേണ്ടതുണ്ട്, എങ്ങനെ ഒരു നാട് ഒരു പ്രളയത്തെ അതിജീവിച്ചുവെന്ന്. സാങ്കേതികതയും കരുത്തും ഏറെ ഉയര്‍ന്നുനില്ക്കുന്ന കാലത്ത് കേരളം എങ്ങനെ കരളുറപ്പോടെ നിന്നുവെന്ന്. ജാതിമതവിഭാഗീയതകളെയെല്ലാം ഒരു പ്രളയം എങ്ങനെ ഒഴുക്കിക്കളഞ്ഞു വെന്ന്.

മൂവായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ എഴുപതിനായിരത്തിലധികം പേരെ രക്ഷിച്ചെടുത്തപ്പോള്‍ മുഖ്യമന്ത്രി ആദരിക്കാനുപയോഗിച്ച വാക്കിതാണ്. കേരളത്തിന്‍റെ സ്വന്തം സൈന്യം പ്രാന്തവത്കൃത ലേബലുകളെല്ലാം വരേണ്യതയുടെയും മുകളിലൊട്ടിക്കപ്പെടുന്ന ചരിത്രദൗത്യത്തിനും പ്രളയാനന്തര കേരളം സാക്ഷിയായി. എന്തിന്, ഒരു കയ്യൊഴിവുള്ളവനൊക്കെയും അത് മറ്റൊരാള്‍ക്കു നീട്ടിനല്കുന്നതു നാം കണ്ടു

നാടു തകര്‍ന്നിരിക്കുന്നു. മനസ്സല്ലഒരു മനസ്സായി നാം വീണ്ടും കെട്ടിപ്പടുക്കേണ്ടത് ഒരു സംസ്ഥാനമാകെയുമാണ്. പതിനായിരങ്ങളിലൊതുങ്ങാത്ത കോടിക്കണക്കിനു നഷ്ടങ്ങളെ തിരിച്ചുപിടിക്കാന്‍ കരളുറപ്പും കൈക്കരുത്തും മാത്രം പോരാ പണവും വേണം. കാശുകുടുക്കകളും സ്കോളര്‍ഷിപ്പുകളും അടര്‍ത്തിയെടുത്ത് ഗവണ്‍മന്‍റിനു നല്കുന്ന കുഞ്ഞു മാതൃകകളുടെ നൈര്‍മ്മല്യത്തിലും മനസ്സ് നോവുന്നതു സമ്പന്നന്‍റെ മനസ്സ് കാണുമ്പോഴാണ്. എന്‍റെ വലിയ ശമ്പളമായതിനാല്‍ അതെനിക്കെടുത്തു നല്കാന്‍ ഇത്തിരി വിഷമമുണ്ട് എന്നുറക്കെ പറയുന്നവരെയും കണ്ടു. ഓരോരുത്തനും അവനവന്‍റെ കൊച്ചു സമ്പാദ്യത്തില്‍ നിന്ന് പകുത്തുവയ്ക്കാന് തയ്യാറാകുമ്പോള്‍ വലിയ സമ്പാദ്യത്തില്‍ നിന്നു ചെറിയ തുക നല്കാന്‍ പോലും സമ്പന്നന്‍ പേടിക്കുന്നു. എന്‍റെ വീട്, എന്‍റെ സുഖങ്ങള്‍ വെളളം കയറിയതിനെ അലോസരപ്പെടുത്താത്തിടത്തോളം കാലം നമുക്കതു മനസ്സിലാവില്ല, ജലത്താല്‍ മുറിപ്പെട്ടവന്‍റെ നൊമ്പരങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org