|^| Home -> Pangthi -> പലവിചാരം -> പൂക്കള്‍, പ്രളയം; പിന്നെ ജീവിതം

പൂക്കള്‍, പ്രളയം; പിന്നെ ജീവിതം

ലിറ്റി ചാക്കോ

ഒരു പ്രളയത്തില്‍ മുങ്ങിമരിച്ച്, മറ്റൊരു പ്രളയത്തെ അതിജീവിച്ച്, നമ്മള്‍ വീണ്ടും പൂവുകളുടെ ഒരു പുണ്യകാലത്തേക്കെത്തുന്നു. മൂന്നു വാക്കില്‍ തീര്‍ക്കാവുന്ന ചില നേര്‍ക്കാഴ്ചകളുണ്ട്. അതാണു പൂക്കള്‍, പ്രളയം പിന്നെ ജീവിതം

ജീവിതം അനുദിന അനുഭവങ്ങളാണ്. നാം തീര്‍പ്പു കല്പിച്ച ചില ധാരണകളുടെ പുറത്ത് നിരന്തരം നാം അനുവര്‍ത്തിക്കുന്ന ജീവിതം. നമ്മുടെ സൗകര്യത്തിനു നാം നിരത്തിയ മണ്ണിടങ്ങള്‍. നമുക്കു പാത തീര്‍ക്കാന്‍ നാം തീര്‍ത്ത ഉറവുകള്‍. നമ്മുടെ മാത്രം സൗകര്യങ്ങള്‍ക്കുവേണ്ടി ഒരു പ്ലാസ്റ്റിക് കവര്‍ പോലെയോ എഴുതിക്കഴിഞ്ഞ പേനപോലെയോ നാം വലിച്ചെറിഞ്ഞ നമ്മുടെ വേണ്ടായ്കകള്‍.

മുറ്റത്തൊക്കെ ടൈലിട്ടു നാം വീടിന്‍റെ അകത്തളങ്ങള്‍ക്കു മോടി കൂട്ടിയാല്‍ മതിയെന്നായി. അപ്പോഴും ടൈലിനടിയില്‍ ഒരു പ്ലാസ്റ്റിക് ടാര്‍പോളിന്‍ വിരിച്ച് ഒരു പുല്‍നാമ്പും അതിനിടയില്‍ തുലയയുര്‍ത്തരുതെന്നു നാം ഉറപ്പു വരുത്തി! മുറ്റത്തു മണ്ണിനെ പുണരാതെ മഴ, വഴിയിലേക്ക് ഓടിയിറങ്ങിപ്പോകുന്നതു കണ്ടു നമ്മള്‍ എത്രയോ ആനന്ദിച്ചിരിക്കുന്നു!

പ്രളയങ്ങളുടെ പഴക്കം തേടുന്ന യാത്ര നമ്മളെ പുരാണങ്ങളില്‍ കൊണ്ടേത്തിക്കും. നോഹയുടെ കാലത്തെ പ്രസിദ്ധമായ പ്രളയവും മത്സ്യപുരാണത്തിലെ മത്സ്യാവതാരവുമൊക്കെ ഈ മിത്തുകളുടെ ഭാഗമാണ്. പ്രളയത്തെക്കുറിച്ചുള്ള പാശ്ചാത്യ പൗരസ്ത്യ വീക്ഷണങ്ങള്‍ തന്നെ രസകരമാണ്. ഭാരതീയ സംസ്കൃതിയില്‍ ഗംഗാനദിയില്‍ പ്രളയമുണ്ടാകാന്‍ കാരണം നദിയല്ല മീനാണ് എന്നു വരുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെല്ലാംതന്നെ നദിയെയാണു ദുഃഖമായവതരിപ്പിക്കുന്നത്. നൈല്‍ ഈജിപ്തിന്‍റെ ദുഃഖം എന്നാണു നാം ക്വിസ് മത്സരങ്ങളില്‍ ഏറ്റെടുക്കാന്‍ പഠിച്ചത്; അതിനു കാരണമൊന്നേയുളളൂ. പ്രകൃതിയെ ഈ രണ്ടു കൂട്ടരും കണ്ടതെങ്ങനെ എന്ന ചോദ്യത്തിന്‍റെ ഉത്തരംകൂടിയാവുമത്. പൗരസ്ത്യര്‍ പ്രകൃതിയെ ഉപാസിച്ചു ജീവിതം കരുപ്പിടിപ്പിക്കാന്‍ ഭാഗ്യമുണ്ടായവരും പാശ്ചാത്യര്‍ പ്രകൃതിയോടു മല്ലിട്ടു ജീവിക്കേണ്ടി വന്ന ഹതഭാഗ്യരുമാണ്. അതിനാല്‍ത്തന്നെ ഈ രണ്ടു സംസ്കാരങ്ങളിലും അതാതിന്‍റെ പ്രതിഫലനങ്ങള്‍ സ്വാഭാവികം. പ്രകൃതിയെ നാം പാശ്ചാത്യ കണ്ണട വച്ചു നോക്കാന്‍ തുടങ്ങിയതു മുതല്‍ക്കാണു നമ്മുടെ താളം ക്രമാതീതമായി തെറ്റിത്തുടങ്ങിയത്. എല്ലാം മനുഷ്യനുവേണ്ടിയാണെന്ന ചിന്തയില്‍ നാം നമ്മുടെ യൂട്ടിലിറ്റി ലിസ്റ്റിലേക്കു പ്രകൃതിയെ മാറ്റിയപ്പോള്‍ മാത്രം.

നമുക്കു വേണ്ടതു പ്രളയാനന്തര പ്രകൃതി സ്നേഹമല്ല. രണ്ടു കാര്യങ്ങള്‍ മാത്രം ചിന്തിച്ചാല്‍ മതി, നാം ഓരോരുത്തരും എങ്ങനെ ഈ ദുരന്തത്തിന്‍റെ പങ്കുപറ്റുന്നുണ്ടെന്നു തിരിച്ചറിയാന്‍. ഒന്ന്, ഇരുപത്തിനാലു മണിക്കൂറില്‍ എത്രത്തോളം നാം സമരസപ്പെടലിന്‍റെ ഒരു ജീവിതം നയിക്കുന്നുണ്ട്? രണ്ട്, നമ്മുടെ ഓരോ നിമിഷത്തിലെയും തെരഞ്ഞെടുപ്പുകള്‍ എത്രത്തോളം പ്രകൃതിയെ മുറിവേല്പിക്കാന്‍ പര്യാപ്തമാണ്? രാവിലെ യൂറോപ്യന്‍ ഫ്ളഷ് ടാങ്കുകളില്‍ നിന്നു പിഴിയുന്ന വെള്ളത്തിന്‍റെയും ടാപ്പു തുറന്നു ഫ്രഷ് ചെയ്തു ശീലിച്ചു നാം നഷ്ടപ്പെടുത്തിയ വെള്ളത്തിന്‍റെയും കണക്കുകള്‍ നമ്മുടെ തല താഴ്ത്തിക്കളയുകതന്നെ ചെയ്യും. ഈ വര്‍ഷത്തെ ഉരുള്‍പൊട്ടലില്‍നിന്നു രക്ഷപ്പെട്ട ഒരു ആദിവാസികുടുംബത്തോടു സംവദിച്ച എന്‍റെ സഹപ്രവര്‍ത്തക ബീന പങ്കു വച്ച ഒരു കൗതുകകരമായ വിവരണമുണ്ട്. അയാളും കുടുംബവും ഉരുള്‍പൊട്ടുന്നതിനുമുമ്പേ ഓടി രക്ഷപ്പെട്ടവത്രേ. കാരണം, അയാള്‍ക്കു മണ്ണു ചീഞ്ഞതിന്‍റെ മണം വന്നു എന്നാണയാള്‍ പറഞ്ഞത്.

മണ്ണു ചീയുക! മണ്ണു ചീഞ്ഞ മണം ഉരുള്‍ പൊട്ടല്‍ സാദ്ധ്യതയാണെന്നു തിരിച്ചറിവുണ്ടാകുക! നമ്മുടെ പരമ്പരാഗത വൈജ്ഞാനികമേഖല എത്രയോ മികച്ചതായിരുന്നു! ഓണത്തുമ്പികള്‍ താണു പറക്കുമ്പോള്‍ മഴ വരുന്നുവെന്നു വിളിച്ചുപറയാറുള്ള അമ്മൂമ്മയെ ഓര്‍മിക്കുന്നു. സദ്ഗുരുവും സമാനമായൊരനുഭവം പങ്കുവയ്ക്കുന്നുണ്ടെന്ന് ഒരു സുഹൃത്തും ഓര്‍മിച്ചെടുത്തു. കൃഷിയിടത്തില്‍ സഹായിച്ചിരുന്ന ഒരു മൂകനായ കൃഷിക്കാരന്‍ എങ്ങനെ കൃത്യമായി ഈ മഴയെ പ്രവചിക്കുന്നു എന്നു നിരീക്ഷിക്കുമ്പോള്‍, അയാളെയും മണ്ണിന്‍റെ മണമാണു മഴയെ പ്രവചിക്കാന്‍ സഹായിക്കുന്നത്. മേഘാവൃതമായ അന്തരീക്ഷത്തിന്‍റ സമ്മര്‍ദ്ദങ്ങളില്‍ മണ്ണിരകളും മറ്റു ചെറുജീവികളും പതിവില്ലാതെ സഞ്ചാരം വര്‍ദ്ധിപ്പിക്കുമ്പോള്‍ മണ്ണ് ഇളകും. ആ ഗന്ധമാണയാള്‍ മഴപ്രവചനത്തിനെടുത്തത്.

ബോബിയച്ചന്‍ പറഞ്ഞതോര്‍മിക്കുന്നു. കാട്ടുതീയുണ്ടാകുമ്പോള്‍ ആദ്യമറിയുക, കുഞ്ഞു കിളികളും ചെറുചെറു ജീവികളുമൊക്കെയാണ്. അവ ക്രമാതീതമായി ചിറകുകളടിച്ചു വെപ്രാളപ്പെട്ടു കലമ്പും. അതൊരു സൂചനയാണ്. കാടിന്‍റെ ഹൃദയത്തിലെവിടെയോ ഒരു കനല്‍ വീണിരിക്കുന്നു, ഓടി രക്ഷപ്പെടുവിന്‍ എന്ന് ആനയ്ക്കും സിംഹത്തിനും പുലിക്കുമൊക്കെ നല്കുന്ന സൂചന. കരുത്തന്‍ എന്നഹങ്കരിക്കുന്നവന് എളിയ ചിലരുടെ ഓര്‍മപ്പെടുത്തലുകള്‍ വേണം അതിജീവനത്തിനെന്ന് എത്ര കാവ്യാത്മകമായാണീ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

ചവിട്ടിത്തേയ്ക്കപ്പെടുമ്പോഴും പുറപ്പെടുവിക്കുന്നതു സുഗന്ധംതന്നെയാണെന്നതോര്‍മിച്ച് അതാണു പൊറുക്കല്‍ എന്നു മാര്‍ക്ക്ട്വൈന്‍ പറയുന്നുണ്ട്. മഴയെന്നത് അനുഗ്രഹമാണ്; പൂക്കള്‍ പോലെ. മരമതിനെ മണ്ണിലാഴ്ത്താനുള്ള വാശിയാണെന്നു മനുഷ്യന്‍ മറന്നിടത്താണ് അതു പ്രളയമായി രൂപാന്തപ്പെടുന്നത്. മണ്ണിലാഴ്ന്ന വേരുകളില്‍ വെട്ടേറ്റ മരങ്ങളാണ് ഈ ദുരന്തത്തിന്‍റെ മൂകസാക്ഷികള്‍. കാടുമുഴുക്കെ പൂത്ത സുഗന്ധങ്ങളെല്ലാം ഇന്നു പച്ചില ചതഞ്ഞ ഗന്ധങ്ങള്‍ക്കു വഴിമാറിപ്പോയിരിക്കുന്നു.

പൂക്കള്‍: നാളെ കനിയായും കായായും മരമായും മാറാന്‍ ഇനിയും സാദ്ധ്യതകളുണ്ടെന്ന പ്രതീക്ഷയാണ്. ലോലവും മാര്‍ദ്ദവമേറിയതുമായ പ്രതീക്ഷ. അങ്ങനെ തികച്ചും ലളിതമായി, പ്രകൃതിയില്‍ ഇഴുകിച്ചേര്‍ന്നുള്ള ജീവിതത്തെ പ്രണയിക്കാന്‍ ഈ സുഗന്ധങ്ങള്‍ക്ക് ഇനിയും കഴിയും. ഈ ജീവിതരീതിയോടുള്ള പ്രണയവും അതിലേക്കെത്താനുള്ള പ്രവര്‍ത്തനവുമാണ് ഏറ്റവും വലിയ പ്രാര്‍ത്ഥന. അതുതന്നെയാകട്ടെ നമ്മുടെ മതവും.

മണ്ണിനെക്കുറിച്ചൊരു പഴങ്കഥകൂടി ഓര്‍മിപ്പിച്ചു നിര്‍ത്താം. കൃഷ്ണന്‍ മണ്ണു വാരിത്തിന്നുന്ന നേരത്ത് അമ്മ വന്നു വാതുറക്കാന്‍ പറയുന്നുണ്ട്. അവളവിടെ ഭൂമിയെ കണ്ട് അമ്പരന്നു എന്നതാണു കഥ. ഒരുപിടി മണ്ണില്‍ പ്രപഞ്ചത്തെ കാണാന്‍ കെല്പുള്ള നമ്മുടെ പൂര്‍വികരുടെ സമ്യക് ദര്‍ശനമാണത്. പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിതത്തില്‍ നാം കൈവരിക്കേണ്ട ഈയൊരു സമഗ്രദര്‍ശനത്തിലാണു നമ്മുടെ ഇനിയുള്ള ഭാവിയും പ്രതീക്ഷയും.

Leave a Comment

*
*