പള്ളിമുറ്റത്തെ ആനക്കാര്യം

പള്ളിമുറ്റത്തെ ആനക്കാര്യം

അടുത്ത കാലത്ത് അരുവിത്തുറ പള്ളിയില്‍ ആനയെ വെഞ്ചെരിച്ചു എന്നത് വിവാദമാക്കിയവരുണ്ട്. ആനയെ മാമ്മോദീസാ മുക്കി; മതം മാറ്റി; ഇനിയങ്ങനെ ആ ആന വേണ്ടിവന്നാല്‍ അമ്പലത്തില്‍ കയറും എന്നിങ്ങനെപോയി വിമര്‍ശനങ്ങള്‍. വെള്ളയുടപ്പണിഞ്ഞവര്‍ കാണിക്കുന്ന കോപ്രായങ്ങള്‍ എന്ന് വിശേഷിപ്പിച്ചവരും കുറവല്ല. എല്ലാ വിമര്‍ശനങ്ങളും മറുപടി അര്‍ഹിക്കുന്നില്ല എന്ന് സമ്മതിച്ചുകൊണ്ടും സഭയില്‍ നടക്കുന്നതെല്ലാം വിമര്‍ശനാതീതമല്ല എന്ന് അംഗീകരിച്ചുകൊണ്ടും നമുക്ക് ആനക്കാര്യത്തിലേക്ക് വരാം.

കാട്ടിലെ ആനയെ പിടിച്ച് മെരുക്കി നാട്ടാനയാക്കി പണിയെടുപ്പിക്കണോ എന്ന വിഷയം നാമിവിടെ പരിഗണിക്കുന്നില്ല. ആ ചോദ്യത്തിന് പല മാനങ്ങളുണ്ട്. ഏതൊക്കെ മൃഗങ്ങളെ മെരുക്കി നാട്ടുമൃഗമാക്കാം എന്ന വലിയ ചോദ്യം അത് ഉയര്‍ത്തുന്നുണ്ട്. ഒരു മൃഗ ത്തെയും അതിന്‍റെ ആവാസവ്യവസ്ഥയില്‍നിന്ന് മാറ്റി മനുഷ്യരുടെകൂടെ നിര്‍ബന്ധിച്ച് പാര്‍പ്പിക്കുന്നത് ആശാസ്യമല്ല എന്നതായിരിക്കും ഏറ്റവും ഉത്തമമായ ഉത്തരം. മനുഷ്യരുടെ അതിജീവനത്തിന് ഒഴിവാക്കാനാവാത്ത പക്ഷിമൃഗാദികളെ അവയുടെ സുസ്ഥിതി പരമാവധി ഉറപ്പാക്കി വളര്‍ത്താതെന്തു ചെയ്യും എന്ന് ചോദിക്കുന്നതായിരിക്കും പ്രായോഗികമായ ഉത്തരം. മനുഷ്യര്‍ മൃഗങ്ങളെ ഇണക്കിയും മെരുക്കിയും വളര്‍ത്തുന്നുണ്ട് എന്ന വാസ്തവം പരിഗണിച്ചുകൊണ്ട് ആന ഉള്‍പ്പടെയുള്ള മൃഗങ്ങളെ വെഞ്ചെരിക്കുന്നതിന്‍റെ വിശ്വാസയുക്തിയാണ് നാമിവിടെ പരിഗണിക്കുന്നത്.

വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും അവയെ വെഞ്ചെരിക്കുന്നതും സഭാപാരമ്പര്യത്തില്‍ പുതിയ കാര്യമല്ല. പാശ്ചാത്യസഭയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലിനോ അതിനടുത്തുവരുന്ന ഞായറാഴ്ചയോ ഇത് ചെയ്യാറുണ്ട്. ഫ്രാന്‍സിസ്കന്‍ പാരമ്പര്യത്തില്‍ വളര്‍ന്നു വന്ന ഒരു ആചാരമാണിത്. മൃഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അവയുടെമേല്‍ വിശുദ്ധജലം തളിക്കുന്നതിന്‍റെ അര്‍ത്ഥം അവയെ മാമ്മോദീസാ മുക്കുന്നു എന്നല്ല. വാഹനം വെഞ്ചെരിക്കുമ്പോള്‍ അതിനെ മാമോദീസാ മുക്കുന്നു എന്ന് വിശ്വാസകാര്യങ്ങളെക്കുറിച്ച് പ്രാഥമിക വിവരമുള്ളവരാരും പറയാറുമില്ല. മൃഗങ്ങളെയും പക്ഷികളെയും വെഞ്ചെരിച്ച് പ്രാര്‍ത്ഥിക്കുന്ന രീതി സഭയിലുണ്ട് എന്നേയുള്ളൂ. അതല്ലാതെ വീടുകളിലെ എല്ലാ പക്ഷിമൃഗാദികളെയും വെഞ്ചെരിച്ചുകൊള്ളണം എന്ന് സഭ നിഷ്കര്‍ഷിക്കുന്നുമില്ല.

മൃഗങ്ങളെ വെഞ്ചെരിച്ച് പ്രാര്‍ത്ഥിക്കുന്നതിന്‍റെ അര്‍ത്ഥം വെഞ്ചെരിപ്പിന്‍റെ ദൈവശാസ്ത്രത്തില്‍നിന്ന് രൂപമെടുക്കുന്നതാണ്. ദൈവത്തിന്‍റെ കൃപയാല്‍ വിശുദ്ധീകരിക്കുക എന്നതാണ് വെഞ്ചെരിപ്പിന്‍റെ പ്രാഥമിക അര്‍ത്ഥം. വെഞ്ചെരിക്കപ്പെടുന്ന വസ്തുവിന്‍റെ സ്വഭാവത്തിനനുസരിച്ച് ദൈവികമായ വിശുദ്ധീകരണത്തിന്‍റെ ഫലവും വ്യത്യാസപ്പെട്ടിരിക്കും. ഒരു കിണര്‍ വെഞ്ചെരിക്കുമ്പോള്‍ കിട്ടേണ്ട ഫലമല്ല ഒരു കാറു വെഞ്ചെരിക്കുമ്പോള്‍ നാം ആഗ്രഹിക്കുന്നത്. നമുക്ക് വിലപ്പെട്ടതും വേണ്ടപ്പെട്ടതുമെല്ലാം ദൈവത്തിന്‍റെ സവിശേഷമായ അനുഗ്രഹത്താല്‍ സംരക്ഷിക്കപ്പെടണം; വിശുദ്ധീകരിക്കപ്പെടണം. അങ്ങനെ അവ നമുക്ക് അനുഗ്രഹദായകമാകണം എന്നാണ് നാം ഉദ്ദേശിക്കുന്നത്. ഈ നിയോഗത്തോടെ ഏത് മൃഗത്തെയും വെഞ്ചെരിക്കാം.

ദൈവത്തിന്‍റെ സൃഷ്ടികള്‍ എന്ന നിലയില്‍ പക്ഷി മൃഗാദികള്‍ ദൈവത്തിനു പ്രിയപ്പെട്ടവര്‍ തന്നെ. മനുഷ്യര്‍ കല്പിക്കുന്ന ഉപയോഗമൂല്യത്തിനപ്പുറം ദൈവത്തിന്‍റെ സൃഷ്ടികളെന്ന നിലയില്‍ അവയ്ക്ക് വിലയും നിലയുമുണ്ട്. അതിനാല്‍ അവ നമ്മുടെ പ്രാര്‍ത്ഥനാ വിഷയമാകുന്നതില്‍ അപാകതയില്ല. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെങ്കിലുംڔനമ്മള്‍ ജൈവപ്രകൃതിയില്‍ മൃഗഗണങ്ങളോട് അടുത്തുനില്ക്കുന്നു എന്ന് ചിന്തിക്കാനുള്ള അവസരമാണവ. എന്നാല്‍ മൃഗങ്ങളുടെ വെഞ്ചെരിപ്പിനോട് ബന്ധപ്പെട്ട് നമ്മുടെ ക്രിസ്തീയജീവിതത്തില്‍ എന്തെങ്കിലും ദുരാചാരങ്ങളോ അന്ധവിശ്വാസങ്ങളോ വ്യാപാര താത്പര്യങ്ങളോ കടന്നുവരാതെ ശ്രദ്ധിക്കുകയും വേണം.

പക്ഷിമൃഗാദികളെ വെഞ്ചെരിച്ചതുകൊണ്ട് അവയുടെ മൂല്യത്തിലോ ധര്‍മ്മത്തിലോ നമ്മള്‍ ഭേദം കല്പിക്കുന്നില്ല. ഉദാഹരണത്തിന്, വെഞ്ചെരിച്ച ആനയെക്കൊണ്ട് ഇനി തടി പിടിപ്പിക്കാമോ? ഒരിക്കല്‍ വെഞ്ചെരിച്ച പോത്തിനെ കൊല്ലാമോ? വെഞ്ചെരിച്ച തത്തയെ നമസ്കാരങ്ങള്‍ പഠിപ്പിക്കണോ? എന്നിങ്ങനെയൊക്കെ ചോദ്യങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ഉന്നയിക്കാം. ഇവയില്‍ പരിഹാസം ഒളിപ്പിച്ചിട്ടില്ലെങ്കില്‍ ഇവയ്ക്ക് കുസൃതി ചോദ്യങ്ങളുടെ വിലയും നിലവാരവുമേ ഉണ്ടാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org