പന്തക്കുസ്താദിനം സഭയുടെ ജന്മദിനമാണ്; പരിശുദ്ധാത്മാവില്‍ അത് ആഘോഷമാക്കുക.

പന്തക്കുസ്താദിനം സഭയുടെ ജന്മദിനമാണ്; പരിശുദ്ധാത്മാവില്‍ അത് ആഘോഷമാക്കുക.

പരിശുദ്ധാത്മാവിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തിലേക്ക് എല്ലാവരുടേയും ശ്രദ്ധയെ ക്ഷണിച്ചുകൊണ്ടാണ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനപരമ്പര ഫ്രാന്‍സിസ് പാപ്പ ഈ പന്തക്കോസ്താ നാളുകളില്‍ നല്‍കിയത്. പ്രത്യാശയെന്നത് പരിശുദ്ധാത്മാവിന്‍റെ ദാനമാണ്. അജയ്യമായ ഈ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവച്ച് പ്രത്യാശ വിതയ്ക്കുന്നവരായി നമ്മള്‍ മാറണം. കാരണം സംശയവും വൈരാഗ്യവും വിതയ്ക്കുന്നത് ക്രിസ്തീയതയല്ല.
ഈ ലോകത്തിലെ നമ്മുടെ ജീവിതത്തെ പാപ്പ തന്‍റെ സന്ദേശത്തില്‍ ഒരു കപ്പല്‍യാത്രയോടാണ് ഉപമിച്ചത്. ഈ യാത്രയില്‍ ജീവിതമാകുന്ന കപ്പല്‍ അതിന്‍റെ തുറമുഖത്തേക്ക് ശരിയായ രീതിയില്‍ അടുപ്പിക്കുവാന്‍ പരിശുദ്ധാത്മാവ് സഹായിക്കുന്നു. പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക് ചൊരിയപ്പെടുന്ന പ്രത്യാശ ജീവിതപ്രശ്നങ്ങളാകുന്ന കൊടുങ്കാറ്റുകളുടെ മദ്ധ്യത്തില്‍ സുരക്ഷിത്വം നല്‍കുന്ന നങ്കൂരവും (ഹെബ്രാ. 6:18-19) നിത്യജീവിതമാവുന്ന തുറമുഖത്തേക്ക് നമ്മളെ അടുപ്പിക്കുന്ന ചിറകുകളുമാണ്. പരിശുദ്ധാത്മാവിനെ കാറ്റിനോട് ഉപമിച്ചുകൊണ്ടാണ് ഈ യാത്രയിലെ ആത്മാവിന്‍റെ പ്രാധാന്യത്തെ പാപ്പ അനുസ്മരിപ്പിച്ചത്.
പന്തകുസ്താദിനം സഭയുടെ ജന്മദിനമാണ്. അത് പരിശുദ്ധാത്മാവില്‍ ആഘോഷിക്കുക തന്നെ വേണം. സകല സൃഷ്ടികള്‍ക്കും പ്രത്യാശ നല്‍കുന്ന ആത്മാവ് (റോമാ 8:20-22) നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും പ്രചോദനമേകുന്നു. സൃഷ്ടിയെ ബഹുമാനിക്കുകയും മനോഹരമായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ സൃഷ്ടാവിനെതന്നെയാണ് ബഹുമാനിക്കുന്നത്.

കാര്‍ഡിനല്‍ ന്യൂമാന്‍ പ്രസ്താവിച്ചതുപോലെ ആത്മാവിന്‍റെ പ്രത്യാശയില്‍ നിറഞ്ഞ് മറ്റുള്ളവര്‍ക്ക് ആശ്വാസവും സഹായവും നല്‍കുന്നവരായി മാറാന്‍ നമുക്ക് കഴിയണം. ദൈവമക്കളെന്ന നിലയില്‍ (റോമാ 8:16) നമ്മള്‍ക്കായി കരുതിവച്ചിരിക്കുന്ന ദൈവത്തിന്‍റെ വാഗ്ദാനവും അവകാശവും നമ്മുടെ ഹൃദയങ്ങളില്‍ ആത്മാവിലൂടെ നമുക്ക് തന്നെ ബോധ്യപ്പെടുന്ന സാക്ഷ്യാനുഭവമുണ്ടാവണം. ഈ പ്രത്യാശ മരണാനന്തരജീവിതത്തിനുവേണ്ടി മാത്രമല്ല ഈ ലോകത്തിലെ ജീവിതത്തിനും ആവശ്യമാണ്. ഒരു പ്രമുഖ ഇറ്റാലിയന്‍ ഉദ്ധരണി ഉപയോഗിച്ചുകൊണ്ട് പാപ്പ പറഞ്ഞു. പ്രത്യാശയുള്ളിടത്തോളം കാലം ജീവനുണ്ട്. ജീവനുണ്ടാവാന്‍ പ്രത്യാശ വേണം പ്രത്യാശിക്കുന്നവന്‍ പരിശുദ്ധാത്മാവില്‍ ജീവനും സ്വന്തമാക്കുന്നു.

കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷിക്കാനായി ഇഗ്ളണ്ട്, ബല്‍ജിയം, നോര്‍വെ, ഇന്‍ഡ്യ, ജപ്പാന്‍ അമേരിക്ക, കൊറിയ, ഉഗാണ്ട തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിചേര്‍ന്ന വിശ്വാസികള്‍ക്ക് പാപ്പ ജൂബിലി മംഗളങ്ങള്‍ ആശംസിച്ചു. അവരോടൊപ്പം പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങളുടെ നിറവിനായി പ്രാര്‍ത്ഥിച്ചു. ലോകപരിസ്ഥിതിദിനാചരണത്തിന്‍റെ ഈ നാളുകളില്‍ സൃഷ്ടപ്രപഞ്ചം മുഴുവന്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെയും ബഹുമാനിക്കപ്പെടേണ്ടതിന്‍റെയും ആവശ്യകതയുടെ സന്ദേശം സൃഷ്ടാവിനെ ബഹുമാനിക്കുന്നതോടൊപ്പം മാനവരാശിയുടെ പ്രത്യാശാപൂര്‍ണമായ ജീവിതനിറവിന്‍റെ ഉണര്‍ത്തുപാട്ടുംകൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org