ജീവിതത്തിന്‍റെ അര്‍ത്ഥം ക്രിസ്തുവുമായുള്ള ലയനത്തില്‍, അപരരോടുള്ള സ്നേഹത്തില്‍

ജീവിതത്തിന്‍റെ അര്‍ത്ഥം ക്രിസ്തുവുമായുള്ള ലയനത്തില്‍, അപരരോടുള്ള സ്നേഹത്തില്‍

ക്രിസ്തുവിനെയും അവിടുത്തെ വിനീതസ്നേഹത്തെയും അനുഗമിക്കാനും അനുകരിക്കാനും നമുക്കു കഴിയട്ടെ. ക്രിസ്തുവുമായി ഒന്നിക്കുന്നതിലാണ്, മറ്റുള്ളവരെ സ്നേഹിക്കുന്നതിലാണ് ജീവിതത്തിന്‍റെ അര്‍ത്ഥമിരിക്കുന്നത്. ക്രിസ്തുവിനോടൊത്ത് ആയിരുന്നാല്‍, അവിടുത്തെ വാക്കുകള്‍ കേള്‍ക്കുന്നത് ആദിമശിഷ്യരെ പോലെ ഇഷ്ടപ്പെട്ടാല്‍, ആ വാക്കുകള്‍ക്കനുസരിച്ച് ഓരോ ദിനവും ജീവിച്ചാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകും.

ക്രൈസ്തവജീവിതമെന്നാല്‍ പ്രഥമമായും പ്രധാനമായും ചില ബാഹ്യനിര്‍ദേശങ്ങളുടെ പാലനമോ പ്രബോധനങ്ങളുടെ പഠനമോ അല്ല, മറിച്ച് യേശുവില്‍ നാം പിതാവായ ദൈവത്തിന്‍റെ മക്കളാണെന്ന് അറിയലാണ്. ഈ സന്തോഷത്തിന്‍റെ ജീവിതം ജീവിക്കലാണ് ക്രൈസ്തവജീവിതം. ജീവിതം ഒരു പ്രണയകഥ പോലെ ജീവിക്കുക. നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവത്തിന്‍റെ വിശ്വസ്ത സ്നേഹത്തിന്‍റെ കഥയാണത്. അവിടുന്ന് എപ്പോഴും നമ്മോടൊത്തായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതാണ് നമ്മുടെ സന്തോഷത്തിന്‍റെ കാരണം. ഈ ലോകത്തിലെ ഏതെങ്കിലും വ്യക്തിക്കോ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ക്കോ നമ്മില്‍ നിന്ന് എടുത്തു മാറ്റാന്‍ കഴിയാത്ത സന്തോഷമാണത്. വേദനകള്‍ക്കു നടുവിലും സമാധാനം തരുന്ന സന്തോഷമാണത്, നമ്മെ കാത്തിരിക്കുന്ന നിത്യമായ ആനന്ദത്തില്‍ നമ്മെ ഇപ്പോള്‍ തന്നെ പങ്കാളികളാക്കുന്ന സന്തോഷം. ക്രിസ്തുവിന്‍റെ സുവിശേഷഭാഗ്യങ്ങള്‍ക്കനുസൃതം ജീവിക്കുന്നവര്‍ക്ക് ലോകത്തെ ശുദ്ധീകരിക്കാനാകും. പാഴ്ഭൂമിയിലെ മരം മലിനവായു വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തു വിടുന്നതുപോലെയാണ് അവര്‍. നമ്മളും ഇതുപോലെയാകണം. യേശുവില്‍ വേരൂന്നി നില്‍ക്കുക. ചുറ്റുമുള്ളവര്‍ക്കു നന്മ ചെയ്യുക.

(യു എ ഇ സന്ദര്‍ശനവേളയില്‍ ദിവ്യബലിക്കിടെ
നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org