കുര്‍ബാന ജീവിതവും ജീവിതം കുര്‍ബാനയും ആവണം

കുര്‍ബാന ജീവിതവും ജീവിതം കുര്‍ബാനയും ആവണം

വിശുദ്ധ കുര്‍ബാനയുടെ മര്‍മപ്രധാനമായ ഭാഗങ്ങളിലേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മതബോധനപരമ്പര പാപ്പ വീണ്ടും തുടര്‍ന്നത്. ഓരോ വിശുദ്ധ കുര്‍ബാനയിലും വിശ്വാസത്തിന്‍റെ രഹസ്യങ്ങളിലേക്ക് നമ്മള്‍ പരിപൂര്‍ണമായി പ്രവേശിക്കുന്നു. ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ പിതാവായ ദൈവത്തിന് കൃതജ്ഞതാസ്തോത്രം നല്‍കി നമ്മളെതന്നെ അനശ്വര യാഗമായി ക്രിസ്തുവില്‍ നന്ദിയോടെ അര്‍പ്പിക്കുന്ന മഹത്തായ നിമിഷങ്ങളാണ് വിശുദ്ധ കുര്‍ബാന.

വിശുദ്ധ കുര്‍ബാനയിലെ സ്തോത്രയാഗപ്രാര്‍ത്ഥനകളുടെ തനിമയും വൈശിഷ്ട്യവും നമ്മള്‍ മനസ്സിലാക്കണം. അന്ത്യഅത്താഴവേളയില്‍ ശ്ലീഹന്മാരോടൊപ്പം ഇരുന്നുകൊണ്ട് ഈശോ പിതാവായ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അപ്പമെടുത്ത് വാഴ്ത്തി. വീ ഞ്ഞ് എടുത്ത് ഉയര്‍ത്തുമ്പോഴും അതുതന്നെ ചെയ്തു. നമ്മളര്‍പ്പിക്കുന്ന ഓരോ വിശുദ്ധ കുര്‍ബാനയിലും കൃതജ്ഞതയുടെ ഈ നിമിഷങ്ങള്‍ പുനര്‍ജീവിക്കുന്നു. ഓരോ രക്ഷാകരബലിയിലും ഈ നന്ദിപ്രകാശനം തുടരുന്നു.

യേശുവിന്‍റെ അന്ത്യഅത്താഴ വേളയിലെ വാക്കുകളും പ്രവൃത്തിയും വിശുദ്ധ കുര്‍ബാനയിലൂടെ നമ്മള്‍ ആവര്‍ത്തിക്കുമ്പോള്‍ അവിടുത്തെ കല്‍പന നിറവേറ്റുകയാണ് ചെയ്യുന്നത്. അപ്പവും വീഞ്ഞും യേശുവിന്‍റെ മാംസവും രക്തവും ആയിമാറുമ്പോള്‍ കുരിശില്‍ സംഭവിച്ച അനുരഞ്ജനത്തിന്‍റെ ത്യാഗത്തോട് ചേര്‍ന്ന് നമ്മളെത്തന്നെ ബലിവസ്തുവായി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതിനാണ് സ്തോത്രയാഗപ്രാര്‍ത്ഥനയുടെ ആമുഖമായി നമ്മളെത്തന്നെ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ പ്രാപ്ത മാകത്തക്കവിധത്തില്‍ നമ്മള്‍ കൃതജ്ഞതയോടെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പാപവിമോചനവും മാനവകുലം മുഴുവനുമായുള്ള അനുരഞ്ജനവും സംഭവിക്കുന്നു. ക്രിസ്തുവിന്‍റെ കുരിശിലെ ബലി സൗജന്യദാനമാണ്. ഏവര്‍ക്കും പ്രാപ്യവുമാണ്.

ഒരുവന് ക്രിസ്തുശിഷ്യനായിരിക്കുവാന്‍ മൂന്ന് സമീപനങ്ങള്‍ ആവശ്യമാണ്. അതില്‍ ആദ്യത്തെ കാര്യം നന്ദി പറയാന്‍ പഠിക്കുക എന്നതാണ്. നമ്മുടെ ജീവിതം മുഴുവന്‍ സ്നേഹത്തിന്‍റെ ദാനമാകാന്‍ പഠിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമത് ഐക്യത്തില്‍ സഭയിലും സമൂഹത്തിലും മാനവരാശി മുഴുവനും കൂട്ടായ്മയിലുള്ള ബന്ധം സുദൃഢമാക്കുക എന്നതാണ്. ഇത് തന്നെയാണ് ഓരോ വിശുദ്ധ കുര്‍ബാനയും നമ്മെ പഠിപ്പിക്കുന്നത്.

ആത്മീയമായ അര്‍ത്ഥത്തില്‍ ഓരോ വിശുദ്ധ കുര്‍ബാനയും നമ്മുടെ ജീവിതം തന്നെയാണ്. അനുദിനജീവിതത്തില്‍ ഈ നന്ദിയും യാഗവും അനുരഞ്ജനവും സംഭവിക്കണം. അപ്പോള്‍ ജീവിതം ദൈവകൃപയുടെ ഒഴുക്കിന്‍റെ നേര്‍കാഴ്ചയായി മാറുന്നു. ഈ തലത്തിലേക്ക് നമ്മള്‍ സാവധാനത്തില്‍ എത്തിച്ചേരുന്നു. പരിശുദ്ധാത്മാവില്‍ ക്രിസ്തുവിന്‍റെ മൗതികശരീരത്തോട് നമ്മളെത്തന്നെ ചേര്‍ത്തുവയ്ക്കുമ്പോള്‍ നമ്മുടെ ജീവിതം മുഴുവനായും പിതാവായ ദൈവത്തിനുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയായി മാറുന്നു.

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം, ഏത് സോപ്പിട്ട് കുളിക്കണം എന്നൊക്കെ നമുക്ക് പറഞ്ഞുതരുന്ന ധാരാളം പരസ്യങ്ങളുണ്ട്. എന്നാല്‍ എങ്ങനെ ജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുന്നത് ക്രിസ്തുവാണ്. യേശുവിന്‍റെ മരണവും ഉത്ഥാനവും പ്രത്യേകമായി സഭ അനുസ്മരിക്കുന്ന ഈ വലിയ ആഴ്ചയില്‍ ജീവിതത്തിന്‍റെ ഈ നേര്‍രേഖയില്‍ ചലിക്കാന്‍ നമുക്ക് സാധിക്കട്ടെ.

ഇംഗ്ളണ്ട്, ലുധിയാനിയാ, വിയറ്റ്നാം, അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും പാപ്പാ പ്രത്യേകം അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. ഈ നോമ്പുകാലം എല്ലാവര്‍ക്കും വലിയ ദൈവകൃപയുടെയും ആത്മീയനവീകരണത്തിന്‍റെയും നാളുകളാവട്ടെ എന്നും പാപ്പ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org