സ്വാര്‍ത്ഥതയുടെ വൈറസ് മനുഷ്യവംശത്തെ ബാധിക്കാതിരിക്കട്ടെ

സ്വാര്‍ത്ഥതയുടെ വൈറസ് മനുഷ്യവംശത്തെ ബാധിക്കാതിരിക്കട്ടെ

പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനായി ആകാംക്ഷാപൂര്‍വം കാത്തിരിക്കുമ്പോള്‍ പാവപ്പെട്ടവരെ മറന്നുപോകാമെന്ന അപകടമുണ്ട്. അപ്പോള്‍ നമ്മെ മാരകമായ മറ്റൊരു വൈറസ് ബാധിക്കും. സ്വാര്‍ത്ഥമായ നിസംഗതയാണത്. എന്‍റെ ജീവിതം മെച്ചപ്പെട്ടതാണെങ്കില്‍ എല്ലാവരുടേയും ജീവിതം മെച്ചപ്പെട്ടതായിരിക്കുമെന്ന, എല്ലാം എനിക്കു നല്ലതാണെങ്കില്‍ എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്ന ചിന്തയാണ് ഈ വൈറസ് പടര്‍ത്തുന്നത്. പിന്നിലാക്കപ്പെട്ടവരെ അവഗണിക്കുകയും പാവപ്പെട്ടവരെ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് ഇതിന്‍റെ അടുത്ത ഘട്ടം.

സഹനമനുഭവിക്കുന്നവര്‍ക്കിടയില്‍ വിഭാഗീയതകളോ അതിരുകളോ ഇല്ലെന്നാണ് ഇപ്പോഴത്തെ പകര്‍ച്ചവ്യാധി നമ്മെ പഠിപ്പിക്കുന്നത്. നാമെല്ലാം ഒരേ പോലെ ബലഹീനരും അമൂല്യരുമാണ്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ നമ്മെ ആഴത്തില്‍ പിടിച്ചുലച്ചിരിക്കുന്നു. മനുഷ്യവംശത്തിന്‍റെയാകെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാനും അനീതികള്‍ പരിഹരിക്കാനും ഉള്ള സമയമായിരിക്കുന്നു.

നമ്മുടെ താത്പര്യങ്ങളെക്കുറിച്ചു മാത്രമായി നമുക്കു ചിന്തിക്കാതിരിക്കാം. മനുഷ്യവംശത്തിന്‍റെയാകെ കൂട്ടായ ഭാവിക്കു വേണ്ടി ഒരുങ്ങാനുള്ള സമയമായി ഈ പരീക്ഷണഘട്ടത്തെ നമുക്കു സ്വാഗതം ചെയ്യാം. കാരണം, സര്‍വാശ്ലേഷിയായ ഒരു ദര്‍ശനം കൂടാതെ ആര്‍ക്കും ഭാവിയുണ്ടാകില്ല.

നമുക്കു ജോലികള്‍ തരികയും ഒടുവില്‍ കണക്കുകള്‍ തീര്‍ക്കുകയും ചെയ്യുന്നയാളല്ല ദൈവം. മറിച്ച് എപ്പോഴും നമ്മെ പിടിച്ചെഴുന്നേല്‍പിക്കുന്ന പിതാവാണ്. പിച്ച നടക്കുന്ന കുഞ്ഞുങ്ങളെ പോലെയാണ് ജീവിതത്തില്‍ നാം മുന്നോട്ടു പോകുന്നത്. ഏതാനും ചുവടുകള്‍ വയ്ക്കുന്നു, വീഴുന്നു, വീണ്ടും ചുവടു വയ്ക്കുന്നു, വീണ്ടും വീഴുന്നു. പക്ഷേ അപ്പോഴൊക്കെയും എഴുന്നേല്‍പിക്കാന്‍ സ്വന്തം പിതാവ് ആ കുഞ്ഞിന്‍റെ കൂടെയുണ്ട്. ഓരോ വീഴ്ചയില്‍ നിന്നും നമ്മെ എഴുന്നേല്‍പിക്കുന്ന കരം ദൈവത്തിന്‍റെ കരുണയാണ്. കരുണയില്ലെങ്കില്‍ നാം നിലത്തു തന്നെ കിടക്കുമെന്ന് ദൈവത്തിനറിയാം. മുന്നോട്ടു നടക്കുന്നതിനു നാം സ്വന്തം കാലില്‍ ഏഴുന്നേറ്റു നില്‍ക്കേണ്ടതുണ്ടല്ലോ. നമ്മുടെ വീഴ്ചകളില്‍ അവിടുന്നു കാണുന്നത് തന്‍റെ കരുണാപൂര്‍വകമായ സ്നേഹം ആവശ്യമുള്ള മക്കളെയാണ്.

(ദൈവികകരുണയുടെ ഞായര്‍ ആചരിച്ചുകൊണ്ട് അര്‍പ്പിച്ച ദിവ്യബലിക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org