സ്ഥൈര്യലേപനം സഭാത്മകകൂട്ടായ്മയിലേക്ക് നമ്മളെ ഉയര്‍ത്തുന്നു

സ്ഥൈര്യലേപനം സഭാത്മകകൂട്ടായ്മയിലേക്ക് നമ്മളെ ഉയര്‍ത്തുന്നു

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ എല്ലാ ബുധനാഴ്ചയും നടന്നുവരുന്ന പൊതുപ്രേഷകരുടെ പ്രതിവാരകൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന സ്ഥൈര്യലേപനം എന്ന കൂദാശയെ ആസ്പദമാക്കിയുള്ള മതബോധനം വീണ്ടും തുടര്‍ന്നു. ജ്ഞാനസ്നാനത്തില്‍ ചെയ്ത പ്രതിജ്ഞകളെ നവീകരിക്കുവാനും പരിശുദ്ധാത്മാവിന്‍റെ ഒരു നവമായ അഭിഷേകത്തിനും സ്ഥൈര്യലേപനം നമ്മളെ സഹായിക്കുന്നു.

സ്ഥൈര്യലേപനത്തിലൂടെ സാക്ഷ്യജീവിതത്തിനുള്ള ശക്തി ലഭിക്കുന്നു. പരിശുദ്ധാത്മ നിറവില്‍നിന്നുകൊണ്ട് ക്രിസ്തു തന്‍റെ മിശിഹാദൗത്യത്തിലേക്ക് പ്രവേശിച്ചതുപോലെ നമ്മളോരോരുത്തരും പരിശുദ്ധാത്മാവിന്‍റെ വരദാനഫലങ്ങള്‍ സ്വീകരിച്ച് അതില്‍ നിറയപ്പെട്ട് അതേ പ്രേഷിത തീക്ഷ്ണതയോടെ ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയുമായുള്ള ഐക്യത്തില്‍ നമ്മുടെ ഈ ലോകജീവിത ദൗത്യവും തുടരണമെന്നാണ് സഭ ഒന്നാകെ അന്നേ ദിവസം ഓരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. കാര്‍മ്മികന്‍റെ കൈ വയ്പ് ശുശ്രൂഷവഴി ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനയോടൊപ്പം സഭാത്മക കൂട്ടായ്മയുടെ ഭാഗമായി ഉയര്‍ത്തപ്പെടുന്നതിന്‍റെ പ്രതീകവും കൂടിയായിട്ടാണ് സ്ഥൈര്യലേപനം നല്‍കപ്പെടുന്നത്. നമ്മുടെ ഓരോരുത്തരുടേയും സഭാഗാത്രത്തിലെ പങ്കാളിത്തത്തെ അത് ഓര്‍മ്മിപ്പിക്കുന്നു.

മാമ്മോദീസയ്ക്കുശേഷം പരിശുദ്ധാത്മാവിന്‍റെ പുതിയ അഭിഷേകത്തിനായി നമ്മളെ ഒരുക്കുന്ന കൂദാശയായ സ്ഥൈര്യലേപനം ജ്ഞാനസ്നാന വാഗ്ദാനങ്ങളെ ദൈവസന്നിധിയില്‍ വീണ്ടും അനുസ്മരിപ്പിക്കുന്നു. ജ്ഞാനസ്നാനമെന്ന കൂദാശയില്‍ ജ്ഞാനസ്നാനമാതാപിതാക്കളാണ് പ്രതിജ്ഞയെടുക്കുന്നതെങ്കില്‍ സ്ഥൈര്യലേപനത്തില്‍ കൂദാശ സ്വീകരിക്കുന്ന വ്യക്തിതന്നെയാണ് ജ്ഞാനസ്നാന വാഗ്ദാനങ്ങള്‍ ഏറ്റുപറഞ്ഞ് നവീകരിക്കുന്നത്. സ്ഥൈര്യലേപനത്തില്‍ "ഞാന്‍ വിശ്വസിക്കുന്നു" എന്ന് വിശ്വാസം പ്രഖ്യാപിക്കുന്നു. പിതാവായ ദൈവത്തിലും പുത്രനായ ക്രിസ്തുവിലും അപ്പസ്തോലന്മാരുടെ മേല്‍ ആവസിച്ച ജീവദാതാവുമായ അതേ പരിശുദ്ധാത്മാവിലുമുള്ള വിശ്വാസപ്രഖ്യാപനമാണ് നടത്തുന്നത്.

സ്ഥൈര്യലേപനം ആത്മാവിന്‍റെ ഫലങ്ങളാല്‍ നിറയപ്പെടാന്‍ നമ്മളെ ഒരുക്കുന്നു. ദൈവാത്മാവിന്‍റെ ഫലങ്ങള്‍ (ഗലാ. 5:22-23) പുറപ്പെടുവിക്കാനുതകുന്ന ജീവിതശൈലിയിലേക്കാണ് സ്ഥൈര്യലേപനം ഒരുവനെ നയിക്കുന്നത്. കൗദാശികമായ ഈ ശുശ്രൂഷയെ ദൈവം നമ്മുടെ മേല്‍ മുദ്ര ചുമത്തി, നമ്മുടെ ഹൃദയത്തിലേക്ക് ആത്മാവിനെ ചൊരിയുന്നു എന്നാണ് പൗലോസ് ശ്ലീഹാ വിവരിക്കുന്നത് (2 കൊറി. 1:21-22). പരിശുദ്ധാത്മാവിനാല്‍ മുദ്രവയ്ക്കപ്പെട്ട നമ്മള്‍ ഈ ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുവാനുള്ള ശക്തി സ്വീകരിച്ച് ക്രിസ്തുവിനോട് കൂടുതല്‍ അനുരൂപപ്പെടുന്നു. കൈവയ്പ് ശുശ്രൂഷയിലൂടെ എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ദാനം നമ്മിലേക്ക് ചൊരിയപ്പെടുന്നു.

പരിശുദ്ധാത്മാവിന്‍റെ ശക്തമായ ഇടപെടലിന്‍റെ കൂദാശയാണ് സ്ഥൈര്യലേപനം. ജ്ഞാനസ്നാനത്തിലൂടെ ഒരുവന്‍ ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു. സ്ഥൈര്യലേപനം ആ സ്ഥാനത്തു നിന്ന് ജീവിക്കുവാനുള്ള ശക്തിയും കൃപയും പ്രദാനം ചെയ്യുന്നു. എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സര്‍ഗാത്മകതയ്ക്ക് നമ്മളെതന്നെ മുഴുവനായി വിട്ടുകൊടുത്ത് സ്ഥൈര്യലേപനത്തില്‍ സ്വീകരിച്ച ദാനത്തെ പ്രതി ദൈവത്തോട് എന്നും നന്ദിയില്‍ വളരാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് പാപ്പ ആശംസിച്ചു. ഇംഗ്ലണ്ട്, സ്കോട്ട്ലന്‍റ്, കൊറിയ, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങി വ്യത്യസ്ത രാജ്യങ്ങളില്‍നിന്ന് തീര്‍ത്ഥാടകര്‍ പാപ്പയുടെ സന്ദേശം ശ്രവിക്കുവാന്‍ എത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org