Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> പരിത്യക്തരെ ഒഴിവാക്കുന്നതല്ല, പക്ഷം ചേരുന്നതാണ് ആത്മീയത

പരിത്യക്തരെ ഒഴിവാക്കുന്നതല്ല, പക്ഷം ചേരുന്നതാണ് ആത്മീയത

ഡോ. കൊച്ചുറാണി ജോസഫ്

വത്തിക്കാനിലെ പോപ്പ് പോള്‍ ആറാമന്‍ ഹാളില്‍ കൂടിയ തീര്‍ത്ഥാടകരോടും വിശ്വാസസമൂഹത്തോടും ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ മതബോധനത്തില്‍ ദൈവത്തിന്‍റെ കരുണ നല്‍കുന്ന പ്രത്യാശയെക്കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പ ഉല്‍ബോധിപ്പിച്ചത്. തന്‍റെ വിചിന്തനത്തിന് ആധാരമായി അന്നത്തെ വായനയ്ക്ക് മറിയം മഗ്ദലേനയുടെ ഭാഗമാണ് പാപ്പ തിരഞ്ഞെടുത്തത്.

മേരി മഗ്ദലന അന്ന് അവിടെ കൂടിയിരുന്ന എല്ലാവരുടേയും ദൃഷ്ടിയില്‍ പരസ്യപാപിയായിരുന്നു. അങ്ങനെയുള്ളവരില്‍നിന്ന് വ്യക്തമായ അകലം കാത്തുസൂക്ഷിക്കുന്ന യഹൂദപാരമ്പര്യമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ ക്രിസ്തുവിന്‍റെ മനോഭാവം അതില്‍നിന്ന് വ്യത്യസ്ഥമായിരുന്നു. വേദനിക്കുന്നവരോടൊപ്പം അവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് അവരെ അതില്‍നിന്ന് വിടുവിക്കുന്ന കരുണയുടെ മുഖമായിരുന്നു യേശുവിനുണ്ടായിരുന്നത്. മഗ്ദലനാമറിയത്തിന്‍റെ ആത്മാവിന്‍റെ വേദന തിരിച്ചറിഞ്ഞതുകൊണ്ടാണ് യേശു അവളുടെ പാപങ്ങള്‍ ക്ഷമിക്കുന്നെന്ന് പറഞ്ഞത്. കാരണം ആരും പാപത്തില്‍ തുടരാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. പാപത്തെ വെറുത്ത് പാപിയെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ അനുകമ്പയുടെ ചിത്രമാണ് ഇവിടെ മനസ്സിലാക്കേണ്ടത്. എന്നാല്‍ പാപങ്ങള്‍ ക്ഷമിച്ചു എന്ന് ക്രിസ്തു പറഞ്ഞത് യഹൂദപുരോഹിതര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.

വേദനിക്കുന്നവരുടെ വികാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ദൈവത്തിന്‍റെ ചിത്രമാണ് ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ചത്. പരിത്യക്തരെയും പാപികളേയും ചേര്‍ത്തുപിടിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ദൈവരാജ്യപ്രഘോഷണമായിരുന്നു യേശുവിന്‍റെ ശൈലി. അതുകൊണ്ട് ആത്മീയതയുടെ മുഖമുദ്രയായി കരുണ മാറുന്നു. പാപികള്‍ക്കുനേരെ മുഖം തിരിക്കാത്ത ദൈവം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ആശ്ലേഷിക്കുന്ന ദൈവം ആരെയും മാറ്റി നിര്‍ത്താതെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും നമ്മോട് ആഹ്വാനം ചെയ്യുന്നു.

എന്നെ ആരും മനസ്സിലാക്കുന്നില്ല എന്നതാണ് ശാരീരികവേദനയെക്കാളും ഏറ്റവും വലിയവേദനയായി അനുഭവപ്പെടുന്നത്. ഒറ്റപ്പെടലാണ് ഏറ്റവും വലിയ ദുഃഖമെന്ന് മദര്‍ തെരേസ പറയുന്നതും ഈ അര്‍ത്ഥത്തിലാണ്. അതുകൊണ്ട് അങ്ങനെയുള്ളവരില്‍ പ്രത്യാശ നിറക്കാന്‍ സഹായിക്കുക എന്നതിലാണ് ആത്മീയതയുടെ കാതല്‍ ഉള്‍ക്കൊള്ളുന്നത്. ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹം ഓരോ നിമിഷവും ഏറ്റുവാങ്ങുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ നമുക്ക് ഒരു ദൗത്യമുണ്ട്. അത് സ്നേഹത്തിന്‍റെയും കരുണയുടേയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന്‍റെയും മനോഭാവമാണ്. എന്‍റെ പക്ഷത്തല്ലാത്തവരെയെല്ലാം മാറ്റിനിര്‍ത്തുന്ന ജീവിതശൈലി ആത്മീയമല്ല. സ്നേഹത്തിലൂടെ മറ്റുള്ളവരില്‍ പ്രത്യാശയുടെ പുതുജീവിതം നല്‍കണം. അതാണ് ദൈവം നമ്മളില്‍നിന്ന് ആഗ്രഹിക്കുന്നത്.

ജാതി, മത, വര്‍ഗ ഉച്ചനീചത്വങ്ങള്‍ക്കതീതമായി സമാധാനപരമായ സഹവര്‍ത്തിത്ത്വമാണ് നമുക്ക് ആവശ്യം. അഭയാര്‍ത്ഥികളോടുള്ള അമേരിക്കയുടെ മനോഭാവത്തെ അപലപിക്കുന്ന പാപ്പ ഈ കാലഘട്ടത്തിലെ കരുണയുടെ സ്വരമാണ്. ആഗസ്റ്റ് മാസത്തെ ചുട്ടുപൊള്ളുന്ന വെയിലിലും മാള്‍ട്ടാ, നൈജീരിയാ, കാനഡ, അമേരിക്ക തുടങ്ങി വ്യത്യസ്ത രാജ്യങ്ങളില്‍നിന്ന് ധാരാളം വിശ്വാസികള്‍ കഴിഞ്ഞ ബുധനാഴ്ചയും പാപ്പായുടെ സന്ദേശം ശ്രവിക്കാനെത്തിയിരുന്നു.

Leave a Comment

*
*