സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കു വില കൊടുക്കാന്‍ തയ്യാറായിരിക്കുക

ക്രൈസ്തവര്‍ ഒരിക്കലും കപടനാട്യക്കാരാകരുത്. കപടനാട്യക്കാരാകാതിരിക്കുക എന്നാല്‍ ഓരോ ദിവസവുമുണ്ടാകുന്ന മൂര്‍ത്തമായ സാഹചര്യങ്ങളില്‍ സുവിശേഷത്തോടു വിശ്വസ്തത പുലര്‍ത്തുന്നതിനുള്ള വില കൊടുക്കാന്‍ നാം തയ്യാറായിരിക്കുക എന്നാണര്‍ത്ഥം. ഭൂമിയില്‍ തീയിടുവാനാണു താന്‍ വന്നിരിക്കുന്നതെന്നും സമാധാനമല്ല മറിച്ചു ഭിന്നതകളാണു താന്‍ കൊണ്ടു വന്നിരിക്കുന്നതെന്നും സുവിശേഷത്തില്‍ യേശുക്രിസ്തു പറയുന്നുണ്ട്. നന്മയെ തിന്മയില്‍നിന്നും നീതിയെ അനീതിയില്‍നിന്നും വേര്‍തിരിക്കാനാണ് യേശുക്രിസ്തു വന്നത് എന്നതാണ് അതിനര്‍ത്ഥം. ഈയര്‍ത്ഥത്തില്‍ 'ഭിന്നിപ്പിക്കാനാണ്,' തന്‍റെ ശിഷ്യരുടെ ജീവിതത്തില്‍ ആരോഗ്യകരമായ ഒരു പ്രതിസന്ധി സൃഷ്ടിക്കാനാണ് ക്രിസ്തു വന്നത്. ക്രൈസ്തവജീവിതത്തെയും ലൗകികതയേയും ഇണക്കി ചേര്‍ക്കാനാകുമെന്ന്, ക്രൈസ്തവ ജീവിതത്തില്‍ എല്ലാത്തരം ഒത്തുതീര്‍പ്പുകളും നടത്താനാകുമെന്ന് കരുതുന്നവരുടെ ഭ്രമകല്‍പനകളെ ചിതറിച്ചു കളയുകയാണ് അവിടുന്ന്.

സ്വയം ഒരു ക്രിസ്ത്യാനിയെന്നു വിളിക്കുന്നതു മനോഹരമാണ്. പക്ഷേ മൂര്‍ത്തസാഹചര്യങ്ങളില്‍ ക്രിസ്ത്യാനികളായിരിക്കുന്നതിന് ദൈവത്തോടും മാനവകുടുംബത്തിലെ അംഗങ്ങളായ സ്വസഹോദരങ്ങളോടും സ്നേഹമുള്ളവരായിരിക്കേണ്ടതുണ്ട്. ഉപവിയുടെ പുതുമാതൃകകള്‍ ഉപയോഗിച്ച് ഇന്നത്തെ ആവശ്യങ്ങളോടു പ്രതികരിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ സുവിശേഷചൈതന്യമനുസരിച്ചു ജീവിക്കാനാകുകയുള്ളൂ.

മറ്റുള്ളവരെ സേവിക്കുന്നതിനൊപ്പം ക്രൈസ്തവര്‍ ദൈവത്തെ ആരാധിക്കുകയും വേണം. അതു നാം പലപ്പോഴും മറന്നുപോകുന്നു. അതിനാല്‍ ആരാധനയിലെ സൗന്ദര്യം കണ്ടെത്താന്‍ ഞാന്‍ ഏവരേയും ക്ഷണിക്കുന്നു. കൂടെക്കൂടെ ആരാധന നടത്തുകയും വേണം.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org