Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> ദൈവത്തിന്‍റെ സ്വര്‍ഗീയ സ്വാഗതമാണ് ക്രൈസ്തവപ്രത്യാശ

ദൈവത്തിന്‍റെ സ്വര്‍ഗീയ സ്വാഗതമാണ് ക്രൈസ്തവപ്രത്യാശ

ഡോ. കൊച്ചുറാണി ജോസഫ്

ക്രൈസ്തവ ജീവിത തീര്‍ത്ഥാടനത്തിന്‍റെ ആത്യന്തികലക്ഷ്യമായ സ്വര്‍ഗീയജറുസലേമിനെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടാണ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനം ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ആഴ്ചയും തുടര്‍ന്നത്. വെളിപാടുപുസ്തകത്തിലെ 21-ാം അദ്ധ്യായം 5-ാം വാക്യത്തിലെ എല്ലാം നവീകരിക്കുന്ന ദൈവത്തിലേക്കാണ് പാപ്പ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്ന വിശ്വാസികളെയും തീര്‍ത്ഥാടകരെയും നയിച്ചത്. ദൈവം നമുക്കായി കരുതിയിരിക്കുന്ന സ്വര്‍ഗീയദൈവരാജ്യത്തെക്കുറിച്ചുള്ള ഈ പ്രത്യാശയെ ബൈബിളിന്‍റെ അവസാനതാളുകളില്‍ നമ്മള്‍ കണ്ടെത്തുന്നു. ദീര്‍ഘവും ബുദ്ധിമുട്ടേറിയതുമായ ഒരു യാത്രയ്ക്കൊടുവില്‍ അതിശയങ്ങളുടെ അനന്തമായ സൗഭാഗ്യങ്ങള്‍ നമുക്കായി കരുതിവച്ചിരിക്കുന്ന ദൈവത്തെ മുഖാമുഖം നമ്മള്‍ കണ്ടുമുട്ടുന്നു.

ഇന്ന് യുദ്ധവും ഹിംസയും മൂലം ദീര്‍ഘകാലം ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന ധാരാളം വ്യക്തികളുണ്ട്. ടെലിവിഷന്‍ തുറന്നാല്‍ ദുരന്തവാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണുന്നു. ജീവിതമെന്നത് വേദനയും സഹനവുമാണെന്ന് ചിന്തിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ചുറ്റുപാടും കാണുന്നത്. പ്രത്യേകിച്ച് ബാര്‍സിലോനയിലും കോംഗോയിലും നടക്കുന്ന സങ്കടകരമായ സംഭവങ്ങളെ പാപ്പ പരാമര്‍ശിച്ചു. യുദ്ധംമൂലം ഭയചകിതരായ കുട്ടികള്‍, അമ്മമാരുടെ കരച്ചില്‍, യുവജനങ്ങളുടെ തകര്‍ക്കപ്പെട്ട സ്വപ്നങ്ങള്‍, ദുരിതപൂര്‍ണമായ യാത്രചെയ്യുന്ന അഭയാര്‍ത്ഥികള്‍, ദൗര്‍ഭാഗ്യവശാല്‍ ജീവിതം ഇതെല്ലാമാണ്. എന്നാല്‍ നമ്മളെ കരുണയോടെ കാത്തിരിക്കുകയും ആശ്വസിപ്പിക്കുകയും പുതിയ ഒരു ശാശ്വതഭാവി പ്രദാനം ചെയ്യുകയും ചെയ്യുന്ന ദൈവമുണ്ട്. ഈ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് ആശ്വാസം തേടാന്‍ പാപ്പ ആഹ്വാനം ചെയ്തു.

വെളിപാടിന്‍റെ പുസ്തകത്തില്‍ സ്വര്‍ഗത്തെ, ദൈവം നമ്മളെ കാത്തിരിക്കുന്ന, നമ്മുടെ സങ്കടങ്ങളെല്ലാം തൂത്തുമാറ്റുന്ന ഒരു വലിയ കൂടാരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഞാന്‍ എല്ലാം നവീകരിക്കുന്നു (വെളി. 21:5) എന്ന് പറയുന്ന പ്രത്യാശയുടെ ദൈവത്തെ അവിടെ കാണാനാവും. അതുകൊണ്ട് നമ്മള്‍ ദുഃഖിച്ച് തലതാഴ്ത്തി നടക്കുകയല്ല വേണ്ടത് സന്തോഷത്തോടും പ്രത്യാശയോടും കൂ ടി ജീവിതത്തെ നേരിടുകയാണ് വേണ്ടത്. ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള ദര്‍ശനവും ഇതുതന്നെയാണ്. അത് സ്വര്‍ഗത്തിലേക്കുള്ള സ്വാഗതമാണ്.

ഈ പുതിയ പ്രതീക്ഷയുടെ പ്രകാശം ക്രിസ്തുതന്നെയാണ്. അവിടുന്ന് ജീവിതയാത്രയില്‍ നമ്മെ അനുധാവനം ചെയ്യുന്നു. ദൈവത്തിന്‍റെ സൃഷ്ടികര്‍മം ഉല്‍പത്തിയുടെ 6-ാം ദിവസം കൊണ്ട് അവസാനിച്ചില്ല. ദൈവം നമ്മളെ നിരന്തരം സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ദൈവം എന്നും നമ്മളെ പരിഗണിക്കുന്നു. തന്‍റെ അനുഗ്രഹം വാഗ്ദാനം ചെയ്യുന്നു. നമ്മള്‍ ഈ ലോകത്ത് എത്ര നാളുകള്‍ ജീവിച്ചാലും നമ്മുടെ കണ്ണുനീരും പുഞ്ചിരിയും വ്യഥകളും വൃഥാവിലായില്ലെന്ന് നമ്മള്‍ കണ്ടെത്തുന്നത് മനോഹരമാവും. അത് പിന്നീട് സന്തോഷക്കണ്ണുനീരായി മാറും.

ജീവിതദുരന്തങ്ങള്‍ക്കുമുന്നില്‍ അര്‍ത്ഥം കണ്ടെത്താതെ പകച്ചുനില്‍ക്കുന്ന ജനതയ്ക്ക് ആശ്വാസമരുളുന്നതായിരുന്ന പാപ്പയുടെ വാക്കുകള്‍. ദൈവത്തിങ്കലേക്ക് പ്രത്യാശയോടെ ദൃഷ്ടിയുറപ്പിക്കുവാനുതകുന്ന ആശ്വാസത്തിന്‍റെ ദൂതാണ് പാപ്പ നല്‍കിയത്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരെ അവരുടെ സ്വന്തം ഭാഷയില്‍ പാപ്പ അഭിവാദനം ചെയ്തു. സ്പെയിനില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ സംഗീതാലാപനം ആസ്വദിച്ചുകൊണ്ട് സര്‍വകാലാശാലകള്‍ നിങ്ങളെ പുസ്തകം പഠിപ്പിക്കുക മാത്രമല്ല സംഗീതവും പഠിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായെന്ന് പറഞ്ഞ് അവരോടൊപ്പം തമാശയും പറഞ്ഞ് പാപ്പ നടന്നുനീങ്ങി.

Leave a Comment

*
*