Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> ജ്ഞാനസ്നാമെന്ന കുദാശ പ്രത്യാശയുടെ കവാടമാണ്

ജ്ഞാനസ്നാമെന്ന കുദാശ പ്രത്യാശയുടെ കവാടമാണ്

ഡോ. കൊച്ചുറാണി ജോസഫ്

ഒരു മാസത്തെ നീണ്ട ഇടവേളയ്ക്കുശേഷം എല്ലാ ബുധനാഴ്ചയും നല്‍കി വരുന്ന പ്രത്യാശയുടെ സന്ദേശം ഓഗസ്റ്റ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുനഃരാരംഭിച്ചു.

ജ്ഞാനസ്നാനം എന്ന കൂദാശയുടെ പ്രാധാന്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഇത്തവണ വിശ്വാസികളെയും തീര്‍ത്ഥാടകരെയും പാപ്പ അഭിസംബോധന ചെയ്തത്
മാമ്മോദീസായിലൂടെ ക്രിസ്തുവിനെ ധരിച്ചുകൊണ്ട് നമ്മള്‍ പ്രകാശത്തിന്‍റെ മക്കളാവുന്നു. ഈ പ്രകാശം നമുക്ക് പുതിയ പ്രത്യാശ നല്‍കുന്നു. കാരണം മാമ്മോദീസാ പ്രത്യാശയിലേക്കുള്ള കവാടമാണ്. ഈ കൂദാശ നമ്മളെ പിതാവായ ദൈവത്തെ അറിയുവാനും എളിയവരിലും ദരിദ്രരിലും ക്രിസ്തുവിനെ തിരിച്ചറിയുവാനും കെല്‍പ്പുള്ളവരാക്കുന്നു. മാമ്മോദീസാവേളയില്‍ കത്തിച്ച മെഴുകുതിരി നമ്മള്‍ സ്വീകരിക്കുന്നത് വളരെ പ്രതീകാത്മകമായിട്ടാണ്. പാപത്തിന്‍റെയും മരണത്തിന്‍റെയും അന്ധകാരത്തില്‍നിന്ന് ക്രിസ്തുവിന്‍റെ വിജയത്തിന്‍റെ അടയാളമാണത്. അത് സഭയുടെ ജീവന്‍റെ അടയാളവുമാണ്.

യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ നമ്മള്‍ രണ്ടു പ്രാവശ്യം ജനിക്കുന്നു. ഒന്ന് ഈ ലോകത്തിലേക്ക് കടന്നുവരുവാനുള്ള സ്വാഭാവികമായ ശാരീരിക ജനനം. രണ്ടാമത് നിത്യജീവനിലേക്ക് സജ്ജമാക്കുന്ന മാമ്മോദീസായിലൂടെ ലഭിക്കുന്ന വീണ്ടും ജനനം. പ്രകാശത്തിന്‍റെ മക്കളെന്ന നിലയില്‍ നേടുന്ന പുനര്‍ജനനമാണത്. ജ്ഞാനസ്നാനത്തിന്‍റെ പ്രകാശം സ്വീകരിച്ചവര്‍ മരണത്താല്‍ തകര്‍ക്കപ്പെടുന്നില്ല. അവര്‍ പുനരുദ്ധാരണത്തിനായി കാത്തിരിക്കുന്നു. തിന്മയാല്‍ മലിനപ്പെടുന്നില്ല കാരണം നന്മയുടെ അനന്തസാധ്യതകള്‍ അവര്‍ക്കറിയാം.

നമ്മളില്‍ എത്ര പേര്‍ക്ക് നമ്മുടെ ജ്ഞാനസ്നാന ദിവസം ഓര്‍മ്മയുണ്ട് എന്ന് പാപ്പ ചോദിച്ചു. അറിയാന്‍ പാടില്ലാത്തവര്‍ക്ക് താന്‍ ഒരു ഹോംവര്‍ക്ക് തരികയാണെന്ന് ഒരു അദ്ധ്യാപകന്‍റെ ഭാഷയില്‍ പാപ്പ പറഞ്ഞു അറിയാന്‍ പാടില്ലാത്തവര്‍ വീട്ടില്‍ചെന്ന് ബന്ധുക്കളോട് അന്വേഷിച്ച് സ്വന്തം ജ്ഞാനസ്നാനദിവസം മനസ്സിലാക്കുക. എന്നിട്ട് ജ്ഞാനസ്നാനവിളിയോട് വിശ്വസ്തരാകാന്‍ ശ്രമിക്കുക.

ഭാവിയില്‍ നമ്മുടെ ചരിത്രം രേഖപ്പെടുത്തുകയാണെങ്കില്‍ എന്തായിരിക്കണം നമ്മളെക്കുറിച്ച് രചിക്കേണ്ടത്? പാപ്പ ചോദിച്ചു. നമ്മള്‍ പറയുടെ കീഴില്‍ വിളക്ക് വച്ചവരാണെന്നോ? അതോ പ്രത്യാശയുടെ ജീവിതത്തിലേക്ക് എത്തിയവരെന്നോ? നമ്മള്‍ ജ്ഞാനസ്നാനദൗത്യത്തോട് വിശ്വസ്തത പുലര്‍ത്തുകയും അതില്‍ നിലനില്‍ക്കുകയും ചെയ്താല്‍ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ പ്രകാശം പരത്തുന്നവരും ഭാവിതലമുറകള്‍ക്ക് ജീവിക്കുവാനുള്ള പ്രത്യാശയും കാരണവും നല്‍കുന്നവരുമാവും.

റോമിലെ നൂറ് ഡിഗ്രി ചൂടിലെ പ്രതികൂലമായ കാലാവസ്ഥയിലും വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്ന വിശ്വാസികളോടൊപ്പം സെല്‍ഫിയെടുക്കാനും തനിക്ക് ഒരു ബാഗ് സമ്മാനിച്ച മുതിര്‍ന്ന സ്ത്രീയോട് അനുഭാവം പ്രകടിപ്പിക്കാനും പാപ്പ സമയം കണ്ടെത്തി. അമേരിക്ക, ജപ്പാന്‍, നൈജീരിയ, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നെത്തിച്ചേര്‍ന്ന തീര്‍ത്ഥാടകസമൂഹത്തെ അഭിവാദ്യം ചെയ്തു. അവരെല്ലാവരും അവരുടെ ഭവനങ്ങളിലും സമൂഹത്തിലും ക്രൈസ്തവപ്രത്യാശയുടെ അടയാളമാവണമെന്ന് ഉല്‍ബോധിപ്പിച്ചു.

അമാനുഷികമായ ജീവിതചര്യയിലേക്കല്ല പാപ്പയുടെ ആഹ്വാനം. സാധാരണ ജീവിതത്തിന്‍റെ പച്ചയായ നിമിഷങ്ങളില്‍ സന്തോഷവും പ്രത്യാശയും നിറഞ്ഞ് അത് ചുറ്റുപാടുകളിലേക്ക് പരത്തുവാനുള്ള ഊര്‍ജ്ജമാണ് ആവശ്യമായിരിക്കുന്നത്. ജീവിതത്തെ ലളിതവല്‍ക്കരിക്കുവാനുള്ള പ്രകാശത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave a Comment

*
*