ഉപഭോഗത്തിനു മുകളില്‍ പ്രാര്‍ത്ഥനയേയും ഉപവിയേയും പ്രതിഷ്ഠിക്കുക

ഈ മാസം എവിടെയും തിളങ്ങി നില്‍ക്കാന്‍ പോകുന്ന ഉപഭോഗത്തിന്‍റെ പ്രകാശധാരകളെ പ്രതിരോധിയ്ക്കാനും പ്രാര്‍ത്ഥനയ്ക്കും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സമയം ചിലവഴിക്കാനും ഈ ആഗമനകാലത്തു നമുക്കു സാധിക്കണം. സാധനങ്ങള്‍ നിറഞ്ഞതും എന്നാല്‍ കുഞ്ഞുങ്ങളുമില്ലാത്തതുമായ വീടുകളാണ് ഇന്നത്തെ പ്രത്യേകത. വിശ്വാസത്തിന്‍റെ വേരുകളെ തന്നെ ബാധിക്കുന്ന വൈറസാണ് ഉപഭോഗസംസ്കാരം. കാരണം നിങ്ങള്‍ക്കുള്ളതെന്താണോ അതിനെ ആശ്രയിച്ചിരിക്കുകയാണു ജീവിതം എന്നു നിങ്ങളെ വിശ്വസിപ്പിക്കാന്‍ അതിനു സാധിക്കുന്നു. അങ്ങനെ ദൈവത്തെ മറന്നുപോകുന്നു. സമ്പാദിച്ചു കൂട്ടുക എന്നതല്ല ജീവിതത്തിന്‍റെ അര്‍ത്ഥം.

വസ്തുക്കള്‍ക്കുവേണ്ടി ജീവിക്കുമ്പോള്‍ വസ്തുക്കള്‍ ഒരിക്കലും മതിയാകാന്‍ പോകുന്നില്ല. ആര്‍ത്തി വളരുകയും മത്സരയോട്ടത്തില്‍ മറ്റുള്ളവര്‍ തടസ്സങ്ങളായി മാറുകയും ചെയ്യുന്നു. എപ്പോഴും അതൃപ്തിയും രോഷവുമായിരിക്കും ഉണ്ടാകുക. കൂടുതല്‍ വേണം, കൂടുതല്‍ വേണം എന്നതായിരിക്കും മനോഭാവം.

ആഗമനകാലം എന്നാല്‍ കര്‍ത്താവു വരുന്നു എന്നാണ്. ലോകത്തിന്‍റെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദൈവത്തിന്‍റെ ആശ്വാസം നമ്മെ തേടി വരും എന്നതാണു നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം. വാക്കുകള്‍ കൊണ്ടല്ല സ്വന്തം സാന്നിദ്ധ്യം കൊണ്ടാണു ദൈവം നമ്മെ ആശ്വസിപ്പിക്കുന്നത്. അവിടുത്തെ സാന്നിദ്ധ്യം നമുക്കിടയിലേയ്ക്കു വരികയാണ്.

(ആഗമനകാലത്തിന്‍റെ ആദ്യഞായറാഴ്ച കോംഗോയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org