Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> യേശുക്രിസ്തുവാകുന്ന ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍റെ കിരണമാണ് വിശുദ്ധ കുര്‍ബാന

യേശുക്രിസ്തുവാകുന്ന ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍റെ കിരണമാണ് വിശുദ്ധ കുര്‍ബാന

ഡോ. കൊച്ചുറാണി ജോസഫ്

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് അങ്കണത്തിലെ എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പൊതു കൂടിക്കാഴ്ചയില്‍ നല്‍കിവരുന്ന വിശുദ്ധ കുര്‍ബാനയെ അധിഷ്ഠിതമാക്കിയുള്ള മതബോധനപരമ്പര ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ആഴ്ചയിലും തുടര്‍ന്നു. പാപ്പയുടെ വാക്കുകള്‍ നമ്മുടെ ദൈനംദിനജീവിതത്തില്‍ വിശുദ്ധ കുര്‍ ബാനയുടെ ശക്തിയും പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു.

വിശുദ്ധ കുര്‍ബാനയെന്നത് ക്രിസ്തു മരണത്തെ കീഴടക്കി ജീവനിലേക്ക് പ്രവേശിച്ചതിന്‍റെ ഓര്‍മ്മയാചരണമാണ്. എന്നാല്‍ ഓര്‍മ്മയാചരണം എന്ന പദത്തി ന് ബൈബിള്‍ നല്‍കുന്ന വ്യാഖ്യാനം എന്തെന്ന് മനസ്സിലാക്കിയാല്‍ മാത്രമാണ് കുര്‍ബാനയുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയും കഴിഞ്ഞകാലസംഭവങ്ങളുടെ ഓര്‍മപ്പെടുത്തലിനുമപ്പുറം, അതിന്‍റെ രക്ഷാകരശക്തിയില്‍ പങ്കുപറ്റാനാവുന്നവിധം ഇന്നും അതേ അനുഭവം സാധ്യമാക്കുന്നതാണ്. വി. കുര്‍ബാന കാല്‍വരിയുടെ പുനരാവിഷ്കാരമാണ്. വെറും ഒരു സ്മരണയ്ക്കുപരിയായി രക്ഷാകരാനുഭവം ഇന്നും അനുഭവവേദ്യവും പ്രസക്തവും സന്നിഹിതവുമാക്കലുമാണ് വിശുദ്ധ കുര്‍ ബാനയിലൂടെ സംഭവിക്കുന്നത്.

ഓരോ വിശുദ്ധ കുര്‍ബാനയിലും കാല്‍വരിയിലെന്നപോലെ, നമ്മുടെ ഹൃദയവും ജീവിതങ്ങളും ലോകം മുഴുവനും നവീകരിക്കുവാനായി യേശുവിന് നല്‍കണം. വിശുദ്ധ കുര്‍ബാനയിലൂടെ യേശുവിന്‍റെ കരുണ നമ്മിലേക്ക് ഒഴുകുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പറയുന്നതുപോലെ കുരിശിലെ ആത്മത്യാഗം അള്‍ത്താരയില്‍ ആചരിക്കുന്നതിലൂടെ നമ്മുടെ മോചനമാണ് സംഭവിക്കുന്നത്. (ജനതകളുടെ പ്രകാശം 3) പാ പത്തിന്‍റെയും മരണത്തിന്‍റെയും മേലുള്ള ക്രിസ്തുവിന്‍റെ വിജയത്തിലേക്കാണ് ഓരോ ഞായറാഴ്ചയിലും നമ്മള്‍ പ്രവേശിക്കുന്നത്. അതുവഴി പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ പുതുജീവിതത്തിന്‍റെ പങ്ക് നമുക്ക് ലഭിക്കുന്നു.

ഓരോ ദിവ്യകാരുണ്യാഘോഷവും ഉത്ഥിതനായ യേശുക്രിസ്തുവാകുന്ന ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍റെ കിരണമാണ്. വി. കുര്‍ബാനയില്‍ നമ്മള്‍ ദൈവത്തോട് ഒന്നായിത്തീരുന്നു. പൗലോസ് അപ്പസ്തോലനെപോലെ നമ്മള്‍ക്കും പറയാനാവും “ഞാന്‍ ക്രിസ്തുവിനോടൊപ്പം ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാ. 2:20).

ക്രിസ്തുവിന്‍റെ പെസഹാ രഹസ്യത്തിന്‍റെ ഓര്‍മ്മയുമാണ് വി. കുര്‍ബാന. ക്രിസ്തുവിന്‍റെ പെസഹായും മരണവും ഉത്ഥാനവും, സ്വര്‍ഗാരോഹണവും വഴി ഓരോ കുര്‍ബാനയിലൂടെയും നമ്മള്‍ കാല്‍വരിയിലെത്തുന്നു. സ്നേഹത്തിന്‍റെ പാരമ്യമാണ് കാല്‍വരിക്കുരിശില്‍ കാണുന്നത്. ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കാനും അപരന്‍റെ നന്മയ്ക്കുവേണ്ടി സ്വയം നല്‍കാനും സാക്ഷ്യം വഹിക്കുവാനുമുള്ള ശക്തി വിശുദ്ധ കുര്‍ബാന നമുക്ക് തരുന്നു. പാപം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം മലിനമാവുകയും അതിന്‍റെ സൗന്ദര്യവും അര്‍ത്ഥവും നഷ്ടപ്പെടുകയും ചെയ്യുന്നു. മരണത്തെ കീഴടക്കിയ ക്രിസ്തുവില്‍ ജീവന്‍റെ നിറവും സ്നേഹത്തിന്‍റെ പരമോന്നത അവസ്ഥയുമുണ്ട്. വിശുദ്ധകുര്‍ബാനയിലൂടെ ഈ ഉന്നതസ്നേഹം നമ്മിലേക്ക് ചൊരിയുന്നു.

പാപ്പയുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം ഇംഗ്ലീഷിലും അറബിയിലുമുള്‍പ്പെടെ വിവിധ ഭാഷകളില്‍ നല്‍കപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചയ്ക്കായി എത്തിയവരില്‍നിന്ന് കൊച്ചുകുട്ടികളെ വാഹനത്തിലേറ്റി മുന്നോട്ടുപോയ പാപ്പ അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് കൊണ്ടുവന്ന കുഞ്ഞുങ്ങളെ തലോടുകയും ആശിര്‍വദിക്കുകയും ചുംബിക്കുകയും ചെയ്തു. അള്‍ത്താരയിലെ ദിവ്യകാരുണ്യം പൊതുവേദിയിലും ദൈവകാരുണ്യമായി പാപ്പയിലൂടെ അനേകര്‍ക്ക് അനുഭവവേദ്യമായി. ഇംഗ്ളണ്ട്, നെതര്‍ലാന്‍റ്സ്, പോളണ്ട്, ഓസ്ട്രേലിയ, ചൈന, ഇന്‍ഡോനേഷ്യ, സിംഗപൂര്‍, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകസമൂഹം വന്‍വരവേല്‍പാണ് പാപ്പയ്ക്ക് നല്‍കിയത്.

Leave a Comment

*
*