തിന്മയുടെ മുമ്പില്‍ ഉദാസീനരാകരുത്

തിന്മയുടെ മുമ്പില്‍ ഉദാസീനരാകരുത്

കത്തോലിക്കര്‍ തിന്മയോട് ഉദാസീനരാകരുത്. വരാനിരിക്കുന്ന ദൈവരാജ്യത്തിനും പ്രത്യാശയ്ക്കും സാക്ഷികളാകാന്‍ അവര്‍ തയ്യാറാകണം. നാമായിരിക്കുന്നതെവിടെയോ അവിടെ ക്രിസ്തുവിന്‍റെ സാമ്രാജ്യത്തിന്‍റെ പുളിമാവാകാന്‍ വിളിക്കപ്പെട്ടവരാണു നാം: നമ്മുടെ കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, അഥവാ സമൂഹത്തിലാകെ. ജനങ്ങളിലേയ്ക്ക് പ്രത്യാശയുടെ ശ്വാസം ദൈവത്തിന് ഊതാന്‍ കഴിയുന്ന ചെറു വാതായനങ്ങളായി നാം മാറണം.

കത്തോലിക്കര്‍ക്ക് ഒരു പൊതുലക്ഷ്യമുണ്ട്. സ്വര്‍ഗരാജ്യമാണത്. എന്നാല്‍ നാളത്തേയ്ക്കുള്ള ഒരു ലക്ഷ്യം മാത്രമല്ല അത്. നാമതു തേടുകയും ഇന്നു തന്നെ അത് അനുഭവിക്കാനാരംഭിക്കുകയും വേണം. രോഗികളേയും അംഗവിഹീനരേയും വയോധികരേയും ഉപേക്ഷിക്കപ്പെട്ടവരേയും അഭയാര്‍ത്ഥികളേയും കുടിയേറ്റത്തൊഴിലാളികളേയും നിശബ്ദരാക്കുന്ന ഉദാസീനതയ്ക്കു നടുവില്‍ നാളത്തെ സ്വര്‍ഗരാജ്യത്തെ നാം കണ്ടെത്തണം. അവരെല്ലാം നമ്മുടെ രാജാവായ ക്രിസ്തുവിന്‍റെ ജീവിക്കുന്ന കൂദാശകളാണ്.

തങ്ങളുടെ വീഴ്ചകളുടേയും പാപങ്ങളുടേയും പരിമിതികളുടേയും ചരിത്രമറിയുന്നവരാണു കത്തോലിക്കര്‍. പക്ഷേ ഈ വീഴ്ചകളും പാപങ്ങളുമല്ല നമ്മെ നിര്‍വചിക്കുന്നത്. നമ്മുടെ വിശ്വാസത്തേയും പ്രതിബദ്ധതയേയും നാം നവീകരിക്കാനാഗ്രഹിക്കുന്നു. യേശുവിനെ കുരിശില്‍ തറയ്ക്കുന്ന സമയത്ത് ചുറ്റുമുണ്ടായിരുന്ന ജനക്കൂട്ടത്തെപോലെ "നിന്നെത്തന്നെ രക്ഷിക്കുക" എന്നാര്‍ത്തു വിളിക്കുന്ന എളുപ്പവഴി തേടുന്നതും നിഷ്കളങ്കരോടും സഹിക്കുന്നവരോടുമുളള ഉത്തരവാദിത്വം മറക്കുന്നതും ശരിയല്ല. നല്ല കള്ളനെ പോലെ നാം സുധീരം സംസാരിക്കുകയും നമ്മുടെ വിശ്വാസം പ്രഘോഷിക്കുകയും കര്‍ത്താവിനെ സഹായിക്കുകയും ചെയ്യണം.

(ജപ്പാന്‍ സന്ദര്‍ശനവേളയില്‍ നാഗസാക്കിയിലെ സ്റ്റേഡിയത്തില്‍ അര്‍പിച്ച ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org