അതിശ്രേഷ്ഠവും വിശിഷ്ഠവുമായ പ്രാര്‍ത്ഥനയാണ് വി. കുര്‍ബാന

അതിശ്രേഷ്ഠവും വിശിഷ്ഠവുമായ പ്രാര്‍ത്ഥനയാണ് വി. കുര്‍ബാന

സഭയുടെ ആ രാധനക്രമത്തില്‍ വി. കുര്‍ബാനയുടെ പ്രാധാന്യത്തെ വിശദമാക്കുന്ന തന്‍റെ പ്രബോധനപരമ്പരയിലെ രണ്ടാമത്തെ പഠനമാണ് ഈ ആഴ്ചയില്‍ വത്തിക്കാന്‍ സ്ക്വയറില്‍ എത്തിച്ചേര്‍ന്ന വി ശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഫ്രാന്‍സിസ് പാപ്പ നല്‍കിയത്. പ്രബോധനത്തിന് മുന്നോടിയായി വി. ലൂക്കായുടെ സുവിശേഷത്തില്‍ യേശു തന്‍റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന ഭാഗം (ലൂക്കാ 11:1-4) പല ഭാഷകളില്‍ വായിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചാണ് പാപ്പ സംസാരിച്ചു തുടങ്ങിയത്.

എന്താണ് പ്രാര്‍ത്ഥന? ദൈവവുമായുള്ള സംഭാഷണവും വ്യക്തിപരമായ ബന്ധവും ആണ് പ്രാര്‍ത്ഥന. സ്രഷ്ടാവുമായു ള്ള വ്യക്തിപരവും സജീവവുമായ ബന്ധത്തിനായിട്ടാണ് ഓരോ സൃഷ്ടിയും വിളിക്കപ്പെട്ടിരിക്കുന്നത്. സ്രഷ്ടാവിനെ മുഖാമുഖം ദര്‍ശിച്ച് സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ പ്രാര്‍ത്ഥനയില്‍ പൂര്‍ണ ആത്മസാക്ഷാത്കാരം പ്രാപിക്കുന്ന ബന്ധമാണുണ്ടാവേണ്ടത്. ത്രിത്വൈകദൈവത്തില്‍ ഇപ്രകാരം സ്നേഹത്തിന്‍റെ ഐക്യത്തിലുള്ള പൂര്‍ണമായ ബന്ധമുണ്ട്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് മനുഷ്യരും സ്നേഹത്തിന്‍റെ പൂര്‍ണബന്ധത്തിലായിരിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

യേശു വിജനസ്ഥലത്തേക്ക് പിന്‍വാങ്ങി നിശബ്ദതയുടെ നിമിഷങ്ങളില്‍ പ്രാര്‍ത്ഥനയിലായിരിക്കുന്നതു കണ്ട് ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്ന് ശിഷ്യര്‍ ആവശ്യപ്പെടുന്നു. ദൈവത്തെ പിതാവേ എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ യേശു പഠിപ്പിക്കുന്നു. അപ്പോള്‍ എല്ലാക്കാര്യങ്ങളും മക്കളുടെ സ്വാതന്ത്ര്യത്തില്‍ കുഞ്ഞുങ്ങളെപോലെ ദൈവത്തെ ഭരമേല്‍ പിക്കുവാനും ജീവിതത്തെ മുഴുവനും അതിശയമായും അത്ഭുതമായും നോക്കികാണുവാനും സാധിക്കുന്നു.

പ്രാര്‍ത്ഥനയെന്ന സംഭാഷണത്തിലും മറ്റൊരാളിന്‍റെ സാന്നിദ്ധ്യത്തിലും മൗനത്തിന് വലിയ സ്ഥാനമുണ്ട്. വി. കുര്‍ബാനയ്ക്കണയുമ്പോള്‍ നിശബ്ദതയുടെ നിമിഷങ്ങള്‍ ആവശ്യമാണ്. ഒരു മ്യൂസിയത്തില്‍ പോവുന്നതുപോലെയല്ല വി. കുര്‍ബാനയ്ക്ക് പോവേണ്ടത്. ഓരോ വി. കുര്‍ബാനയും ദൈവവചനത്തിലൂടെയും ക്രിസ്തുവിന്‍റെ മാംസരക്തങ്ങളിലൂടെയും ജീവിക്കുന്ന ദൈവത്തെ മുഖാമുഖം നമ്മുടെ സഹോദരങ്ങളോടൊപ്പം കണ്ടുമുട്ടുന്ന ഭാഗ്യനിമിഷങ്ങളാണ്. യോഹന്നാന്‍റെ സുവിശേഷത്തില്‍ വീണ്ടും ജനനത്തെക്കുറിച്ച് പറയുന്നതുപോ ലെ (യോഹ. 3:15) വി. കുര്‍ബാനയിലൂടെ ദൈവാത്മാവില്‍ നമ്മള്‍ പുതുജീവനെ സ്വീകരിക്കുന്നു. ദൈവികസാന്നിദ്ധ്യത്തിന്‍റെ ആശ്വാസവും ദൈവമക്കളുടെ ആനന്ദത്തില്‍ ജീവിക്കുവാനുള്ള ക്ഷണവും ദൈവികക്ഷമ അനുഭവിക്കുവാനുള്ള കൃപയും വി. കുര്‍ബാന നല്‍കുന്നു.

എന്‍റെ നിശബ്ദത നിനക്ക് മനസ്സിലാവുന്നില്ലെങ്കില്‍ എന്‍റെ സൗഹൃദവും മനസ്സിലാക്കാനാവില്ല എന്നത് ആഴമേറിയ പ്രണയത്തിന്‍റെ അവസ്ഥയാണ്. ദൈവവുമായുള്ള പ്രണയത്തില്‍ പ്രാര്‍ത്ഥന പരസ്പരമുള്ള സാന്നിദ്ധ്യം രുചിക്കുന്ന നിമിഷങ്ങളാവുന്നു. ഈ തീവ്രാനുരാഗത്തിലേക്ക് ദൈവവുമായുള്ള ബന്ധം വളരാത്തപ്പോഴാണ് പ്രാര്‍ത്ഥന കേവലം കാര്യസാധ്യത്തിനുള്ള ഉപാധിയാവുന്നത്. പതിവുപോലെ പാപ്പ അനേകം കുഞ്ഞുങ്ങളെ കരങ്ങളിലെടുത്ത് തലോടുകയും നവദമ്പതികളെ ആശിര്‍വദിക്കുകയും രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും എല്ലാവര്‍ക്കും അപ്പസ്തോലിക ആശിര്‍വാദം നല്‍കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org