സുവിശേഷഭാഗ്യങ്ങള്‍ ആനന്ദം സമ്മാനിക്കുന്നു

സുവിശേഷഭാഗ്യങ്ങള്‍  ആനന്ദം സമ്മാനിക്കുന്നു

സുവിശേഷഭാഗ്യങ്ങള്‍ ആനന്ദം കൊണ്ടു വരുന്നു; അവ ആനന്ദത്തിലേയ്ക്കുള്ള മാര്‍ഗമാണ്. ആനന്ദത്തിലേയ്ക്ക് നമ്മെ ആനയിക്കുമെന്നുറപ്പുള്ള ഈ മാര്‍ഗത്തിന്‍റെ മനോഹാരിത മനസ്സിലാക്കുന്നതിനു ഈ സുവിശേഷവാക്യങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതു നല്ലതാണ്. ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയല്‍ കാര്‍ഡായി പരിഗണിക്കേണ്ടതാണ് സുവിശേഷഭാഗ്യങ്ങള്‍. കാരണം യേശു സ്വന്തം മുഖം വെളിപ്പെടുത്തുന്നത് ഈ സുവിശേഷഭാഗ്യങ്ങളിലാണ്.

എട്ടു സുവിശേഷഭാഗ്യങ്ങള്‍ ഉണ്ട്. ഈ സുവിശേഷഭാഗ്യങ്ങള്‍ മനഃപാഠം പഠിക്കുന്നതും ആവര്‍ത്തിക്കുന്നതും നല്ലതാണ്. യേശു നമുക്കു നല്‍കിയ ഈ നിയമം മനസ്സിലും ഹൃദയത്തിലും സൂക്ഷിക്കേണ്ടതാണ്. മനുഷ്യവംശത്തിനാകെയുള്ള സന്ദേശമാണ് സുവിശേഷഭാഗ്യങ്ങള്‍. യേശുവിന്‍റെ ഈ വാക്കുകള്‍ ഏവര്‍ക്കും ഹൃദയസ്പര്‍ശിയാണ്. ലൗകിക സന്തോഷത്തില്‍ നിന്നു ഭിന്നമായ യഥാര്‍ത്ഥ സന്തോഷത്തെക്കുറിച്ചാണ് സുവിശേഷഭാഗ്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ഇത് ഈസ്റ്റര്‍ സന്തോഷമാണ്. പഞ്ചക്ഷതധാരികളായിരിക്കുമ്പോഴും ഒരാള്‍ അനുഭവിക്കുന്ന സന്തോഷമാണത്.

ഭാഗ്യവാന്‍ എന്ന വാക്കുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഈ വാക്കിന്‍റെ മൂലരൂപമായ ഗ്രീക് പദം വയറു നിറഞ്ഞിരിക്കുന്നവരെയോ സുഖമായിരിക്കുന്നവരെയോ അല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ദൈവകൃപയുടെ അവസ്ഥയിലായിരിക്കുകയും ദൈവകൃപയില്‍ വളരുകയും ചെയ്യുന്ന സ്ഥിതിയാണ്. മലയിലെ പ്രസംഗത്തിന്‍റെ ഭാഗമായാണ് യേശു സുവിശേഷഭാഗ്യങ്ങളെ കുറിച്ചു പറയുന്നത്. ഇത് ദൈവം മോശയ്ക്കു പത്തു കല്‍പനകള്‍ നല്‍കിയ സീനായ് മലയുടെ ഒരു പ്രതീതി സൃഷ്ടിക്കുന്നു. ഇവിടെ യേശു പുതിയൊരു നിയമം പഠിപ്പിക്കുകയാണ്: ദരിദ്രരായിരിക്കുക, ബലഹീനരായിരിക്കുക, കാരുണ്യമുള്ളവരായിരിക്കുക. ഈ പുതിയ കല്‍പനകള്‍ ചട്ടങ്ങളേക്കാള്‍ ഉപരിയാണ്. യേശു ഒന്നും അടിച്ചേല്‍പിക്കുകയല്ല, മറിച്ചു സന്തോഷത്തിനുള്ള മാര്‍ഗത്തെ വെളിപ്പെടുത്തുകയാണ്.

(പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ മതബോധന പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org