Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> വചനസന്ദേശം ലഭിക്കുക എന്നത് വിശ്വാസികളുടെ ആത്മീയ അവകാശമാണ്

വചനസന്ദേശം ലഭിക്കുക എന്നത് വിശ്വാസികളുടെ ആത്മീയ അവകാശമാണ്

ഡോ. കൊച്ചുറാണി ജോസഫ്

ദൈവവചനത്തിന്‍റെ നിധിയില്‍നിന്ന് സ്വീകരിക്കുവിന്‍ എന്ന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടാണ് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് നടത്തിവരുന്ന പ്രതിവാരമതബോധനം വിഭൂതിബുധനാഴ്ചയും ഫ്രാന്‍സിസ് പാപ്പ തുടര്‍ന്നത്. വചനവായനയ്ക്കുശേഷം നിശബ്ദതയുടെ നിമിഷങ്ങളുണ്ടാവണം. ശ്രോതാക്കളുടെ ആത്മാവില്‍ വചനം വിത്തുപാകുന്ന സമയമാണത്. വിശ്വാസം ജനിക്കുന്നത് വെറും ഭാവനാസൃഷ്ടിയായിട്ടല്ല, കേള്‍വിയും വിശ്വാസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പൗലോസ് അപ്പസ്തോലന്‍ ഓര്‍മിപ്പിക്കുന്നതുപോലെ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിന്‍റെ വചനത്തിന്‍റെ പ്രഘോഷണത്തില്‍നിന്നുമാണ്. അതിനാല്‍ വിശ്വാസികള്‍ക്ക് നന്നായി വായിക്കപ്പെട്ടതും വിശദീകരിക്കപ്പെട്ടതുമായ വചനസന്ദേശത്തിന് അവകാശമുണ്ട്.

വത്തിക്കാനില്‍ പൊതുവെ സമ്മേളനത്തിന് പറ്റിയ നല്ല കാലാവസ്ഥ അല്ലായിരുന്നു. ചെറിയ തോതില്‍ മഴയുണ്ടായിരുന്നു. എന്നാലും ആത്മാവ് ശുഭമായിരിക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും സുപ്രഭാതം എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ തന്‍റെ മതബോധനം ആരംഭിച്ചത്. ആത്മാവ് സന്തോഷകരമാണെങ്കില്‍ അന്ന് നമുക്ക് നല്ല ദിവസമാണെന്ന് വത്തിക്കാനില്‍ ഒന്നിച്ചുകൂടിയ പതിനായിരത്തിലധികം വരുന്ന ജനസമൂഹത്തിന്‍റെ ആത്മാവിനെ തൊട്ടുണര്‍ത്തിക്കൊണ്ട് പാപ്പ പറഞ്ഞു.

വിശുദ്ധ കുര്‍ബാനയിലെ ഓരോ ഭാഗം എടുത്ത് വിശദീകരിക്കുന്ന പതിവനുസരിച്ച് ഇത്തവണ വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ ഏറ്റു ചൊല്ലുന്ന വിശ്വാസപ്രമാണത്തിലേക്കാണ് പാപ്പ ഏവരുടേയും ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത്. വിശ്വാസപ്രമാണം എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും സാര്‍വത്രികപ്രാര്‍ത്ഥനയാണ്. ഒരു വിശ്വാസസമൂഹമെന്ന നിലയില്‍ കേള്‍ക്കപ്പെട്ട വചനത്തോടുള്ള കൂട്ടായ പ്രതികരണമാണ് വിശ്വാസപ്രമാണം. വിശ്വാസം നമ്മളെ കൂദാശകളിലേക്ക് നയിക്കുന്നു. വിശ്വാസപ്രമാണം കൂദാശകളായ ജ്ഞാനസ്നാനവും വിശുദ്ധ കുര്‍ബാനയും തമ്മില്‍ ബന്ധിപ്പിക്കുന്നു. അങ്ങനെ സഭയുടെ ആരാധനക്രമത്തില്‍ വചനവും വിശുദ്ധ കുര്‍ബാനയും തമ്മില്‍ വിശ്വാസപ്രമാണത്തിലൂടെ ബന്ധിപ്പിക്കുന്നു.

കൂദാശകളെല്ലാംതന്നെ വിശ്വാസത്തിലൂടെ സഭാത്മകകൂട്ടായ്മയില്‍ മനസ്സിലാക്കാനാകണം. അതുകൊണ്ടാണ് വിശുദ്ധ കുര്‍ബാനയില്‍ നമ്മള്‍ ലോകം മുഴുവനും വേണ്ടിയും ഭരണപരവും സാമൂഹ്യപരവുമായ എല്ലാ ആവശ്യങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നത്. എല്ലാവരുടേയും പ്രാര്‍ത്ഥനാനിയോഗങ്ങളെ നമ്മള്‍ അള്‍ത്താരയിലേക്ക് കൊണ്ടുവരുന്നു. സമൂഹപ്രാര്‍ത്ഥനയിലൂടെ ദൈവജനം മുഴുവന്‍ മാമ്മോദീസായിലൂടെ ലഭിച്ച രാജകീയപൗരോഹിത്യത്തില്‍ ഭാഗഭാക്കാവുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വചനം നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്താല്‍ എന്തു ചോദിച്ചാലും അത് ലഭിക്കുമെന്ന ക്രിസ്തുവിന്‍റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ എന്ന പ്രതികരണപ്രാര്‍ത്ഥനയിലൂടെ തന്‍റെ ജനത്തിനായി എന്നും കരുതുന്ന ദൈവത്തിന്‍റെ വലിയ കാരുണ്യത്തിനുമുന്നില്‍ പരിമിതികളില്ലാതെ ഏവര്‍ക്കുമായി പ്രാര്‍ത്ഥിക്കാനാകണം.

പ്രത്യക്ഷവും പരോക്ഷവുമായുള്ള സുവിശേഷപ്രഘോഷണരീതികള്‍ സഭയിലുണ്ട്. പാപ്പയുടെ വാക്കുകള്‍ നേരിട്ടുള്ള വചനപ്രഘോഷണത്തിന്‍റെ പ്രാധാന്യത്തെ ഉറപ്പിക്കുന്നതായിരുന്നു. ഇംഗ്ളണ്ട്, ഐര്‍ലന്‍റ്, ചൈന, അമേരിക്ക തുടങ്ങി വ്യത്യസ്തരാജ്യങ്ങളില്‍നിന്ന് പതിനായിരത്തിലധികം ആളുകള്‍ വിഭൂതിബുധനാഴ്ച സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ പാപ്പയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു. എല്ലാവര്‍ക്കും അവരുടെ കുടുംബത്തിനും വിശുദ്ധവും ഫലദായകവുമായ നോമ്പുകാലം പാപ്പ ആശംസിച്ചു. ക്രിസ്തുവിന്‍റെ സമാധാനവും കൃപയും ലഭിക്കാന്‍ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു. കാലാവസ്ഥ അനുകൂല മല്ലാത്തതിനാല്‍ രോഗികളെയും അംഗവിഹീനരെയും പാപ്പ കണ്ട് പ്രാര്‍ത്ഥിച്ചത് പോള്‍ ആറാമന്‍ ഹാളില്‍വച്ചായിരുന്നു.

Leave a Comment

*
*