ശബ്ദമില്ലാത്ത സുവിശേഷപ്രസംഗങ്ങളായി ജീവിക്കുന്ന ക്രൈസ്തവദമ്പതിമാര്‍ അനേകം

യഥാര്‍ത്ഥ സ്നേഹത്തിന്‍റെ മാതൃക ലോകത്തിനു നല്‍കാന്‍ ഒരു ക്രൈസ്തവവിവാഹത്തിലെ ഐക്യത്തിനും വിശ്വസ്തതയ്ക്കും സാധിക്കും. കത്തോലിക്കാ ദൈവശാസ്ത്രത്തിന്‍റേയും കാനോനിക വിവാഹനിയമത്തിന്‍റെയും മൂലക്കല്ലുകളാണ് ഐക്യവും വിശ്വസ്തതയും. അജ്ഞാതമെങ്കിലും വീരോചിതമായ വിവാഹ ജീവിതം നയിച്ച അനേകം കത്തോലിക്കാദമ്പതിമാരുടെ ഉദാരമായ ഐക്യവും വിശ്വസ്തസ്നേഹവും പ്രതിഫലിപ്പിക്കുന്നത് ദൈവത്തിന്‍റെ സാദൃശ്യം തന്നെയാണ്. സഭയുടെ ഫലദായകത്വത്തിലാണ് അവര്‍ പങ്കുകാരാകുന്നത്. അനേകം ക്രൈസ്തവദമ്പതിമാര്‍ നിശബ്ദമായ സുവിശേഷപ്രസംഗങ്ങളാണ്.

നാം ജീവിക്കുന്ന സമൂഹം കൂടുതല്‍ മതനിരാസവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തിന്‍റെ വളര്‍ച്ചയ്ക്ക് അത് അനുകൂലസാഹചര്യമൊരുക്കുന്നില്ല. കൗദാശികവിവാഹം ഉള്‍പ്പെടെ സുവിശേഷാനുസൃതമായ ഒരു ജീവിതശൈലിക്കു സാക്ഷ്യം വഹിക്കുക ഇതുമൂലം കത്തോലിക്കാവിശ്വാസികള്‍ക്കു ദുഷ്കരമായിരിക്കുന്നു.

വിവാഹനിശ്ചയം ചെയ്തിരിക്കുന്നവര്‍ക്ക് പരിശീലനം ആവശ്യമുണ്ട്. വിവാഹിതര്‍ക്ക് സഭയുടെ അജപാലനപരമായ കരുതല്‍ തുടര്‍ച്ചയായി ആവശ്യമുണ്ട്. മതബോധനപരമായ യോഗങ്ങള്‍, ആത്മീയ മാര്‍ഗദര്‍ശനങ്ങള്‍, കുടുംബക്കൂട്ടായ്മകള്‍, വിവാഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഉപവിപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നടക്കേണ്ടതുണ്ട്. പൗലോസ് ശ്ലീഹായുടെ മിഷണറിപ്രവര്‍ത്തനങ്ങളുടെ സഹപ്രവര്‍ത്തകരായിരുന്ന പ്രിസില്ല, അക്വില എന്നീ ദമ്പതിമാരില്‍ നിന്നു കത്തോലിക്കര്‍ക്കു പ്രചോദനം സ്വീകരിക്കാവുന്നതാണ്. പ്രിസില്ലയുടെയും അക്വിലായുടെയും വൈവാഹികവിശ്വസ്തത പൗലോസിനും അപ്പോളോയ്ക്കും വലിയ ആശ്വാസവും പിന്‍ബലവുമായിരുന്നു. അക്വിലയെയും പ്രിസില്ലയെയും പോലെ ശക്തമായ വിശ്വാസവും അപ്പസ്തോലിക ചൈതന്യവുമുള്ള വിവാഹിതരുടെ സിദ്ധികളെ അംഗീകരിക്കാനും വിലമതിക്കാനും കഴിയുന്ന പുരോഹിതരെയാണ് സഭ ഇന്നു പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുന്നത്.

(വിവാഹകേസുകള്‍ പരിഗണിക്കുന്ന
പരമോന്നത സഭാകോടതിയായ റോമന്‍ റോട്ടായില്‍
നടത്തിയ പ്രസംഗത്തില്‍നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org