വചനം ശ്രവിക്കുവാൻ ഉത്സാഹവും തുറവുമുള്ളവരാകുവിൻ

വചനം ശ്രവിക്കുവാൻ ഉത്സാഹവും തുറവുമുള്ളവരാകുവിൻ

വിശുദ്ധ കുർബാനയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നല്കിവരുന്ന പ്രതിവാര മതബോധന പരമ്പരയിൽ ഇൗ ആഴ്ചയിൽ പ്രതിപാദിച്ചത് വിശുദ്ധ കുർബാന മദ്ധ്യേയുള്ള ദൈവവവചന വായനയുടെ പ്രാധാന്യത്തെക്കുറിച്ചാണ്. സഭാമക്കളെ വിശ്വാസയാത്രയിൽ അനുധാവനം ചെയ്യുവാനും സഭാത്മക കൂട്ടായ്മയിൽ ഉറപ്പിച്ചുനിർത്തുവാനും സഭയുടെ ആരാധനക്രമം സഹായിക്കുന്നു. വിശുദ്ധ കുർബാനയിൽ മുറിക്കപ്പെടുന്ന അപ്പവും വചനവും വ്യക്തമായും കൃത്യമായും മനസ്സിലാക്കി കൊണ്ടുവേണം പങ്കെടുക്കേണ്ടത്.

ദൈവവചനശ്രവണം വിശുദ്ധ കുർബാനയിലെ പ്രധാനപ്പെട്ട ഘടകമാണ്. ദൈവത്തെ ശ്രവിക്കുവാനും ദൈവം നമുക്കായി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചെയ്യുവാൻ പോവുന്നതുമായ കാര്യങ്ങളാണ് നമ്മൾ വചനത്തിലൂടെ ശ്രവിക്കുന്നത്. അതുകൊണ്ട് അശ്രദ്ധമായി അവിടെയുമിവിടെയും നോക്കിയിരുന്നോ മറ്റെന്തെങ്കിലും സംസാരിച്ചുകൊണ്ടോ അലക്ഷ്യമായി ആ സമയം ചെലവഴിക്കരുത്. വിവിധ വായനകളുടെ സമയത്തും തുടർന്നുള്ള പ്രതികരണപ്രാർത്ഥനയിലും ജാഗ്രതയോടെ പങ്കെടുക്കേണ്ടതാണ്. വചനവായനയ്ക്കുശേഷം ശ്രദ്ധാപൂർവമായ നിശബ്ദത വായിച്ച വചനത്തെ മനനം ചെയ്യുവാൻ സഹായിക്കുന്നു.

പരിശുദ്ധാത്മാവിൽ പ്രചോദിതരായി പ്രവാചകന്മാരിലൂടെയും വിശുദ്ധ രചയിതാക്കളിലൂടെയും നമുക്ക് നൽകപ്പെട്ടിരിക്കുന്ന ദൈവവചനത്തിലൂടെ ദൈവം തന്നെയാണ് നമ്മളോട് സംസാരിക്കുന്നത്. അതുകൊണ്ട് ദൈവവചനത്തോട് തുറവുള്ളവരും കേട്ട വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരും ആയി മാറണം. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന ഒാരോ വചനവും കൊണ്ടുകൂടിയാണെന്ന വചനഭാഗം (മത്താ. 4:4) ഒാർക്കാം. ദൈവവചനത്തിന്റെ മേശയിൽനിന്ന് ഭക്ഷിക്കുന്നവരായി നമ്മൾ മാറണം.

ദൈവവചനം ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ് (ഹെബ്രാ. 1:1-2). ദൈവം തന്റെ ജനത്തോട് സഭയിലൂടെ നിരന്തരം സംഭാഷണം നടത്തുന്നു. ദൈവവചനം ജീവിതത്തെ നയിക്കുന്ന പ്രകാശമാണ്. അതിനാൽ നല്ല വായനക്കാരും കേൾവിക്കാരുമാകണം. വെറുതെ കേൾവിക്കാരായതുകൊണ്ടുമാത്രമായില്ല, നല്ല പ്രവൃത്തികൾ തുടരണം. വ്യക്തിപരമായും സമൂഹമെന്ന നിലയിലും വചനം നമ്മളെ വെല്ലുവിളിക്കുന്നു. അങ്ങനെ നമ്മിൽ ചൊരിയപ്പെടുന്ന ദൈവവചനം ഫലമുളവാക്കുവാനും ജീവിതയാത്രയിൽ നമ്മളാരും നമുക്ക്തന്നെ നഷ്ടപ്പെടാതിരിക്കുവാനും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.

ദൈവത്തിന്റെ വചനം പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ് (സങ്കി 119:105). പാദത്തിങ്കൽ വിളക്ക് പിടിച്ചാൽ അത് എത്രത്തോളം പ്രകാശം നൽകും? അടുത്ത ചുവടുകൾ വയ്ക്കുവാനുള്ള പ്രകാശം മാത്രം. പക്ഷെ പാദത്തോടൊപ്പം വിളക്കും ചലിക്കുന്നതുകൊണ്ട് യാത്രയിലുടനീളം പ്രകാശം നൽകിക്കൊണ്ടേയിരിക്കും. അതുകൊണ്ടാണ് ദൈവവചനം കേൾക്കുന്നവരും വായിക്കുന്നവരും പാലിക്കുന്നവരും അനുഗ്രഹീതർ എന്ന് വെളിപാടു പുസ്തകത്തിൽ പറയുന്നത്. (വെ ളി. 1:3-5) ഇൗ അനുഗ്രഹത്തിലേക്ക് നമുക്കും പ്രവേശിക്കാം.

തീർത്ഥാടകസമൂഹത്തിൽ ടൂറിസ്റ്റുകൾക്കു പുറമെ വിവിധ സന്നദ്ധസംഘടനകളിൽനിന്നും ഫോർമേഷൻ സ്ഥാപനങ്ങളിൽ നിന്നുമായി ധാരാളം പ്രതിനിധികൾ പ്രതിവാര കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മൂല്യാധിഷ്ഠിതവും ഒാരോരുത്തർക്കും ലഭിച്ച താലന്തുകൾക്കനുസൃതമായും ഫലം പുറപ്പെടുവിക്കുന്നവരുമാകണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. അവിടെ സമ്മേളിച്ചിരുന്ന നവദമ്പതികളെയും രോഗികളെയും യുവജനങ്ങളെയും പ്രത്യേകം അഭിസംബോധന ചെയ്തു. ഉദാരമായ പ്രതിബദ്ധതയോടെ ക്രിസ്തുവിനെയും സഭയെയും അനുധാവനം ചെയ്യുവാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ മതബോധനം അവസാനിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org