മനുഷ്യാവകാശങ്ങളെ മാനിക്കുന്ന സമൂഹത്തിനു വയോധികര്‍ നിര്‍ണായകം

എല്ലാ മനുഷ്യരുടേയും അവകാശങ്ങളെ ആദരിക്കുന്ന ഒരു സമൂഹത്തില്‍ വയോധികരുടെ സാന്നിദ്ധ്യം നിര്‍ണായകമാകുന്നു. പല തലമുറകള്‍ക്കിടയിലെ കൂട്ടായ്മ മനുഷ്യാന്തസ്സിനും ആരോഗ്യകരമായ സമൂഹത്തിനും അത്യാവശ്യമാണ്. വയോധികരെ ഒരു ഭാരമായിട്ടല്ല കാണേണ്ടത്. അവര്‍ സമൂഹത്തിനുപകരിക്കുന്ന സ്രോതസ്സും സമ്പത്തുമാണ്. അതിനാല്‍ വയോധികര്‍ ആദരവ് അര്‍ഹിക്കുന്നു. ജനതയുടെ ഓര്‍മ്മയാണ് വയോധികര്‍. അവര്‍ സമൂഹത്തിനു അമൂല്യമായ സംഭാവനകള്‍ നല്‍കുന്നവരുമാണ്.

വയോധികരുടെ മനുഷ്യവിഭവശേഷി സമൂഹത്തിനു വേണ്ടി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക എന്നതായിരിക്കും വരുംവര്‍ഷങ്ങളില്‍ സമൂഹം നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളി. വയോധികര്‍ക്കു ജ്ഞാനവും അനുഭവസമ്പത്തും ഉണ്ട്. എല്ലാവരുടേയും അവകാശങ്ങളെ മാനിക്കുന്ന ഒരു ലോകം സൃഷ്ടിക്കുന്നതില്‍ ഇതു നിര്‍ണായകമാകും. വയോധികര്‍ക്കു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവും സമയവും ഉണ്ട്. ഇതിലൂടെ അവര്‍ക്കും സമൂഹത്തിനാകെയും നേട്ടമുണ്ടാകും.

വാര്‍ദ്ധക്യത്തെ വയോധികരും യുവജനങ്ങളും തമ്മിലുള്ള സംഭാഷണത്തിനുള്ള കാലമായി കാണണം. കൂടുതല്‍ നീതിനിഷ്ഠവും കൂടുതല്‍ മനോഹരവും ക്രൈസ്തവവുമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനു വയോധികരും യുവജനങ്ങളും തമ്മിലുള്ള സമാഗമവും സംഭാഷണവും ആവശ്യമാണ്. യുവജനങ്ങളാണ് ഒരു ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ ശക്തി. വയോധികരാകട്ടെ സ്വന്തം സ്മരണകളും ജ്ഞാനവും കൊണ്ടു ഈ യുവജനശക്തിക്കു വീര്യം പകരുന്നു.

ദുഷ്കരമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മുത്തശ്ശീമുത്തച്ഛന്മാര്‍ക്ക് പ്രത്യേകമായ കഴിവുണ്ട്. അവരുടെ പ്രാര്‍ത്ഥന ശക്തമാണ്. ജീവിതത്തിന്‍റെ അനുഭവവും കുടുംബത്തിന്‍റേയും സമുദായത്തിന്‍റേയും ജനതയുടേയും കഥ പുതിയ തലമുറയിലേയ്ക്കു കൈമാറുക എന്ന ചുമതല അവരുടേതാണ്.

(ഇറ്റലിയിലെ വയോധിക തൊഴിലാളി സംഘടനയുടെ വാര്‍ഷികസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org