സുവിശേഷം ജനങ്ങളെ വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു

സുവിശേഷം ജനങ്ങളെ  വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു

സുവിശേഷം ദൈവികപദ്ധതിയുടെ മൂര്‍ത്തമായ വെളിപാടാണ്. ജനങ്ങളെ അതു വിശുദ്ധിയിലേയ്ക്കു ക്ഷണിക്കുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം ഒരു കഥയല്ലെന്നു നമ്മോടു പറയുകയാണു വി. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഒന്നാമദ്ധ്യായം. ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവത്തോടു കൂടിയായിരുന്നു, വചനം ദൈവമായിരുന്നു എന്ന വാക്യത്തോടെയാണല്ലോ ഈ സുവിശേഷമാരംഭിക്കുന്നത്. ഈ സന്ദേശം ലളിതവും മഹത്തരവുമാണ്. ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന മൂര്‍ത്തമായ പദ്ധതിയെന്താണ് എന്നു സ്വയം ചോദിക്കാന്‍ ഈ സുവിശേഷം കത്തോലിക്കരെ പ്രേരിപ്പിക്കുന്നു. ലോകസ്ഥാപനത്തിനു മുമ്പേ ദൈവം നമ്മെ തിരഞ്ഞെടുത്തതാണെന്നു സുവിശേഷകന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇവിടെയാണു ക്രിസ്മസ് അര്‍ത്ഥപൂര്‍ണമാകുന്നത്. കര്‍ത്താവു നമ്മുടെ ഇടയിലേയ്ക്കു വന്നുകൊണ്ടിരിക്കുന്നുവെങ്കില്‍, തന്‍റെ വചനത്തിന്‍റെ ദാനം നമുക്കു തന്നുകൊണ്ടിരിക്കുന്നുവെങ്കില്‍ അതിന്‍റെ കാരണമിതാണ്: നാമോരോരുത്തരും അവിടുത്തെ വിളിയോടു പ്രത്യുത്തരിക്കണം. സ്നേഹത്തില്‍ വിശുദ്ധരാകണം. വിശുദ്ധിയെന്നാല്‍ ദൈവവുമായി കൂട്ടായ്മയിലായിരിക്കുക എന്നാണര്‍ത്ഥം. വിശുദ്ധിയെ ദൈവകൃപയുടെ ദാനമായി സ്വീകരിക്കുന്ന ആര്‍ക്കും അതിനെ അനുദിന ജീവിതത്തിലെ മൂര്‍ത്തമായ പ്രവൃത്തികളായി പരിവര്‍ത്തിപ്പിക്കാതിരിക്കാന്‍ സാധിക്കില്ല. ഒരു വ്യക്തിക്കു തന്‍റെ അയല്‍ക്കാരനോടുള്ള സ്നേഹവും കാരുണ്യവും ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമാണ്. അതു സ്വന്തം ഹൃദയത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ന് സംഘര്‍ഷത്തിന്‍റെ ഭീതിദമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. സംഭാഷണത്തിന്‍റെ നാളം കെട്ടുപോകാതെ സൂക്ഷിക്കണമെന്ന് എല്ലാ കക്ഷികളോടും ഞാനഭ്യര്‍ത്ഥിക്കുന്നു. ആത്മനിയന്ത്രണം ജ്വലിച്ചു നില്‍ക്കട്ടെ. ശത്രുതയുടെ നിഴലിനെ അകറ്റി നിറുത്താം. ഈ കൃപയ്ക്കായി നമുക്കു കര്‍ത്താവിനോടു നിശബ്ദമായി പ്രാര്‍ത്ഥിക്കാം.

(ക്രിസ്മസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org