വി. കുര്‍ബാന സമ്പൂര്‍ണ്ണമായ ആരാധനയാണ്

വി. കുര്‍ബാന സമ്പൂര്‍ണ്ണമായ ആരാധനയാണ്

വിശുദ്ധ കുര്‍ബാനയുടെ വിചിന്തനത്തിന്‍റെ ഏറ്റവും ഊഷ്മളമായ ഹൃദയഭാഗത്തേക്കാണ് ഇന്ന് നമ്മള്‍ പ്രവേശിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള തന്‍റെ പ്രതിവാരപ്രബോധനപരമ്പര തുടര്‍ന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. വചനം മുറിക്കലും അപ്പം മുറിക്കലും. അവ പരസ്പരബന്ധിതവും ദൈവാരാധനയുടെ സമ്പൂര്‍ണ്ണമായ തലവുമാണ്. വിശുദ്ധ കുര്‍ബാന പരിപൂര്‍ണ്ണമായി ആചരിക്കുകയും ആസ്വദിക്കുകയും ചെയ്യണമെങ്കില്‍ നമ്മള്‍ അതില്‍ ഉപയോഗിക്കുന്നപ്രതീകങ്ങളും അടയാളങ്ങളും കൃത്യമായി മനസ്സിലാക്കണം. ഭൗതികമായ അടയാളങ്ങള്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ ഐക്യത്തിലേക്ക് നമ്മളെ നയിക്കുന്നുവെന്ന സെന്‍റ് തോമസ് അക്വീനാസിന്‍റെ പഠനവും പാപ്പ ഓര്‍മ്മിപ്പിച്ചു.

പ്രവേശനഗാനാലാപനത്തെ തുടര്‍ന്ന് വിശുദ്ധ കുരിശിന്‍റെ അടയാളം വരച്ചുകൊണ്ടാണ് നമ്മള്‍ വിശുദ്ധ കുര്‍ബാനയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് അനുതാപശുശ്രൂഷയും പ്രകീര്‍ത്തനങ്ങളും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നിറഞ്ഞ വിവിധ പ്രാര്‍ത്ഥനകളില്‍ എല്ലാ വിശ്വാസികളും ഒന്നുചേര്‍ന്ന് ഏകമനസ്സോടെ സ്വര്‍ഗത്തിലേക്ക് നമ്മളെതന്നെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മള്‍ ഒരു സമൂഹമായി ദൈവത്തെ ആരാധിക്കുകയാണ്. അതുകൊണ്ട് ഒരിക്കലും വിശുദ്ധ കുര്‍ബാനയ്ക്ക് താമസിച്ച് വരരുത്. ഓ! ഞാന്‍ നേരത്തെ എത്തിയല്ലോ എന്ന് ചിന്തിച്ച് വാച്ചില്‍ നോക്കുകയുമരുത്.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ ദൃഷ്ടിയും ചിന്തയും ഉയരേണ്ടത് അള്‍ത്താരയിലേക്കാണ്. കാരണം ക്രിസ്തുവാകുന്ന ബലിപീഠമാണ് അള്‍ത്താര. വൈദികന്‍ ബലിപീഠം ചുംബിക്കുന്നതും അള്‍ത്താരയില്‍ ധൂപാര്‍ച്ചന നടത്തുന്നതുമെല്ലാം അള്‍ത്താര ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ട് അള്‍ത്താരയിലേക്ക് നോക്കേണ്ടത് ക്രിസ്തുവിനെ നോക്കുന്നതുപോലെയാണ്. നമ്മള്‍ അള്‍ത്താരയുടെ ചുറ്റുമായിരിക്കുന്നത് മറ്റുള്ളവരെ നോക്കാനല്ല ക്രിസ്തുവിലേക്ക് നോക്കുവാനാണ്. ക്രിസ്തുവിന്‍റെ ജനനവും കുരിശുമരണവും ഉത്ഥാനവും മഹത്ത്വവും അടങ്ങുന്ന മിശിഹാരഹസ്യം മുഴുവനായും കുര്‍ബാനയില്‍ നമ്മള്‍ ആവര്‍ത്തിച്ച് കണ്ടുമുട്ടുന്നു.

വിശുദ്ധ കുര്‍ബാനയെന്നത് ക്രിസ്തുവിന്‍റെ സ്നേഹത്തെ മുഖാമുഖം ദര്‍ശിക്കലാണ്. പ്രാരംഭപ്രാര്‍ത്ഥന മുതല്‍ വിശുദ്ധ കുര്‍ബാനയുടെ അവസാനനിമിഷം വരെ മനുഷ്യജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും കോര്‍ത്തിണക്കി മനോഹരവും ഏകവുമായ സിംഫണിപോലെയാണ് വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ എല്ലാ താളവും സ്വരലയവും ശബ്ദവും നിശബ്ദതയും ഒരേപോലെ പ്രധാനപ്പെട്ടതാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ തമ്മിലും ഈ ഐക്യവും താളവും നിലനില്‍ക്കണമെന്നതും കുര്‍ബാനയുടെ സന്ദേശമാണ്.

വിശുദ്ധ കുരിശിന്‍റെ അടയാളം വരക്കുമ്പോള്‍ നമ്മള്‍ ത്രിത്വൈക ദൈവത്തിന്‍റെ പരിപൂര്‍ണവും മനോഹരവുമായ കൂട്ടായ്മയിലേക്കാണ് ഉയരുന്നത്. കൂട്ടായ്മയുടെ അനശ്വരമായ തലമാണ് ത്രിത്വൈകദൈവത്തില്‍ കണ്ടുമുട്ടുന്നത്. കുരിശടയാളം മാമ്മോദീസായെ ഓര്‍മ്മിപ്പിക്കുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കുഞ്ഞുന്നാളില്‍തന്നെ കൃത്യവും വ്യക്തവുമായി കുരിശു വരയ്ക്കാന്‍ പഠിപ്പിക്കണമെന്നും പാപ്പ സാന്ദര്‍ഭികമായി പറഞ്ഞു.

ഓസ്ട്രേലിയായില്‍നിന്നും അമേരിക്കയില്‍നിന്നുമള്ള വിദ്യാര്‍ത്ഥികളുടെ വിവിധ ഗ്രൂപ്പുകള്‍ ഇത്തവണ ബുധനാഴ്ച കൂടിക്കാഴ്ചയിലുണ്ടായിരുന്നു. ശൈത്യകാലമായതിനാല്‍ പോള്‍ ആറാമന്‍ ഹാളിലാണ് സന്ദര്‍ശനം നടന്നത്. ഇറാക്ക്, ഈജിപ്ത്, മിഡില്‍ ഈസ്റ്റ് എന്നീ ദേശങ്ങളില്‍നിന്നും ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പ സംസാരിച്ചത് അറബിഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു. നവദമ്പതികളോട് ബത്ലേഹമിലെ തിരുക്കുടുംബത്തെ മുന്നില്‍കണ്ട് അനുധാവനം ചെയ്യണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ക്യൂബന്‍ സര്‍ക്കസ് ഗ്രൂപ്പിലെ അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ സമ്മേളനത്തിന്‍റെ മാറ്റ് കൂട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org