വി. കുര്‍ബാനയിലൂടെ സ്വര്‍ഗീയരഹസ്യങ്ങളിലേക്ക് നമ്മള്‍ പ്രവേശിക്കുന്നു

വി. കുര്‍ബാനയിലൂടെ സ്വര്‍ഗീയരഹസ്യങ്ങളിലേക്ക് നമ്മള്‍ പ്രവേശിക്കുന്നു

വിശുദ്ധ കുര്‍ബാനയില്‍ നടത്തുന്ന അനുതാപപ്രാര്‍ത്ഥനാശുശ്രൂഷയെ അടിസ്ഥാനമാക്കിയാണ് വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഫ്രാന്‍സിസ് പാപ്പ തുടര്‍ച്ചയായി നല്‍കിവരുന്ന വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മതബോധനം നടത്തിയത്. വിശുദ്ധ കുര്‍ബാനയ്ക്ക് അര്‍ഹമായ വിധത്തില്‍ എങ്ങനെ ഒരുങ്ങാനാവുമെന്ന് ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു. അനുതാപപ്രാര്‍ത്ഥനയിലൂടെ നമ്മള്‍ പാപികളാണെന്നുള്ള യാഥാര്‍ത്ഥ്യം ഏറ്റുപറയുന്നു. വിശുദ്ധ കുര്‍ബാനയിലെ സ്വര്‍ഗീയരഹസ്യങ്ങളിലേക്ക് പ്രവേശിക്കുവാന്‍ അനുതാപശുശ്രൂഷ ആവശ്യമാണ്.

കുര്‍ബാനയില്‍ ഒരു സമൂഹമെന്ന നിലയിലാണെങ്കിലും ഓരോരുത്തരും വ്യക്തിപരമായാണ് അനുരഞ്ജനപ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത്. ദൈവത്തിന്‍റെ കരുണയ്ക്കും ക്ഷമയ്ക്കും നമ്മള്‍ അര്‍ഹരല്ലായെന്ന് തിരിച്ചറിഞ്ഞ് യേശു പറഞ്ഞ ഉപമയിലെ ചുങ്കക്കാരനെപോലെ മാറത്ത് കൈ വച്ച് പ്രാര്‍ത്ഥിക്കാനാകണം. എന്നാല്‍ ദൈവത്തിലുള്ള വിശ്വാസത്തിലും ദൈവത്തിന്‍റെ ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും വാഗ്ദാനത്തിലും പ്രത്യാശയര്‍പ്പിച്ച് ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുവെന്ന് നമ്മള്‍ വിശ്വസിക്കുന്നു.

നമ്മള്‍ പാപം ചെയ്യുന്നത് ദൈവത്തോടും സഹോദരരോടും ആണ്. പാപം നമ്മളെ ദൈവത്തില്‍നിന്ന് മാത്രമല്ല മറ്റുള്ളവരില്‍നിന്നും അകറ്റുന്നു. അതുകൊണ്ടാണ് വിശുദ്ധ കുര്‍ബാനയില്‍ അനുതാപപ്രാര്‍ത്ഥന കൂട്ടായ്മയില്‍ ഒരു സമൂഹമായി നമ്മള്‍ ചൊല്ലുന്നത്. ഭയമോ, ലജ്ജ മൂലമോ നമ്മള്‍ നമ്മുടെ പാപങ്ങള്‍ക്ക് കാരണമായി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ആത്മാര്‍ത്ഥതയോടെ വേണം പാപം ഏറ്റുപറയേണ്ടത്. സുവിശേഷങ്ങളില്‍ പാപം ഏറ്റു പറഞ്ഞ വ്യക്തികളെയും പാപ്പ ഓര്‍മ്മിപ്പിച്ചു. ദാവിദ്, ധൂര്‍ത്തപുത്രന്‍, വി. പത്രോസ്, സമറിയായിലെ സ്ത്രീ തുടങ്ങിയവരെല്ലാം ദൈവത്തിന്‍റെ രക്ഷാകരമായ കൃപയില്‍ വിശ്വാസമര്‍പ്പിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞ് ദൈവസന്നിധിയിലേക്ക് നടന്നടുത്തവരാണ്. ഇവരോട് ചേര്‍ന്നുനിന്നുകൊണ്ട് നമ്മളും ആ മഹത്തായ ശ്രേണിയിലേക്ക് എത്തിച്ചേരുന്നു

വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും നമ്മള്‍ ചെയ്തുപോയ എല്ലാ പാപങ്ങളും വ്യക്തിപരമായി സമൂഹമദ്ധ്യേ സമൂഹത്തോടു ചേര്‍ന്നു കൂട്ടായ്മയില്‍ നമ്മള്‍ ഏറ്റുപറയുന്നു. മറ്റുള്ളവര്‍ ചെയ്ത തെറ്റുകളെ കുറ്റപ്പെടുത്തുന്നതിനുപകരം നമ്മുടെ കുറവുകളും പോരായ്മകളും ആണ് ഏറ്റുപറയേണ്ടത്. കാരണം ക്രിസ്തുശിഷ്യരെന്ന നിലയില്‍ നമ്മളെല്ലാവരും നന്മചെയ്തുകൊണ്ട് ക്രിസ്തുവിന് സാക്ഷികളാവേണ്ടവരാണ്. കളിമണ്‍ പാത്രം പോലെ ദുര്‍ബലമാണ് നമ്മളുടെ അവസ്ഥയെങ്കിലും ദൈവത്തിന്‍റെ അനന്തമായ കൃപയില്‍ നമുക്ക് മാനസാന്തരം എപ്പോഴും സാധ്യമാണ്.

വിശുദ്ധിയിലും മാനസാന്തരാനുഭവത്തിലും തുടര്‍ന്ന് ജീവിക്കുവാന്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യവും സകല മാലാഖമാരുടേയും വിശുദ്ധരുടേയും സഹായവും നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു. മറ്റ് ചില അനുതാപശുശ്രൂഷയില്‍ വിശുദ്ധ ജലം നമ്മുടെ മേല്‍ തളിച്ചുപ്രാര്‍ത്ഥിക്കുന്നത് നമ്മള്‍ സ്വീകരിച്ച മാമ്മോദീസ എന്ന കൂദാശയെ അനുസ്മരിപ്പിക്കുന്നു.

തെറ്റ് പറ്റുക സ്വഭാവികമാണ്. അതില്‍നിന്ന് മാറിപോവുക എന്നതാണ് മഹനീയമായിരിക്കുന്നത്. അതിന് ദൈവകൃപ ആവശ്യമാണ്. ഈ കൃപയാകട്ടെ വിശുദ്ധ കുര്‍ബാനയിലൂടെ ലഭിക്കുന്ന സൗജന്യദാനമാണ്. ആ ദാനം സ്വീകരിച്ച് സ്വര്‍ഗീയരഹസ്യങ്ങളിലേക്ക് ഉയരുവാന്‍ പരിശ്രമിക്കാം. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലെ കൂടിക്കാഴ്ചയില്‍ ഇറ്റലിയില്‍നിന്നുള്ള വിവിധ പഠനഗ്രൂപ്പുകളോടൊപ്പം ഈജിപ്ത്, ലബനോന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org