മനുഷ്യനന്മയെ ലാഭത്തിനും അധികാരത്തിനും മുകളില്‍ പ്രതിഷ്ഠിക്കുക

മനുഷ്യനന്മയെ ലാഭത്തിനും അധികാരത്തിനും മുകളില്‍ പ്രതിഷ്ഠിക്കുക

നാമെല്ലാം ഒരേ മാനവകുടുംബത്തിലെ അംഗങ്ങളാണ്. ഇതു മറന്നു കൊണ്ടുള്ളതാകരുത് നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും വികസനവും. മനുഷ്യനന്മയെ ലാഭത്തിനും അധികാരത്തിനും മുകളില്‍ പ്രതിഷ്ഠിക്കുക. ഇത് ഭരണകൂടങ്ങളുടെയും വ്യവസായസ്ഥാപനങ്ങളുടെയും കടമയാണ്.

മനുഷ്യവ്യക്തികളെ ഒരു ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗങ്ങളായി കാണുന്നത് അപലപനീയമാണ്. മാനവൈക്യവും മനുഷ്യസ്നേഹവും ഇല്ലാത്ത ഈ നിലപാട് അനീതിയില്‍ കലാശിക്കും. മാനവകുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഉള്‍ക്കൊള്ളുകയും എല്ലാവര്‍ക്കും പ്രയോജനകരമാകുകയും പൊതുനന്മ തേടുകയും ചെയ്യുമ്പോള്‍ മാത്രമേ സമഗ്രമനുഷ്യവികസനം വളര്‍ച്ച പ്രാപിക്കുകയുള്ളൂ. ചിലപ്പോള്‍ ഒളിച്ചും ചിലപ്പോള്‍ തെളിച്ചും കൊണ്ടു നടക്കുന്ന തികച്ചും പ്രയോജനവാദപരവും ഭൗതീകവാദപരവുമായ കാഴ്ചപ്പാടുകള്‍ സ്വാര്‍ത്ഥതാത്പര്യങ്ങളില്‍ അധിഷ്ഠിതമായ ശൈലികളിലേയ്ക്കും ഘടനകളിലേയ്ക്കും നയിക്കും. പുരോഗതിയിലേയ്ക്കു പ്രയാണം ചെയ്യുന്നതിനിടെ മറ്റൊരു മനുഷ്യവ്യക്തിയുടെ അന്തസ്സിനെ തകിടം മറിക്കുമ്പോള്‍, വാസ്തവത്തില്‍ സ്വന്തം മൂല്യത്തെ തന്നെയാണ് ബലഹീനമാക്കുന്നത് എന്നതു മറക്കരുത്.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ ഭൗമരാഷ്ട്രീയതലത്തില്‍ സുപ്രധാനമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില വികാസങ്ങള്‍ മനുഷ്യവംശത്തെ സഹായിച്ചപ്പോള്‍ മറ്റു ചിലത് ദോഷഫലങ്ങളാണ് ഉണ്ടാക്കിയത്. അതിനാല്‍ സാങ്കേതികവിദ്യയിലും സാമ്പത്തീകരംഗത്തുമുള്ള സമീപനങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളവയാകരുത്. സമകാലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുകയും ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുമ്പോള്‍ ധാര്‍മ്മിക മാനത്തിന് സമ്പൂര്‍ണമായ പരിഗണന നല്‍കണം.

(സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന് അയച്ച സന്ദേശത്തില്‍ നിന്ന്. വത്തിക്കാന്‍ സമഗ്ര മനുഷ്യവികസന കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ സമ്മേളനത്തില്‍ സഭയെ പ്രതിനിധീകരിച്ചു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org