വിശുദ്ധ കുര്‍ബാനയില്‍ നിശബ്ദമായ പ്രാര്‍ത്ഥനയും ഏറെ പ്രധാനപ്പെട്ടതാണ്

വിശുദ്ധ കുര്‍ബാനയില്‍ നിശബ്ദമായ പ്രാര്‍ത്ഥനയും ഏറെ പ്രധാനപ്പെട്ടതാണ്

വിശുദ്ധ കുര്‍ബാനയെ അടിസ്ഥാനമാക്കി ഫ്രാന്‍സിസ് പാപ്പ എല്ലാ ബുധനാഴ്ചയും നല്‍കിവരുന്ന മതബോധനപരമ്പരയില്‍ വിശുദ്ധകുര്‍ബാനമദ്ധ്യേ ഉയരുന്ന വിവിധ പ്രാര്‍ത്ഥനകളുടെ പ്രാധാന്യത്തിലേക്കാണ് വിശ്വാസികളുടെ ശ്രദ്ധയെ ക്ഷണിച്ചത്. സഭയുടെ ആരാധനക്രമം പ്രാര്‍ത്ഥനയുടെ പരിശീലനകളരിയാണ്. വിശുദ്ധ കുര്‍ബാനയില്‍ സഭയുടെ ആരാധനക്രമവല്‍സരത്തിലെ വിവിധ കാലങ്ങളിലെ പ്രാര്‍ത്ഥനകള്‍ ഭംഗിയായും ക്രമമായും ക്രോഡീകരിച്ചിരിക്കുന്നു.

വിശുദ്ധ കുര്‍ബാനയില്‍ അനുതാപശുശ്രൂഷയെതുടര്‍ന്ന് ദൈവമഹത്ത്വം പ്രകീര്‍ത്തിക്കുന്ന സ്തോത്രഗീതം നമ്മള്‍ ആലപിക്കുന്നു. വിവിധ സങ്കീര്‍ത്തനഭാഗങ്ങളുപയോഗിച്ച് നമ്മള്‍ നമ്മുടെ ചിന്തകളെ സ്വര്‍ഗീയതലത്തിലേക്ക് ഉയര്‍ത്തുന്നു. യേശുവിന്‍റെ ജനനസമയത്ത് മാലാഖമാരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്ത്വം എന്ന കീര്‍ത്തനവുമായി ചേര്‍ന്ന് ലോകപാപരക്ഷയ്ക്കായ് തന്‍റെ സ്വപുത്രനെ തന്നെ ലോകത്തിന് നല്‍കിയ പിതാവായ ദൈവത്തെ ഈ ഗാനാലാപനത്തിലൂടെ വാഴ്ത്തിപാടുകയാണ് ചെയ്യുന്നത്. അങ്ങനെ നമ്മള്‍ ത്രിത്വൈകദൈവത്തിന് സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു. മാലാഖമാരുടെ സ്വര്‍ഗീയസംഗീതം ആനന്ദകരമായ പ്രഘോഷണമാണ്. വിശുദ്ധ കുര്‍ബാനയില്‍ യേശുവിന്‍റെ ബത്ലഹേമിലെ മനുഷ്യാവതാര ജനനത്തെ ഓര്‍മ്മിക്കുന്നതിലൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ സ്നേഹത്തിന്‍റെ പ്രവൃത്തിയെയാണ് നമ്മള്‍ അനുസ്മരിക്കുന്നത്.

കുര്‍ബാനമദ്ധ്യേയുണ്ടാവേണ്ട നിശബ്ദതയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ ഉല്‍ബോധിപ്പിച്ചു. അതിനനുസൃതമായ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ വൈദികര്‍ക്ക് നല്‍കി. കുര്‍ബാന തിരക്കുപിടിച്ച് ചൊല്ലിതീര്‍ക്കരുത്. ജനത്തിന് നിശബ്ദമായി പ്രാര്‍ത്ഥിക്കാനുള്ള സമയം നല്‍കണം. അത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സമയമാണ്. ഈ നിശബ്ദത വിശുദ്ധ കുര്‍ബാനയുടെ ഏതൊരു നിമിഷത്തിലും സാധ്യവുമാണ്. അനുതാപശുശ്രൂഷയിലും 'നമുക്ക് പ്രാര്‍ത്ഥിക്കാം' എന്ന് ആഹ്വാനം ചെയ്യുന്ന നിമിഷങ്ങളിലും വചനവായനയ്ക്കുശേഷവും വിശുദ്ധ കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞും ഒക്കെ നിശബ്ദപ്രാര്‍ത്ഥനയ്ക്ക് സാധ്യതയുണ്ട്.

നിശബ്ദതയെന്നത് വാക്കുകളില്ലാത്ത അവസ്ഥയല്ല, മറ്റു ശബ്ദങ്ങള്‍ക്കായുള്ള തുറവായാണ്. പ്രത്യേകിച്ച് പരിശുദ്ധാത്മാവിന്‍റെ സ്വരത്തിനായുള്ള കാതോര്‍ക്കലാണ്. നിശബ്ദത പരിശുദ്ധാത്മാവില്‍ നമ്മളെതന്നെ സ്വയം ലഭ്യമാക്കുവാന്‍ സഹായിക്കുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന് വൈദികന്‍ പറയുമ്പോള്‍ ജനത്തിന് ദൈവസാന്നിദ്ധ്യസ്മരണയില്‍ നിശബ്ദതയിലേക്ക് കടന്ന് അവരുടെ വ്യക്തിപരമായ പ്രാര്‍ത്ഥനാവശ്യങ്ങള്‍ ഉയര്‍ത്തുവാന്‍ സാധിക്കണം. അതിലൂടെ അനുദിനജീവിതത്തിന്‍റെ തിരക്കുകള്‍, വെല്ലുവിളികള്‍, വേദന, സന്തോഷങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് ദൈവത്തിങ്കലേക്ക് ഹൃദയവും ജീവിതവും ഉയര്‍ത്തലാണ് സംഭവിക്കുന്നത്. നമ്മുടേത് മാത്രമല്ല നമ്മുടെ ബന്ധുമിത്രാദികളുടെ പ്രശ്നങ്ങളും ദൈവസന്നിധിയില്‍ അര്‍പ്പിച്ച് വിശുദ്ധ കുര്‍ബാനയുടെ നിയോഗത്തിലേക്ക് ഉയര്‍ത്തണം. ക്രൂശിതനായ ക്രിസ്തുവിനെപോലെ കരങ്ങള്‍ ഇരുവശങ്ങളിലേക്കും വിടര്‍ത്തി വൈദികന്‍ ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ദൈവസന്നിധിയിലേക്ക് കൂട്ടായ്മയില്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു.

"എന്‍റെ നിശബ്ദത മനസ്സിലാക്കുവാന്‍ സാധിച്ചാല്‍ മാത്രമെ എന്‍റെ സൗഹൃദവും മനസ്സിലാവുകയുള്ളൂ" എന്ന ചിന്തയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പാപ്പയുടെ വാക്കുകള്‍. ദൈവവുമായുള്ള സൗഹൃദത്തില്‍ നിശബ്ദതയ്ക്കും വലിയ ഓളങ്ങളുണ്ട്. വിശ്വാസികള്‍ പതിവുപോലെ ഹര്‍ഷാരവത്തോടെ പാപ്പായെ സ്വീകരിക്കുകയും ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കുവാന്‍ തിരക്കുകൂട്ടുകയും ചെയ്തു. ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ വച്ചുനീട്ടിയ അര്‍ജന്‍റീനയില്‍ നിന്നുള്ള പാനീയം അല്‍പം നുണയുവാനും പാപ്പ താത്പര്യം കാണിച്ചു. പോള്‍ 6-ാമന്‍ ഹാളില്‍ നടന്ന പ്രതിവാരകൂടിക്കാഴ്ചയില്‍ ഏഴായിരത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org