ഫോണ്‍ താഴെ വയ്ക്കുക, കുടുംബാംഗങ്ങളുമായി സംസാരിക്കുക

കുടുംബത്തില്‍ പരസ്പരം ആശയവിനിമയം ചെയ്യേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്കറിയാമോ? ഒരു മേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍ പോലും ഓരോരുത്തരും അവരവരുടെ ഫോണുകളില്‍ നോക്കിയിരിക്കുകയാണോ? എല്ലാവരും ഫോണുകളില്‍ കളിക്കുകയോ കാണുകയോ സന്ദേശമയയ്ക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ ആ കുടുംബത്തില്‍ ആരും ആശയവിനിമയം നടത്തുന്നില്ലെന്നു പറയേണ്ടി വരും. തിരുക്കുടുംബം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കുടുംബത്തിലെ പരസ്പരമുള്ള ആശയവിനിമയത്തിന്‍റെ പ്രാധാന്യമാണ്. ഫോണുകള്‍ താഴെ വയ്ക്കുക. പരസ്പരം സംസാരിക്കുക. അതു വളരെ പ്രധാനമാണ്.

മാതാപിതാക്കള്‍, കുട്ടികള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവരെല്ലാം എന്നും പരസ്പരം സംസാരിക്കണം. സുവിശേഷാനുസൃതജീവിതത്തിന് ഒരു മാതൃകയാണു തിരുക്കുടുംബം. സുവിശേഷമാണ് ഒരു കുടുംബത്തിന്‍റെ വിശുദ്ധിയുടെ മാനദണ്ഡം. പിതാവായ ദൈവത്തിന്‍റെ ഹിതത്തോടുള്ള സംഘാതമായ പ്രതികരണത്തെയാണ് തിരുക്കുടുംബം പ്രതിനിധീകരിക്കുന്നത്. ദൈവത്തിന്‍റെ പദ്ധതി കണ്ടെത്താനും നിറവേറ്റാനും തിരുക്കുടുംബത്തിലെ ഓരോ അംഗവും പരസ്പരം സഹായിക്കുന്നു. അമൂല്യമായ ഒരു നിധിയാണു കുടുംബം. നാം എപ്പോഴും അതിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും വേണം. തിരുക്കുടുംബം ദൈവഹിതത്തിന് എപ്പോഴും സംലഭ്യമായിരുന്നു. അനുസരണയ്ക്കും തുറവിക്കും ഇന്നത്തെ കുടുംബങ്ങള്‍ക്കു മാതൃകയാണു തിരുക്കുടുംബം.

ദൈവത്തിന്‍റെ പദ്ധതി പൂര്‍ണമായി മനസ്സിലാകാതിരുന്നപ്പോള്‍ പോലും മറിയം ദൈവത്തെ അനുസരിച്ചു. അവള്‍ നിശബ്ദം ധ്യാനിക്കുകയും ചിന്തിക്കുകയും ആരാധിക്കുകയും ചെയ്തു. കുരിശിന്‍റെ പാദത്തിങ്കലെ സാന്നിദ്ധ്യം മറിയത്തിന്‍റെ സമ്പൂര്‍ണമായ സംലഭ്യതയെ ആണു കാണിക്കുന്നത്. യൗസേപ്പിതാവാകട്ടെ ഒരു വാക്കുപോലും സം സാരിക്കാതെ അനുസരിക്കുന്നതും ദൈവഹിതത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നതുമാണു നാം കാണുന്നത്.

(തിരുക്കുടുംബത്തിരുനാള്‍ ദിനത്തില്‍ സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org