കുടിയേറ്റക്കാര്‍ മനുഷ്യരാണ്, ഒരു സാമൂഹ്യപ്രശ്നമല്ല

കുടിയേറ്റക്കാര്‍ മനുഷ്യരാണ്, ഒരു സാമൂഹ്യപ്രശ്നമല്ല

കുടിയേറ്റക്കാര്‍ മനുഷ്യരാണ്. സ്നേഹിക്കാനും സഹായിക്കാനും ക്രിസ്തു കല്‍പിച്ച മനുഷ്യരില്‍ ഉള്‍പ്പെടുന്നവരാണ്. അവരെ 'അപരന്മാരായി' കാണരുത്. എല്ലാത്തിലുമുപരി അവര്‍ മനുഷ്യരാണ്. ഇന്നത്തെ ആഗോളവത്കൃത സമൂഹത്തില്‍ തിരസ്കരിക്കപ്പെടുന്ന എല്ലാവരുടേയും പ്രതീകവുമാണ്. തങ്ങളെ ബാധിച്ചിരിക്കുന്ന തിന്മകളില്‍നിന്നു സ്വതന്ത്രരാകുന്നതിന് ദൈവത്തിനു മുമ്പില്‍ വിലാപങ്ങളുയര്‍ത്തുന്ന ഏറ്റവും എളിയവരിലേയ്ക്കു പോകുന്നതിനെ കുറിച്ചാണു ഞാന്‍ വിചാരിക്കുന്നത്. മരുഭൂമികളില്‍ മരിക്കാനായി ഉപേക്ഷിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തിരിക്കുന്ന എളിയവര്‍. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കുള്ള ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നവര്‍, കലികൊള്ളുന്ന കടലിന്‍റെ തിരമാലകളെ അഭിമുഖീകരിക്കുന്നവര്‍ എല്ലാവരിലേയ്ക്കും നാം ഇറങ്ങി ചെല്ലേണ്ടതുണ്ട്. സുവിശേഷഭാഗ്യങ്ങളുടെ ചൈതന്യത്തില്‍ നാമവരെ ആശ്വസിപ്പിക്കുകയും അവരോടു കരുണ കാണിക്കുകയും ചെയ്യണം.

ഏറ്റവും എളിയവര്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കേണ്ടതിനെ കുറിച്ച് യേശു തന്‍റെ ശിഷ്യരെ പഠിപ്പിച്ചിട്ടുണ്ട്. ഉപവിപ്രവര്‍ത്തനങ്ങളുടെ മുന്‍നിര അവര്‍ക്കു നല്‍കണം. ലോകം വാഗ്ദാനം ചെയ്യുന്ന സുരക്ഷയ്ക്കു മൂല്യമില്ല. എല്ലാത്തിലുമുപരി ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക. പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ ദൈവമാണ് നമ്മുടെ അഭയവും ശക്തിയും പരിചയും നങ്കൂരവും എന്നതു മറക്കാതിരിക്കുക. ഭൂമിയില്‍ ജീവിക്കുന്നവര്‍ക്കായി സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറക്കാന്‍ കഴിയുന്നത് ദൈവത്തിനു മാത്രമാണ്. ദൈവത്തിനു മാത്രമേ രക്ഷിക്കാനാകൂ. സ്വര്‍ഗവും ഭൂമിയും തമ്മില്‍ യേശുക്രിസ്തുവിലുള്ള ബന്ധത്തെയാണ് യാക്കോബിന്‍റെ ഗോവണിയുടെ ചിത്രം ഓര്‍മ്മിപ്പിക്കുന്നത്. അത് എല്ലാവര്‍ക്കും ലഭ്യവും ഉറപ്പുള്ളതുമാണ്. പക്ഷേ ഈ ഗോവണി കയറാന്‍ പ്രതിബദ്ധതയും പരിശ്രമവും കൃപയും ആവശ്യമാണ്. ദുര്‍ബലരേയും ബലഹീനരേയും അതിനായി മറ്റുള്ളവര്‍ സഹായിക്കുകയും വേണം. എളിയവരേയും മുടന്തുള്ളവരേയും രോഗികളേയും നമ്മുടെ ചിറകുകള്‍ക്കടിയില്‍ സൂക്ഷിക്കുകയാണു കത്തോലിക്കരുടെ ദൗത്യം.

(കുടിയേറ്റക്കാര്‍ വന്നു ചേരുന്ന ഇറ്റാലിയന്‍ ദ്വീപായ ലാംപെദുസായിലേയ്ക്ക് 2013-ല്‍ താന്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ ആറാം വാര്‍ഷികത്തെ അനുസ്മരിച്ചുകൊണ്ട് സെ. പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org