ജ്ഞാനസ്നാന മാതാപിതാക്കളുടെ ഉത്തരവാദിത്വം വലുതാണ്

ജ്ഞാനസ്നാന മാതാപിതാക്കളുടെ ഉത്തരവാദിത്വം വലുതാണ്

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കാ ദേവാലയ അങ്കണത്തില്‍ എല്ലാ ബുധനാഴ്ചയും ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള മതബോധനപരമ്പര അതിന്‍റെ അവസാനഭാഗത്തേക്ക് കടന്നു. ആറ് ആഴ്ചകളിലായാണ് മാമ്മോദീസയെക്കുറിച്ചുള്ള മതബോധനപരമ്പര പാപ്പ നല്‍കിയത്. മാമ്മോദീസയില്‍ ഉപയോഗിക്കുന്ന വിവിധ പ്രതീകങ്ങളിലേക്ക് പാപ്പ വീണ്ടും ശ്രോതാക്കളുടെ ശ്രദ്ധ തിരിച്ചു.

ജ്ഞാനസ്നാനാവസരത്തില്‍ അണിയുന്ന വെള്ള വസ്ത്രവും കത്തിച്ചു പിടിക്കുന്ന തിരിയും വലിയ പ്രതീകാത്മകമായ വിധമാണ് നമ്മള്‍ കുദാശയില്‍ ഉപയോഗിക്കുന്നത്.

വെള്ളവസ്ത്രം ക്രിസ്തുവില്‍ ആരംഭിക്കുന്ന പുതുജീവനെയും സ്വര്‍ഗീയ ജറുസലേമിലെക്കെത്തി അനശ്വരജീവിതം നയിക്കുന്നതുവരെ ജീവിതത്തിലുടനീളം വിശുദ്ധിയിലുള്ള കാത്തുസൂക്ഷിക്കലിന്‍റെയും പ്രതീകമാണ്. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ ക്രിസ്തുവിനെയാണ് ധരിക്കുന്നതെന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ഓര്‍ക്കുക (ഗലാ. 3:27). ക്രിസ്തുവിനെ ധരിക്കുക എന്നു പറയുമ്പോള്‍ പൗലോസ് ശ്ലീഹാ പ്രസ്താവിക്കുന്നതുപോലെ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍. (കൊളോ. 3:12-14) എന്നതാണ് അര്‍ത്ഥമാക്കുന്നത്. എല്ലാ നന്മകളും പ്രത്യേകിച്ച് സഭാമക്കളെന്ന നിലയില്‍ നമ്മളെ കോര്‍ത്തിണക്കുന്ന ഉപവിപ്രവര്‍ത്തികള്‍ അനുഷ്ടിക്കുവാന്‍ മാമ്മോദീസ ശക്തി പകരുന്നു.

കത്തിച്ചുപിടിക്കുന്ന തിരി ക്രിസ്തുവിന്‍റെ പ്രകാശവും അവിടുത്തെ ഊഷ്മളമായ സ്നേഹവുമാണ് പ്രതീകമായി നമ്മളെ ഓര്‍മിപ്പിക്കുന്നത്. എല്ലാത്തിലും ദൈവത്തോട് തുറവിയുള്ളവരാകുവാനും ക്രിസ്തുവിന്‍റെ പ്രകാശത്തില്‍ ആയിരുന്നുകൊണ്ട് ഓരോ നിമിഷവും ദൈവത്തെ മാത്രം തിരഞ്ഞെടുക്കുവാനും ഈ കുദാശസ്വീകരണത്തിലൂടെ ക്രൈസ്തവന് സാധിക്കണം. ജ്ഞാനസ്നാനപ്രാര്‍ത്ഥനകളില്‍ നമ്മള്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും ചൊല്ലുന്നു. അതിലൂടെ ദൈവത്തിന്‍റെ മക്കളുടെ സ്ഥാനത്തേക്കുള്ള വളര്‍ച്ചയെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. സഭാകൂട്ടായ്മയില്‍ വളര്‍ന്ന് സ്വര്‍ഗീയജറുസലേമിലെത്തുന്നതുവരെയുള്ള യാത്രയില്‍ ജ്ഞാനസ്നാനപ്രകാശം നമ്മളെ നയിക്കുന്നു.

ജ്ഞാനസ്നാന മാതാപിതാക്കള്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. ദൈവസന്നിധിയില്‍ അവര്‍ ശിശവിനുവേണ്ടി പ്രതിജ്ഞയെടുക്കുന്നവരാണ്. അത് ക്രൈസ്തവശിക്ഷണത്തില്‍ ഈ ശിശുവിനെ വളര്‍ത്തിക്കൊള്ളാമെന്നുള്ള ഉത്തരവാദിത്വമാണ്. ഈ ശിക്ഷണം ഓരോ കുഞ്ഞിന്‍റെയും അവകാശമാണ്. തന്‍റെ ജീവിതത്തിലു ള്ള ദൈവത്തിന്‍റെ പദ്ധതിയെ വിവേചിച്ചറിയുവാനും അതനുസരിച്ച് ജീവിതത്തെ ക്രിസ്തുവില്‍ ക്രമപ്പെടുത്തുവാനുമുള്ള പരിശീലനം നല്‍കുവാനുമുള്ള വലിയ ഉത്തരവാദിത്വമാണ് ജ്ഞാനസ്നാന മാതാപിതാക്കള്‍ക്കുള്ളത്. ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍ എന്ന അപ്പസ്തോലിക ആഹ്വാനത്തില്‍ മാമ്മോദീസയെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ താന്‍ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.

മാമ്മോദീസയിലൂടെ ലഭിക്കുന്ന കൃപാവരം അനന്തമാണ്. ഈ വരപ്രസാദത്തില്‍ നിലനില്‍ക്കുവാനും ഹൃദയത്തിലേക്ക് സ്വീകരിച്ച പരിശുദ്ധാത്മാവിനാല്‍ ഓരോ നിമിഷവും നയിക്കപ്പെടുവാനും ഏവര്‍ക്കും സാധ്യമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്‍റെ പഠനപരമ്പര അവസാനിപ്പിച്ചത്.

ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപാലനം എന്നിവയില്‍ ഭൗമിക മാതാപിതാക്കള്‍ എടുക്കുന്ന താല്‍പര്യത്തേക്കാളധികമായിരിക്കണം ക്രൈസ്തവശിഷണത്തില്‍ വളര്‍ത്തുവാന്‍ സ്വീകരിക്കേണ്ടത് എന്നതായിരുന്ന പാപ്പയുടെ സന്ദേശത്തിന്‍റെ കാതല്‍. പക്ഷെ മാമ്മൂദീസാ കേവലം ആഘോഷമായി ചുരുങ്ങമ്പോള്‍ സ്വര്‍ണവും ഭക്ഷണവും മറ്റ് ആഡംബരങ്ങളും ഈ തനിമയെ വിഴുങ്ങുന്നുണ്ടോ എന്ന വിചിന്തനം ഈ സന്ദര്‍ഭത്തില്‍ ഉണ്ടാവേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org