മനുഷ്യരെ സഹായിക്കുന്നതിനാവശ്യം അനുകമ്പയാണ്, വിധിയെഴുത്തല്ല

മനുഷ്യരെ സഹായിക്കുന്നതിനാവശ്യം അനുകമ്പയാണ്, വിധിയെഴുത്തല്ല

നിങ്ങള്‍ തെരുവിലൂടെ നടന്നു പോകുമ്പോള്‍ ഭവനരഹിതനായ ഒരു മനുഷ്യന്‍ വഴിയില്‍ കിടക്കുന്നതു കാണുന്നു. ഓ, അയാള്‍ മദ്യപിച്ചു കിടക്കുകയാകും എന്നു കരുതി നിങ്ങള്‍ അയാളെ തിരിഞ്ഞു നോക്കാതെ പോകുകയാണെങ്കില്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ടത് ആ മനുഷ്യന്‍ മദ്യപിച്ചിട്ടുണ്ടാകുമോ എന്നല്ല, മറിച്ച്, നിങ്ങളുടെ ഹൃദയം കഠിനമായിട്ടുണ്ടോ, മഞ്ഞുപോലെ ഉറഞ്ഞു പോയിട്ടുണ്ടോ എന്നാണ്. മനുഷ്യജീവനോടുള്ള കാരുണ്യമാണ് സ്നേഹത്തിന്‍റെ യഥാര്‍ത്ഥ മുഖം. അങ്ങനെയാണ് ഒരാള്‍ യേശുവിന്‍റെ യഥാര്‍ത്ഥ ശിഷ്യനാകുന്നത്.

ബൈബിളിലെ ഏറ്റവും മനോഹരമായ ഉപമകളിലൊന്നാണ് നല്ല സമരിയാക്കാരന്‍റേത്. ഒരു ക്രിസ്ത്യാനി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനു മാതൃക നല്‍കുകയാണത്. സഹായമര്‍ഹിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ട് നിങ്ങളുടെ ഹൃദയം ഉലയുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. നമ്മുടെ ദൈവം കാരുണ്യമുള്ളവനാണ്. നമ്മുടെ വേദനകളേയും പാപങ്ങളേയും ദുരിതങ്ങളേയും അവിടുന്ന് അനുകമ്പയോടെ സമീപിക്കുന്നു.

ഉപമയിലെ സമരിയാക്കാരന്‍ അവിശ്വാസിയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വിശ്വാസമില്ലാത്ത ഒരു മനുഷ്യനെ യേശു മാതൃകയായി ഉപയോഗിക്കുന്നു. കാരണം, തന്‍റെ സഹോദരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെയാണ് തന്‍റെ മുഴുവന്‍ ഹൃദയവും മുഴുവന്‍ ശക്തിയും ഉപയോഗിച്ച് അയാള്‍ സ്നേഹിക്കുന്നത്. ആ ദൈവത്തെ അറിയാതെ തന്നെ!

പിതാവായ ദൈവത്തോടുള്ള സ്നേഹവും സഹോദരങ്ങളോടുള്ള മൂര്‍ത്തമായ ഉദാരസ്നേഹവും തമ്മിലുള്ള അഭേദ്യമായ ബന്ധം മനസ്സിലാക്കാനും അതു ജീവിക്കാനും പരിശുദ്ധ കന്യകാമേരി നമ്മെ സഹായിക്കട്ടെ. അനുകമ്പ ഉള്ളവരാകാനും അനുകമ്പയില്‍ വളരാനും പ. മാതാവ് നമ്മെ സഹായിക്കട്ടെ.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ സുവിശേഷ വിചിന്തനത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org