സ്ഥൈര്യലേപനത്തിലൂടെ ക്രിസ്തുവിന്‍റെ ജീവിതത്തിലും ദൗത്യത്തിലും നമ്മള്‍ ഭാഗഭാക്കുകളാവുന്നു

സ്ഥൈര്യലേപനത്തിലൂടെ ക്രിസ്തുവിന്‍റെ ജീവിതത്തിലും ദൗത്യത്തിലും നമ്മള്‍ ഭാഗഭാക്കുകളാവുന്നു

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ എല്ലാ ബുധനാഴ്ചയും ഒത്തുചേരുന്ന വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഫ്രാന്‍സിസ് പാപ്പ നല്‍കി വരുന്ന ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള മതബോധന പരമ്പര അവസാനിപ്പിച്ചതിനുശേഷം സ്ഥൈര്യലേപനത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് പ്രവേശിച്ചു. സ്ഥൈര്യലേപനത്തിലൂടെ നമ്മിലേക്ക് ദൈവം ചൊരിഞ്ഞ അനന്തകൃപയ്ക്ക് എന്നും ദൈവസന്നിധിയില്‍ നന്ദിയുള്ളവരാവണമെന്നും ആ കൃപാവരത്തിനനുസൃതമായ ജീവിതം നയിക്കുവാനുള്ള പരിശ്രമം ഉണ്ടാവണമെന്നും പാപ്പ ഉത്ബോധിപ്പിച്ചു.

പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്ഥൈര്യലേപനം ഒരുവനെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുന്ന കൂദാശയാണ്. ജ്ഞാനസ്നാനത്തിലൂടെ സ്വീകരിച്ച ദൈവവരപ്രസാദത്തില്‍ സ്ഥിരപ്പെടുത്തുവാനും പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തില്‍ നിറഞ്ഞ് ക്രിസ്തുവിന് സാക്ഷികളാവാനും പുതിയ അഭിഷേകം നല്‍കുന്ന കൂദാശയാണ് സ്ഥൈര്യലേപനം. സ്ഥൈര്യലേപനത്തിലൂടെ നമ്മളെ വിശ്വാസജീവിതത്തില്‍ ബലപ്പെടുത്തുന്ന ദൈവാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൃദയവും ജീവിതവും ഓരോരുത്തരും തുറന്നുകൊടുക്കണം. കാരണം ദൈവാത്മാവിന്‍റെ വരദാനഫലങ്ങളില്‍ നിറയപ്പെടുന്ന മുദ്രയാണ് സ്ഥൈര്യലേപനത്തിലൂടെ ലഭിക്കുന്നത്.

ജ്ഞാനസ്നാനദിവസം ക്രിസ്തുവിന്‍റെ മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്നുവെന്നും പിന്നീടുള്ള നാളുകളിലെല്ലാം ഈ ആത്മാവിന്‍റെ നയിക്കപ്പെടല്‍ യേശുവിനോടൊപ്പം നിരന്തരം ഉണ്ടായിരുന്നുവെന്നും സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കു വാന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നുڈ (ലൂക്കാ 44:18), ക്രിസ്തു തന്‍റെ പരസ്യജീവിതകാലം തുടങ്ങിയത് ഈ പ്രഖ്യാപനത്തിലൂടെയാണ്. യേശുവിന്‍റേതുപോലെതന്നെ ക്രിസ്തുവിന്‍റെ സഭയും സഭയിലെ മക്കളും പരിശുദ്ധാത്മാവിന്‍റെ ഈ നയിക്കപ്പെടലിന് വിധേയമാണ്. അതുകൊണ്ടാണ് "നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍" എന്ന് യേശു ശിഷ്യന്മാരോട് ആഹ്വാനം ചെയ്തത്. പന്തക്കുസ്താദിവസം ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവ് ഇറങ്ങിവന്നു. അവരെല്ലാവരും ദൈവാത്മാവില്‍ നിറഞ്ഞ് പ്രഘോഷിക്കുവാന്‍ തുടങ്ങി (അപ്പ. 2.11).

പരിശുദ്ധാത്മാവ് നിരന്തരം പ്രവര്‍ത്തനനിരതമാണ്. ആത്മാവിനെ സ്വീകരിച്ചവര്‍ക്ക് നിഷ്ക്രിയരായി ഇരിക്കാനാവില്ല. സ്ഥൈര്യലേപനം ആത്മാവിനോടു ചേര്‍ന്ന് പ്രവൃത്തിക്കാനുള്ള കൃപ എല്ലാവര്‍ക്കും നല്‍കുന്നു. ക്രിസ്തുവിന്‍റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശിഷ്യര്‍ ദൈവത്തിന്‍റെ ശക്തമായ പ്രവര്‍ത്തികള്‍ സാക്ഷ്യപ്പെടുത്തി. ദൈവത്തിന്‍റെ ആത്മാവ് നമ്മളെ ക്രിസ്തുവിന്‍റെ ദൗത്യം ഈ ലോകത്തില്‍ തുടരാന്‍ സജ്ജമാക്കുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ ആത്മാവിനോടു ചേര്‍ന്ന് സഭയിലും സമൂഹത്തിലും പ്രേഷിതപ്രവര്‍ത്തനം നടത്തുന്നു. പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കുന്ന പ്രവൃത്തികളില്‍നിന്ന് മാറി ജ്ഞാനസ്നാനത്തിലൂടെ സ്വീകരിച്ച വരപ്രസാദത്തില്‍ നിറഞ്ഞ് ഈ ലോകത്തില്‍ ഫലസമൃദ്ധമായ സമ്പൂര്‍ണജീവിതത്തിന് ഈ കൂദാശ നമ്മളെ പ്രാപ്തരാക്കുന്നു.

പതിവുപോലെ യുവജനങ്ങള്‍ക്കും നവദമ്പതികള്‍ക്കും പ്രത്യേക ആശിര്‍വാദവും രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രാര്‍ത്ഥനയും പാപ്പ നല്‍കി. ചൈനയിലെ സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു. അവര്‍ക്ക് സാര്‍വത്രികസഭയുടെ പ്രാര്‍ത്ഥനയും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org