കൈയിലുളളതെന്തിനെയും ദൈവസ്നേഹം ഫലമണിയിക്കും

കൈയിലുളളതെന്തിനെയും ദൈവസ്നേഹം ഫലമണിയിക്കും

നമ്മുടെ പക്കലുള്ളത് എത്ര നിസ്സാരമായിരുന്നാലും വിട്ടു നല്‍കുമെങ്കില്‍ അതില്‍നിന്നു വലിയ ഫലങ്ങളുളവാക്കാന്‍ ദൈവത്തിന്‍റെ സ്നേഹത്തിനു സാധിക്കും. ദൈവത്തിന്‍റെ സര്‍വശക്തി നിര്‍മ്മിതമായിരിക്കുന്നതു സ്നേഹം കൊണ്ടു മാത്രമാണ്. സ്നേഹത്തിനു നിസ്സാരകാര്യങ്ങളില്‍ നിന്നു വന്‍കാര്യങ്ങള്‍ നേടാനാകും. ദിവ്യകാരുണ്യം ഇതാണു നമ്മെ പഠിപ്പിക്കുന്നത്. കാരണം, ചെറിയൊരു അപ്പക്കഷണത്തില്‍ ദൈവം തന്നെ ഉള്ളടങ്ങിയിരിക്കുന്നതാണല്ലോ ദിവ്യകാരുണ്യം.

'അതെന്‍റെ പ്രശ്നമല്ല,' 'എനിക്കു സമയമില്ല,' 'എനിക്കൊന്നും ചെയ്യാനാവില്ല,' 'ഇതെന്‍റെ കാര്യമല്ല,' എന്നെല്ലാം പറയുന്ന മനോഭാവങ്ങള്‍ക്ക് ഒരു മറുമരുന്നാണു ദിവ്യകാരുണ്യം. മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന ദിവ്യകാരുണ്യം നാം സ്വീകരിക്കുമ്പോള്‍, ദൈവം കാണുന്ന പോലെ കാര്യങ്ങള്‍ കാണുവാന്‍ അതു നമ്മെ സഹായിക്കുന്നു. നമ്മെത്തന്നെ മറ്റുള്ളവര്‍ക്കു നല്‍കാന്‍ അതു നമ്മെ പ്രചോദിപ്പിക്കുന്നു.

ദിവ്യകാരുണ്യം അനുഗ്രഹത്തിന്‍റെ വിദ്യാലയമാണ്. ദിവ്യബലിയിലൂടെ കത്തോലിക്കര്‍ അനുഗൃഹീതരാകുന്നു. അപ്രകാരം അവര്‍ മറ്റുള്ളവര്‍ക്കും അനുഗ്രഹമാകുകയും ലോകത്തിനു നന്മയുടെ ചാലുകളാകുകയും ചെയ്യുന്നു. മനുഷ്യര്‍ ഇന്ന് അനുഗ്രഹത്തിനു പകരം വിദ്വേഷത്തിന്‍റെയും അധിക്ഷേപത്തിന്‍റെയും വാക്കുകള്‍ വളരെ എളുപ്പത്തില്‍ പറയുന്നുവെന്നത് ദുഃഖകരമാണ്. ഇത്തരം പ്രകോപനങ്ങള്‍ നമ്മെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ഇതിന്‍റെ കയ്പ് നമ്മെ കീഴ് പ്പെടുത്താതിരിക്കട്ടെ. കാരണം എല്ലാ മാധുര്യവും ഉള്ളടങ്ങിയിരിക്കുന്ന അപ്പമാണു നാം കഴിക്കുന്നത്.

(വി. കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ റോമിന്‍റെ പ്രാന്തപ്രദേശത്തു തുറന്ന വേദിയില്‍ ദിവ്യബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org