വൈവിദ്ധ്യത്തിലെ ഐക്യം പരിശുദ്ധാത്മാവിന്‍റെ സമ്മാനം

വൈവിദ്ധ്യത്തിലെ ഐക്യം പരിശുദ്ധാത്മാവിന്‍റെ സമ്മാനം

ആദിമസഭയിലെ വൈവിദ്ധ്യങ്ങളുടെയും വംശീയതകളുടേയും നടുവില്‍ ഐക്യം യാഥാര്‍ത്ഥ്യമാക്കിയത് പരിശുദ്ധാത്മാവാണ്. എല്ലാവരും പ്രാഥമികമായി ദൈവത്തിന്‍റെ മക്കളാണ് എന്ന ബോദ്ധ്യം പകര്‍ന്നുകൊണ്ടാണ് പരിശുദ്ധാത്മാവ് അവര്‍ക്കിടയില്‍ ഐക്യം കൊണ്ടുവന്നത്. ആത്മാവിന്‍റെ ദാനങ്ങള്‍ പലതാണെങ്കിലും ആത്മാവ് ഒന്നാണ്. നമുക്കും വൈവിദ്ധ്യങ്ങളുണ്ട്. അഭിപ്രായങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, ഭാവുകത്വങ്ങള്‍ എന്നിവയെല്ലാം വ്യത്യസ്തമാകാം. പക്ഷേ നമ്മുടെ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുത്. ആത്മാവ് അതല്ല ആഗ്രഹിക്കുന്നത്.

നമ്മുടെ വിശ്വാസസംഹിതകളേക്കാളും ധാര്‍മ്മികസിദ്ധാന്തങ്ങളേക്കാളും ഉപരിയായി, നമുക്കൊരു കര്‍ത്താവും ഒരു പിതാവും ആണുള്ളത്. അതുകൊണ്ടാണ് നാം സഹോദരങ്ങളായിരിക്കുന്നത്. ബൃഹദ്ചിത്രത്തിലെ നമ്മുടെയോരോരുത്തരുടേയും സ്ഥാനം പരിശുദ്ധാത്മാവിനറിയാം. കാറ്റിനു ചിതറിച്ചു കളയാനാകുന്ന കടലാസു കഷണങ്ങളല്ല നാം. മറിച്ച് ദൈവത്തിന്‍റെ വര്‍ണചിത്രത്തിലെ പകരം വയ്ക്കാനാകാത്ത ഘടകഭാഗങ്ങളാണ്.

സഭയുടെ പ്രാഥമികമായ ദൗത്യം പ്രഘോഷണമാണ്. അപ്പസ്തോലന്മാര്‍ മാളികമുറികളില്‍ സ്വസ്ഥരായി ഇരിക്കാനല്ല പരിശുദ്ധാത്മാവ് ആഗ്രഹിച്ചത്. അവിടുന്ന് ആ മുറികളുടെ വാതിലുകള്‍ തുറക്കുകയും അവരെ പുറത്തേയ്ക്കു തള്ളി അയക്കുകയും ചെയ്യുന്നു. ഇതുവരെ ചെയ്തതിനും പറഞ്ഞതിനും അപ്പുറത്തേയ്ക്കു കടന്നു പോകാന്‍, ലജ്ജയുടേയും വിശ്വാസ ചാഞ്ചല്യത്തിന്‍റേയും അതിരുകള്‍ കടക്കാന്‍ പരിശുദ്ധാത്മാവ് അവരെ പ്രേരിപ്പിച്ചു.

സ്വാര്‍ത്ഥതയുടെ തളര്‍ച്ചയില്‍ നിന്നു സ്വതന്ത്രരാകാന്‍ പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുക. നന്മ ചെയ്തുകൊണ്ടും സേവനം നല്‍കിക്കൊണ്ടും സ്വയം സമ്മാനങ്ങളായി മാറുക.

(പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ സെ. പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org