ജ്ഞാനസ്നാനം ഒരു മാന്ത്രികവിദ്യയല്ല

ജ്ഞാനസ്നാനം ഒരു മാന്ത്രികവിദ്യയല്ല

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തില്‍ എല്ലാ ബുധനാഴ്ചയും ഒന്നിച്ചുകൂടുന്ന വിശ്വാസസമൂഹത്തിന് ഫ്രാന്‍സിസ് പാപ്പ നടത്തുന്ന തുടര്‍മതബോധനം 'ജ്ഞാനസ്നാനം എന്ന കൂദാശ'യെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള പഠനം തുടരാമെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ പ്രബോധനം തുടങ്ങിയത്. മാമ്മോദീസ വിശ്വാസത്തിന്‍റെ കൂദാശയാണ്. പ്രത്യേകമായ വിധത്തില്‍ വിശ്വാസജീവിതത്തിലേക്കുള്ള പ്രവേശനമാണ് മാമ്മോദീസയിലൂടെ സംഭവിക്കുന്നത്. സ്വീകരിക്കുന്ന വ്യക്തിക്ക് ജന്മപാപത്തില്‍നിന്നുള്ള മോചനം നല്‍കി തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലമായി മാറുവാന്‍ സഹായകരമാവുന്ന വിധത്തില്‍ അഭിഷേകം ചെയ്യുന്നു.

ജ്ഞാനസ്നാനം ഒരു മാന്ത്രികവിദ്യയല്ല, അത് ജീവിതത്തിലുടനീളം തിന്മയുടെ ദുരാത്മാവിനെതിരെ പൊരുതുവാന്‍ ഒരുവനെ പ്രാപ്തനാക്കുന്ന പ്രക്രിയയുടെ തുടക്കമാണ്. കാര്‍മ്മികന്‍ പിശാചിനെയും അവന്‍റെ പ്രവൃത്തികളെയും ഉപേക്ഷിച്ച് ജീവിക്കുവാന്‍ സഹായകരമായ പ്രാര്‍ത്ഥന നയിക്കുന്നു. മാമ്മോദീസയില്‍ തൈലാഭിഷേകം വളരെ പ്രതീകാത്മകമായാണ് ഉപയോഗിക്കുന്നത്. ആദിമനൂറ്റാണ്ടു മുതല്‍ രക്ഷയുടെ അടയാളമായി ക്രൈസ്തവസമൂഹം പ്രതീകാത്മകമായ ഈ പ്രാര്‍ത്ഥനാരീതി അവലംബിച്ചിരുന്നു. മാമ്മോദീസയിലൂടെ ദൈവമക്കളെന്ന നിലയില്‍ ക്രിസ്തുവില്‍ പുനര്‍ജനനത്തിലേക്ക് നമ്മളെതന്നെ ഒരുക്കുകയാണ് ചെയ്യുന്നത്. പാപത്തെ ജയിച്ച് ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാനും ദൈവകൃപയിലായിരിക്കാനുമുള്ള സഹായം പരിശുദ്ധാത്മാവ് ദാനമായി നല്‍കുന്നു.

ഒരുവന്‍ ഒറ്റയ്ക്കല്ല മാമ്മോദീസയ്ക്ക് അണയുന്നത്. മറിച്ച് സഭ മുഴുവന്‍റെയും പ്രാര്‍ത്ഥനയുടെ അകമ്പടിയോടെയാണ്. സഭാമാതാവിന്‍റെ പ്രാര്‍ത്ഥനയുടെ സംഘബലം കൂട്ടിനുണ്ട്. വിശുദ്ധരുടെ ലുത്തിനിയായോടൊപ്പം വ്യക്തിപരമായും സംഘാത്മകവുമായ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ കുഞ്ഞുങ്ങളെ സംരക്ഷണത്തിനായി ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്നു. ദുഷ്ടാരൂപിക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രാര്‍ത്ഥയിലൂടെ സഭാസമൂഹം മുഴുവന്‍ അണിചേരുന്നു. തുടര്‍ന്ന് സഭാസമൂഹം ഒന്നുചേര്‍ന്ന് എല്ലാവര്‍ക്കും വേണ്ടി മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു.

ക്രൈസ്തവജീവിതം ഒരു പോരാട്ടമാണ്. ദുഷ്ടാരൂപിക്കെതിരെയാണ് മത്സരിക്കുന്നത്. വിജയത്തിലൂടെ ദൈവരാജ്യത്തില്‍ നമ്മള്‍ പ്രവേശിക്കുന്നു (മത്താ. 12:28). മാമ്മോദീസ ഒരുവനെ ഈ പോരാട്ടത്തിനായി ഒരുക്കുന്നു. ക്രിസ്തുതന്നെ തന്‍റെ ജീവിതത്തില്‍ പിശാചിനെതിരെ പോരാടിയത് നമ്മള്‍ സുവിശേഷത്തില്‍ വായിക്കുന്നു. ദുഷ്ടശക്തികളുടെ മേലുള്ള ക്രിസ്തുവിന്‍റെ ജയം ഉത്ഥിതനായ കര്‍ത്താവില്‍നിന്ന് (യോഹ. 12: 30-31) തിന്മയുടെ പ്രവൃത്തികള്‍ക്കെതിരെയുള്ള സമരത്തില്‍ മുന്നേറുവാന്‍ നമുക്ക് ശക്തി പകരുന്നു. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാന്‍ എനിക്ക് സാധിക്കും എന്ന് പൗലോസ് ശ്ലീഹായോടൊപ്പം നമുക്കും പറയാന്‍ സാധിക്കും (ഫിലി. 4:13).

ജീവന്‍റെ പുനരുദ്ധാരണത്തിലേക്കും നന്മ നിറഞ്ഞ ജീവിതത്തിലേക്കും അനുധാവനം ചെയ്യുവാന്‍ വിശ്വാസിയെ ഒരുക്കുന്ന ജ്ഞാനസ്നാനമെന്ന കൂദാശയെ ഗൗരവപരമായിതന്നെ നമ്മള്‍ സ്വീകരിക്കണം. വിശ്വാസജീവിതത്തിന്‍റെ ഈ വാതില്‍ (കത്തോലിക്കാസഭയുടെ മതബോധനം ഖണ്ഡിക 1236) ശ്രേഷ്ഠമായി കരുതുവാന്‍ സഭാമക്കളോടൊപ്പം പ്രാര്‍ത്ഥിക്കാം. വിവാഹവസ്ത്രമണിഞ്ഞ് എത്തിച്ചേര്‍ന്ന നവദമ്പതികള്‍ക്കും യുവജനങ്ങള്‍ക്കും പതിവുപോലെ പ്രത്യേകം ആശീര്‍വാദവും സന്ദേശവും നല്‍കിക്കൊണ്ട് പ്രതിവാരകൂടിക്കാഴ്ച സമാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org