ജ്ഞാനസ്നാനപ്പെട്ടവരെല്ലാം ഓരോ മിഷനും മിഷണറിയുമാണ്

ദൈവവുമായുള്ള നമ്മുടെ ബന്ധം വെറും സ്വകാര്യതലത്തില്‍ ഒതുങ്ങുന്നതല്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയിലൂടെ നാം മറ്റു സഹോദരങ്ങളുമായും കൂട്ടായ്മയിലായിരിക്കുന്നു. ഈ ദിവ്യജീവിതം വില്‍പനയ്ക്കുള്ള ഉത്പന്നമല്ല. നാം മറ്റുമതങ്ങളില്‍നിന്ന് വിശ്വാസികളെ മോഷ്ടിച്ചെടുക്കുന്നില്ല. മറിച്ച് മറ്റുള്ളവര്‍ക്കു നല്‍കുകയും പ്രഘോഷിക്കുകയും ചെയ്യാനുള്ള നിധിയാണ് ഈ ദിവ്യജീവിതം. ഇതാണു മിഷന്‍ എന്നതിന്‍റെ അര്‍ത്ഥം.

സഭ ലോകത്തില്‍ മിഷനില്‍ ആയിരിക്കുന്നു. എപ്രകാരമാണു മിഷണറിമാരായിരിക്കേണ്ടതെന്നു വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ദൈവികപുണ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ലോകത്തെ ദൈവത്തിന്‍റെ കണ്ണുകളിലൂടെ നോക്കാന്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു. നാം പങ്കുവയ്ക്കുന്ന ദൈവികജീവിതത്തിന്‍റെ നിത്യചക്രവാളങ്ങള്‍ നമുക്കായി തുറന്നു തരുന്നതു പ്രത്യാശയാണ്. കൂദാശകളിലൂടെയും സാഹോദര്യത്തിലൂടെയും നാമനുഭവിക്കുന്ന ഉപവിയാകട്ടെ ലോകത്തിന്‍റെ അതിരുകളിലേയ്ക്കു പോകാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ദൈവത്തെ പ്രഘോഷിക്കുന്നവന്‍ ദൈവത്തിന്‍റെ മനുഷ്യനാകണം.

മിഷണറിമാരാകാനുള്ള അനുശാസനം നമ്മെ വ്യക്തിപരമായി ബാധിക്കുന്നതാണ്. ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ സ്ത്രീയും പുരുഷനും ഓരോ മിഷനുകളാണ്, മിഷണറിമാരാണ്. കാരണം ഓരോരുത്തരും ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ഫലങ്ങളാണ്. ജ്ഞാനസ്നാനം നമുക്ക് ദൈവത്തിന്‍റെ ച്ഛായയിലും സാദൃശ്യത്തിലുമുള്ള പുനഃജന്മം നല്‍കുന്നു. നമ്മെ ക്രിസ്തുവിന്‍റെ ശരീരത്തിലെ അംഗങ്ങളാക്കുന്നു. ഈയര്‍ത്ഥത്തില്‍ ജ്ഞാനസ്നാനം രക്ഷയ്ക്ക് അത്യാവശ്യമാണ്. കാരണം ജ്ഞാനസ്നാനമാണു നമ്മെ ദൈവത്തിന്‍റെ പുത്രീപുത്രന്മാരാക്കി മാറ്റുന്നത്. ജ്ഞാനസ്നാനത്തിലൂടെ നാം ദൈവത്തിന്‍റെ പിതൃത്വവും സഭയുടെ മാതൃത്വവും സ്വീകരിക്കുന്നു. സഭയെ മാതാവാക്കാത്തയാള്‍ക്കു ദൈവത്തെ പിതാവാക്കാനാകില്ല. അതിനാല്‍ നമ്മുടെ മിഷന്‍ വേരൂന്നിയിരിക്കുന്നത് ദൈവത്തിന്‍റെ പിതൃത്വത്തിലും സഭയുടെ മാതൃത്വത്തിലുമാണ്.

(വരുന്ന ഒക്ടോബര്‍ 20 മിഷന്‍ ദിനമായും ഒക്ടോബര്‍ മിഷന്‍ മാസമായും ആചരിക്കുന്നതിനു മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ നിന്ന്. 'സ്നാനപ്പെട്ട് അയക്കപ്പെട്ടവര്‍: ക്രിസ്തുവിന്‍റെ സഭ ലോകത്തിലെ ദൗത്യത്തില്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org