ജ്ഞാനസ്നാനം ജീവന്‍റെ ഉറവിടമാണ്

ജ്ഞാനസ്നാനം ജീവന്‍റെ ഉറവിടമാണ്

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ എല്ലാ ബുധനാഴ്ചയും നടന്നുവരുന്ന പൊതുപ്രേക്ഷകരുടെ പ്രതിവാരകൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന ജ്ഞാനസ്നാനം എന്ന കൂദാശയെ ആസ്പദമാക്കിയുള്ള മതബോധനം വീണ്ടും തുടര്‍ന്നു. മാമ്മോദീസായില്‍ നമ്മള്‍ ഉപയോഗിക്കുന്ന ചില പ്രതീകങ്ങളും ആചാരങ്ങളും മനസ്സിലാക്കുന്നതിലേക്കാണ് പാപ്പ ഏവരുടേയും ശ്രദ്ധയെ ക്ഷണിച്ചത്. അത് ഈ കൂദാശയെ കൂടുതല്‍ സ്നേഹിക്കുവാനും ഉള്‍ക്കൊള്ളുവാനും സഹായകരമാണ്.

മാമ്മോദീസായില്‍ ഉപയോഗിക്കുന്ന ഓരോ പ്രതീകവും ദൈവവചനാധിഷ്ഠിതമാണ്. കാര്‍മികന്‍ മാമ്മോദീസായില്‍ ജലം വെഞ്ചെരിച്ച് ഉപയോഗിക്കുന്നു. ജലം ജീവന്‍റെയും ക്ഷേമത്തിന്‍റെയും പ്രതീകമാണ്. ജലം പുതുജീവന്‍റെയും സൃഷ്ടിയുടേയും പരിശുദ്ധാത്മാവിന്‍റെയും പ്രതീകവും കൂടിയാണ് (യോഹ. 3:5, തിത്തോസ് 3:5). ജലം നമ്മള്‍ ശുദ്ധീകരണത്തിനും ഉപയോഗിക്കുന്നു. ജലം എന്ന പ്രതീകം ദൈവത്തിന്‍റെ ഇടപെടലുകളുടേയും കൃപയുടേയും അടയാളമായും ബൈബിളില്‍ നാം വായിക്കുന്നു. ജലോപരിതലത്തില്‍ ദൈവത്തിന്‍റെ ആത്മാവ് ചലിച്ചുകൊണ്ടിരുന്നു എന്ന വചനവും (ഉല്‍പ. 1:1-2) നമുക്ക് ഓര്‍മ്മിക്കാം. എന്നാല്‍ ജലം തന്നെ അമിതമായാല്‍ സംഹാരത്തിനും നാശത്തിനും കാരണമാവുന്നു. അതിന്‍റെ അഭാവം ഭൂമുഖത്തുനിന്ന് ജീവനെ തന്നെയും ഇല്ലാതാക്കുന്നു.

മാമ്മോദീസാ നമ്മളെ ഓര്‍മിപ്പിക്കുന്നത് നാം ഓരോരുത്തരും ക്രിസ്തുവില്‍ മരിച്ച് അവനോടൊപ്പം ഉയിര്‍ത്ത് നിത്യതയില്‍ ജീവിക്കുന്നവരാണ് എന്നാണ്. മാമ്മോദീസായിലൂടെ പാപത്തില്‍ നിന്നുള്ള വിടുതലും ക്രിസ്തുവില്‍ പുതുജീവിതവും പരിശുദ്ധാത്മാഭിഷേകത്തിലൂടെ ജീവന്‍റെ ഉറവിടത്തിലേക്കുള്ള പ്രവേശനവും സാധ്യമാവുന്നു. വെള്ളം വെഞ്ചെരിക്കുമ്പോള്‍ ഇസ്രായേല്‍ജനം ചെങ്കടല്‍ കടന്നതും (പുറപ്പാട് 14:15-31) പാപത്തെ ഉപേക്ഷിച്ച് പുതുജീവനിലേക്ക് പ്രവേശിച്ചതും (ഉല്‍പത്തി 7:6-8:22) എല്ലാം നമ്മള്‍ അനുസ്മരിക്കുന്നു. ജലത്താലും ആത്മാവിനാലും ജ്ഞാനസ്നാനം സ്വീകരിച്ച് അനശ്വരജീവിതത്തിന്‍റെ രക്ഷാകരരഹസ്യത്തിലേക്ക് നമ്മള്‍ പ്രവേശിക്കുന്നു. ദുരാത്മാവിന്‍റെ എല്ലാ പ്രവൃത്തികളെയും ഉപേക്ഷിച്ച് ത്രിത്വൈകദൈവത്തിലുള്ള സഭയുടെ വിശ്വാസത്തെ നമ്മള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

ജ്ഞാനസ്നാനം ജീവന്‍റെ ഉറവിടമാണ്. ദൈവാത്മാവില്‍ വീണ്ടും ജനിച്ച് നമ്മള്‍ ദൈവമക്കളായിത്തീര്‍ന്ന് പിതാവായ ദൈവത്തിന്‍റെ അനശ്വരപുത്രനായ ക്രിസ്തുവിനോടൊപ്പം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ബന്ധത്തിലേക്കുള്ള ആദ്യപടിയാണ് മാമ്മോദീസാ. യേശുവിന്‍റെ ജോര്‍ദാനിലെ മാമ്മോദീസായും (മത്തായി 3:13-17) ശിഷ്യരെ ജ്ഞാനസ്നാനപ്പെടുത്തുവിന്‍ എന്ന ആഹ്വാനവും (മത്താ. 28:19) ഇവിടെ നമ്മള്‍ അനുസ്മരിക്കുന്നു.

നമ്മള്‍ ഓരോ പ്രാവശ്യവും ദേവാലയത്തിലേക്ക് പ്രവേശിച്ച് വിശുദ്ധ ജലത്തില്‍ കരങ്ങള്‍ മുക്കി നെറ്റിയില്‍ കുരിശുവരക്കുമ്പോള്‍ നമ്മള്‍ സ്വീകരിച്ച മാമ്മോദീസായെ നന്ദിയോടും ആനന്ദത്തോടെയും ഓര്‍ക്കണം. അതുവഴി മാമ്മോദീസായുടെ ഓര്‍മ്മ നമ്മില്‍ നിരന്തരം നിലനില്‍ക്കുന്ന ശക്തിയായി മാറുന്നു.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന സന്ദര്‍ശകരോടൊപ്പം ഇറ്റലിയിലെ പൊന്തിഫിക്കല്‍ മിഷനറി കോളേജിലെയും പൊന്തിഫിക്കല്‍ സെന്‍റ് ജോസഫ്സ് സ്പാനിഷ് കോളേജിലെയും വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അവരെയും അതോടൊപ്പം അമേരിക്ക, യു.കെ, ഇന്‍ഡ്യ, തായ്ലന്‍റ്, കാനഡാ എന്നിവിടങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരെയും പാപ്പ പ്രത്യേകം അനുസ്മരിച്ചു. ഉത്ഥിതനായ കര്‍ത്താവിന്‍റെ സന്തോഷവും ആശിര്‍വാദവും ഏവര്‍ക്കും നേര്‍ന്നു. എല്ലാവര്‍ക്കും അഭിവാദനവും പ്രാര്‍ത്ഥനയും ആശിര്‍വാദവും നല്‍കികൊണ്ടാണ് കൂടിക്കാഴ്ച അവസാനിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org